ഹൂസ്റ്റൺ സെന്റ് ബേസിൽസ് പള്ളിയിൽ പരിശുദ്ധ യെൽദോ മോർ ബസേലിയോസ് ബാവായുടെ പെരുന്നാൾ

ഹൂസ്റ്റൺ സെന്റ് ബേസിൽസ് പള്ളിയിൽ പരിശുദ്ധ യെൽദോ മോർ ബസേലിയോസ് ബാവായുടെ പെരുന്നാൾ

ഹൂസ്റ്റൺ: മഹാപരിശുദ്ധനായ യെൽദോ മോർ ബസേലിയോസ് ബാവായുടെ നാമത്തിൽ സ്ഥാപിതമായ ഹൂസ്റ്റൺ സെന്റ് ബേസിൽസ് സുറിയാനി പള്ളിയുടെ പ്രധാന പെരുന്നാൾ 2025 ഒക്ടോബർ 4,5 (ശനി, ഞായർ) തീയതികളിൽ പൂർവ്വാധികം ഭംഗിയായി കൊണ്ടാടുന്നു. പുതിയ ദേവാലയത്തിന്റെ കൂദാശയ്ക്കുശേഷം വരുന്ന ആദ്യ പെരുന്നാളാണിത്.

പരിശുദ്ധ അന്ത്യോഖ്യാ സിംഹാസനത്തിൽ നിന്നും മലങ്കരയിലെ സത്യവിശ്വാസം സംരക്ഷിക്കുന്നതിനുവേണ്ടി AD 1685ൽ വാർദ്ധക്യത്തിന്റെ ക്ഷീണം കണക്കാക്കാതെ തന്റെ മക്കളെ തേടി എഴുന്നള്ളി അനേക നാളത്തെ യാത്രകൊണ്ട്, അതിഭയങ്കരമായിരുന്ന ഹൈറേഞ്ചിലെ ഘോര വനങ്ങളിലൂടെ കാട്ടുമൃഗങ്ങളിൽ നിന്ന് അത്ഭുതകരമായി രക്ഷപെട്ട് കാൽനടയായി ആ വന്ദ്യ വയോധികനായ പുണ്യപിതാവ് കോതമംഗലത്ത് എത്തിച്ചേർന്ന് പതിമൂന്നാം ദിവസം (കന്നി 19) ഉച്ചതിരിഞ്ഞ് 3 മണിക്ക് ഈ ലോകത്ത് നിന്ന് യാത്ര പറഞ്ഞ് കർതൃസന്നിധിയിലേക്ക് വാങ്ങിപ്പോയി, കോതമംഗലത്ത് മോർ തോമാശ്ശീഹായുടെ നാമത്തിലുള്ള പരിശുദ്ധ ദേവാലയത്തിൽ കബറടങ്ങി.

ഈവർഷത്തെ പെരുന്നാളിന്റെ പ്രധാന കാർമികൻ നോർത്ത് അമേരിക്കൻ മലങ്കര അതിഭദ്രാസന മെത്രാപ്പോലീത്ത് ആർച്ച് ബിഷപ്പ് അഭിവന്ദ്യ യെൽദോ മോർ തീത്തോസ് തിരുമേനിയാണ്. നാലാം തീയതി ശനിയാഴ്ച സന്ധ്യാപ്രാർത്ഥനയും, വചനശുശ്രൂഷയും തുടർന്ന് തമുക്ക് നേർച്ചയും ഉണ്ടായിരിക്കുന്നതാണ്. അഞ്ചാം തീയതി ഞായറാഴ്ച രാവിലെ 8 മണിക്ക് പ്രഭാത പ്രാർത്ഥനയും തുടർന്ന് അഭിവന്ദ്യ തിരുമേനിയുടെ പ്രധാന കാർമികത്വത്തിൽ വിശുദ്ധ കുർബാനയും നടത്തപ്പെടുന്നു. കുർബാനയോടനുബന്ധിച്ച് പരിശുദ്ധ യൽദോ മോർ ബസേലിയോസ് ബാവായുടെ നാമത്തിൽ മദ്ധ്യസ്ഥ പ്രാർത്ഥനയും ഉണ്ടായിരിക്കുന്നതാണ്. വിശുദ്ധ കുർബാനാനന്തരം പ്രദക്ഷിണം, പാച്ചോർ നേർച്ച, സ്‌നേഹവിരുന്ന് എന്നിവയോടുകൂടി ഈവർഷത്തെ പെരുന്നാൾ സമാപിക്കുന്നതാണ്.

ഈ പെരുന്നാളിൽ നേർച്ച കാഴ്ചകളുമായി വന്ന് സംബന്ധിപ്പാൻ വികാരി റവ.ഫാ. ബിജോ മാത്യു കർതൃനാമത്തിൽ എവരേയും ക്ഷണിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് റവ.ഫാ. ബിജോ മാത്യു (404 702 8284), സെക്രട്ടറി സിമി ജോസഫ് (973 870 1720), ട്രഷറർ തോമസ് വർക്കി (979 329 1446) എന്നിവരുമായി ബന്ധപ്പെടുക.

Report : വർഗീസ് പാലമലയിൽ (അമേരിക്കൻ മലങ്കര അതിഭദ്രാസന പി.ആർ.ഒ)

Feast of His Holiness Yeldo Mor Baselios Bava at St. Basil’s Church in Houston

Share Email
LATEST
Top