ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും അദ്ദേഹത്തിൻ്റെ അന്തരിച്ച അമ്മ ഹീരാബെൻ മോദിയുടെയും എഐ (ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്) നിർമ്മിത വീഡിയോ പ്രചരിപ്പിച്ചതിന് കോൺഗ്രസ് നേതാക്കൾക്കെതിരെ കേസെടുത്തു. ബിജെപി ഡൽഹി തിരഞ്ഞെടുപ്പ് സെൽ കൺവീനറായ സങ്കേത് ഗുപ്തയുടെ പരാതിയെ തുടർന്നാണ് നടപടി.വീഡിയോ പ്രധാനമന്ത്രിയുടെയും അദ്ദേഹത്തിൻ്റെ അന്തരിച്ച അമ്മയുടെയും പ്രതിച്ഛായ തകർക്കുന്നതാണെന്നും, നിയമങ്ങളെയും ധാർമ്മിക മൂല്യങ്ങളെയും സ്ത്രീകളുടെ അന്തസ്സിനെയും ലംഘിക്കുന്നതാണെന്നും പരാതിയിൽ പറയുന്നു.
ബീഹാർ കോൺഗ്രസിൻ്റെ ഔദ്യോഗിക ‘എക്‌സ്’ അക്കൗണ്ടിലൂടെയാണ് വീഡിയോ പ്രചരിപ്പിച്ചത്. വീഡിയോയിൽ, ബീഹാറിലെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളെക്കുറിച്ച് അന്തരിച്ച അമ്മ പ്രധാനമന്ത്രിയെ വിമർശിക്കുന്നതായി കാണാം.അതേസമയം, വീഡിയോയിൽ ആരെയും അപമാനിക്കാൻ ശ്രമിച്ചിട്ടില്ലെന്ന് കോൺഗ്രസ് പ്രതികരിച്ചു. ഒരു അമ്മ മകനെ ശരിയായ കാര്യങ്ങൾ ചെയ്യാൻ ഉപദേശിക്കുകയാണെന്നും, ഇതിൽ ആർക്കാണ് എന്താണ് എതിർപ്പെന്നും കോൺഗ്രസ് മാധ്യമ, പ്രചാരണ വിഭാഗം മേധാവി പവൻ ഖേറ ചോദിച്ചു. ഇത് പ്രധാനമന്ത്രിയോടോ അദ്ദേഹത്തിൻ്റെ അമ്മയോടോ ഉള്ള അനാദരവല്ലെന്നും ഖേറ പറഞ്ഞു.