കൊച്ചി: കേരള പോലീസിനുള്ളിലെ ക്രിമിനൽ പ്രവർത്തനങ്ങൾക്കെതിരെ മുൻ എസ്.എഫ്.ഐ. നേതാവിൻ്റെ വെളിപ്പെടുത്തൽ. 2012 ൽ നടന്ന കസ്റ്റഡി മർദനം വിവരിച്ച് എസ്എഫ്ഐ പത്തനംതിട്ട ജില്ലാ പ്രസിഡന്‍റ് ആയിരുന്ന ജയകൃഷ്ണൻ തണ്ണിത്തോടാണ് ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചത്. ആലപ്പുഴ ഡിവൈഎസ്പിയും കോന്നി മുൻ സിഐയുമായ മധു ബാബുവിനെതിരെയാണ് ജയകൃഷ്ണന്‍ ആരോപണം ഉന്നയിച്ചിരിക്കുന്നത്.
തനിക്ക് നേരെ നടന്ന പോലീസ് അതിക്രമങ്ങൾക്കെതിരെ 14 വർഷമായി നിയമപോരാട്ടം നടത്തുകയാണെന്ന് അദ്ദേഹം പറയുന്നു. യു.ഡി.എഫ്. ഭരണകാലത്ത് കോന്നി സി.ഐ. ആയിരുന്ന മധുബാബു എന്ന ഉദ്യോഗസ്ഥൻ തന്നെ ലോക്കപ്പ് മർദനത്തിനും മൂന്നാംമുറയ്ക്കും വിധേയനാക്കി. കാലിന്റെ വെള്ള അടിച്ച് പൊട്ടിക്കുകയും ചെവിയുടെ ഡയഫ്രം തകർക്കുകയും ചെയ്തതടക്കമുള്ള അതിക്രൂരമായ പീഡനങ്ങൾക്കാണ് താൻ ഇരയായതെന്നും അദ്ദേഹം പറയുന്നു.
തന്റെ രാഷ്ട്രീയ സംഘടനയുടെ സംരക്ഷണമാണ് ജീവൻ നിലനിർത്താൻ സഹായിച്ചത്. ആറു മാസത്തോളം മെഡിക്കൽ കോളേജിൽ ചികിത്സ തേടേണ്ടിവന്നു. നിരവധി കേസുകൾ ചുമത്തി മൂന്നു മാസത്തിൽ അധികം ജയിലിൽ അടച്ചു. എന്നാൽ പിന്നീട് ഈ കേസുകളിലെല്ലാം കോടതി വെറുതെ വിട്ടു.
അന്ന് തുടങ്ങിയ പോരാട്ടം ഇപ്പോഴും തുടരുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. അന്നത്തെ പത്തനംതിട്ട എസ്.പി.യും ഇപ്പോഴത്തെ ഐ.ജി.യുമായ ഹരിശങ്കർ, മധുബാബുവിനെതിരെ അന്വേഷണം നടത്തി ശക്തമായ അച്ചടക്ക നടപടിക്ക് ശുപാർശ ചെയ്തിരുന്നു. പോലീസിന് തന്നെ അപമാനമാണ് ഈ ഉദ്യോഗസ്ഥനെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കിയെങ്കിലും, ആ ശുപാർശ ഇതുവരെ നടപ്പാക്കിയിട്ടില്ല. നിരന്തരം ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടും, ഈ ഉദ്യോഗസ്ഥൻ ഇപ്പോഴും പോലീസ് സേനയിൽ ശക്തമായി തുടരുന്നു. നീതിക്കായി ഹൈക്കോടതിയിൽ കേസ് നടത്താനുള്ള ഒരുക്കത്തിലാണ് താനെന്നും, മരണം വരെയും ഈ പോരാട്ടം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം
മർദ്ദനവും മൂന്നാം മുറയും കാടത്തവും കൊണ്ടുനടക്കുന്ന പൊലീസ് ഓഫീസർമാർ ഇപ്പോഴും കേരള പൊലീസ് സേനയിലെ തലപ്പത്ത് മാന്യൻമാർ ചമഞ്ഞ് നടക്കുന്നു.അല്പം പഴയൊരു കഥ പറയട്ടെ. ….. ഞാൻ sfi ഭാരവാഹി ആയിരിക്കുമ്പോഴാണ് (udf ഭരണകാലത്ത് ) അന്നത്തെ കോന്നി CIമധുബാബു എന്നെ ലോക്കപ്പ് മർദ്ദനത്തിനും മൂന്നാംമുറക്കും വിധേയമാക്കിയത് ഇത് പറഞ്ഞാൽ ഒരു പക്ഷെ പുതിയ തലമുറക്ക് അവിശ്വസനീയമായി തോന്നും….കാലിന്റെ വെള്ള അടിച്ച് പൊട്ടിച്ചു, ചെവിയുടെ ഡയഫ്രം അടിച്ച് പൊട്ടിച്ചു ,കണ്ണിലും ദേഹത്തും മുളക് സ്പ്രേ ചെയ്‌തതടക്കം പറഞ്ഞാൽ 10 പേജിൽ അധികം വരും. ..എന്റെ പാർട്ടിയുടെ സംരക്ഷണമാണ് ഞാൻ ഇന്ന് ജീവിച്ചിരിക്കുന്നത്തിന്റെ കാരണം 6 മാസം ഞാൻ മെഡിക്കൽ കോളേജിൽ ചികിത്സതേടി അന്നത്തെ ഭരണകൂടം എന്നെ 3 മാസത്തിൽ അധികം ജയിലിൽ അടച്ചു.
ഒറ്റ രാത്രി കൊണ്ടാണ് എനിക്കെതിരെ നിരവധി കേസുകൾ എടുത്തത്…എടുത്ത കേസുകൾ എല്ലാം ഇന്ന് വെറുതെ വിട്ടു…ഞാൻ അന്ന് മുതൽ തുടങ്ങിയ പോരാട്ടമാണ് പൊലീസിലെ ക്രിമിനലായ മധുബാബുവിനെതിരെ ….കഴിഞ്ഞ 14 വർഷമായി കേസ് നടത്തുന്നു അന്നത്തെ പത്തനംതിട്ട എസ് പി ഹരിശങ്കർ ഇന്നത്തെ ഐ ജി മാതൃകാപരമായി കേസ് അനേഷിച്ചു കുറ്റക്കാരനായ മധു ബാബുവിനെതിരെ കടുത്ത അച്ചടക്ക നടപടിക്ക് ശുപാർശ ചെയ്തു പൊലീസ് സേനക്ക് തന്നെ മധുബാബു അപമാനം ആണെന്ന് റിപ്പോർട്ടിൽ പറഞ്ഞു എന്നാൽ ആ റിപ്പോർട്ട് ഇതുവരെ നടപ്പിലാക്കിയില്ല ????നിരവധി കേസുകളിൽ ശിക്ഷിച്ച മധുബാബുവിനെ നേരത്തെ തന്നെ സർവീസിൽ നിന്ന് കളയേണ്ടിയിരുന്നു. എന്നാൽ മധു ബാബു ഇന്നും പൊലീസ് സേനയിൽ ശക്തമായി തന്നെ തുടർന്നുപോകുന്നു ഇനി പരാതി പറയാൻ ആളില്ല..എന്തുകൊണ്ടാണ് ഈ റിപ്പോർട്ട് നടപ്പിലാക്കാത്തത്, ആരാണ് ഇതിന്റ പിന്നിൽ എനിക്ക് ഇന്നും ഉത്തരം കിട്ടാത്ത ചോദ്യം.ഞാൻ പോലീസ് ക്രിമിനൽസിനെതിരായ പോരാട്ടം തുടർന്നുകൊണ്ടേയിരിക്കും ഇനി ഹൈകോടതിയിൽ കേസ് നടത്താനുള്ള തയാറെടുപ്പിലാണ് മരണം വരെയും പോരാടും കാശു തന്നാൽ എല്ലാവരെയും വിലക്ക് എടുക്കാൻ കഴിയില്ലെന്ന് ഈ ക്രിമിനൽ പൊലീസുകാർ അറിയണം.