കാഠ്മണ്ഡു: നേപ്പാളിന്റെ ഇടക്കാല പ്രധാനമന്ത്രിയായി മുന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സുശീല കാര്‍ക്കി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ഇന്നു (വെള്ളിയാഴ്ച) രാത്രി ഒമ്പത് മണിക്ക് സത്യപ്രതിജ്ഞ നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
നേപ്പാള്‍ പ്രസിഡന്റ് രാം ചന്ദ്ര പൗദല്‍, സൈനിക മേധാവി അശാക് രാജ് സെഗ്‌ദെല്‍, ജെന്‍ സീ പ്രക്ഷോഭത്തിന്റെ പ്രതിനിധികള്‍ എന്നിവര്‍ ചേര്‍ന്നാണ് സുശീല കാര്‍ക്കിയെ ഇടക്കാല പ്രധാനമന്ത്രിയായി തിരഞ്ഞെടുത്തത്.
അധികാരമേറ്റതിന് ശേഷം സുശീല കാര്‍ക്കര്‍ ഇടക്കാല മന്ത്രിസഭയ്ക്ക് രൂപംകൊടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മന്ത്രിസഭയുടെ ആദ്യയോഗം ഇന്നുരാത്രി തന്നെ നടക്കുമെന്നാണ് വിവരം. യോഗത്തില്‍ നേപ്പാള്‍ പാര്‍ലമെന്റിനെയും പ്രവിശ്യാ സര്‍ക്കാരുകളെയും നിയമസഭകളെയും പിരിച്ചുവിടാനുള്ള തീരുമാനവും കൈക്കൊണ്ടേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
അഴിമതിക്കും സാമൂഹിക മാധ്യമ നിരോധനത്തിനും എതിരെയാണ് നേപ്പാളില്‍ പ്രക്ഷോഭം ആരംഭിച്ചത്. യുവാക്കള്‍ നടത്തിയ പ്രക്ഷോഭത്തിനൊടുവില്‍ നേപ്പാള്‍ സര്‍ക്കാര്‍ അധികാരത്തില്‍ നിന്ന് പുറത്തായിരുന്നു. സംഘര്‍ഷത്തില്‍ നിരവധിപേർ കൊല്ലപ്പെട്ടത്. തുടര്‍ന്ന് ഇടക്കാല സര്‍ക്കാരിന് വേണ്ടിയുള്ള ചര്‍ച്ചകള്‍ രണ്ടുദിവസമായി തുടരുകയായിരുന്നു.
അധികാരമേറ്റാല്‍ രാജ്യത്ത് സമാധാനം പുനഃസ്ഥാപിച്ച് ഒരുവര്‍ഷത്തിനുള്ളില്‍ തിരഞ്ഞെടുപ്പ് നടത്തുമെന്നും പുതിയ സര്‍ക്കാരിന് അധികാരം കൈമാറുമെന്നും സുശീല കാര്‍ക്കി നേരത്തെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
സുശീല കാര്‍ക്കിക്ക് പുറമെ എന്‍ജിനീയര്‍ കുല്‍മന്‍ ഘുല്‍സിങ്, കാഠ്മണ്ഡു മേയര്‍ ബാലേന്ദ്ര ഷാ എന്നിവരുടെ പേരും ഇടക്കാല പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ന്നുകേട്ടിരുന്നു. എന്നാല്‍ ബാലേന്ദ്ര ഷാ ഇടക്കാല പ്രധാനമന്ത്രി സ്ഥാനത്തേക്ക് സുശീല കാര്‍ക്കിയെ പിന്നീട് പിന്തുണച്ചിരുന്നു.
Former Supreme Court Chief Justice Sushila Karki sworn in as Nepal’s interim Prime Minister