അമേരിക്കയിൽ വീണ്ടും ഹെലികോപ്റ്റർ ദുരന്തം, ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്റർ തകർന്ന് വീണു; നാല് സൈനികർ കൊല്ലപ്പെട്ടു

അമേരിക്കയിൽ വീണ്ടും ഹെലികോപ്റ്റർ ദുരന്തം, ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്റർ തകർന്ന് വീണു; നാല് സൈനികർ കൊല്ലപ്പെട്ടു

വാഷിംഗ്ടൺ: തർസ്റ്റൺ കൗണ്ടിക്ക് സമീപം യുഎസ് സൈന്യത്തിന്റെ എംഎച്ച്-60 ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്റർ തകർന്നുവീണ അപകടത്തിൽ നാല് സൈനികർ മരിച്ചതായി സൈന്യം സ്ഥിരീകരിച്ചു. ബുധനാഴ്ച രാത്രി 9 മണിയോടെ ജോയിന്റ് ബേസ് ലൂയിസ്-മകോർഡിൽ നിന്ന് 40 മൈൽ അകലെ ഗ്രാമപ്രദേശത്താണ് അപകടം നടന്നത്. 160-ാമത് സ്പെഷ്യൽ ഓപ്പറേഷൻസ് ഏവിയേഷൻ റെജിമെന്റിലെ ‘നൈറ്റ് സ്റ്റോക്കേഴ്സ്’ അംഗങ്ങളാണ് അപകടത്തിൽപ്പെട്ടതെന്ന് സൈന്യം അറിയിച്ചു.

യുഎസ് ആർമി സ്പെഷ്യൽ ഓപ്പറേഷൻസ് കമാൻഡിന്റെ കീഴിലുള്ള ഈ സൈനികർ പ്രത്യേക ദൗത്യങ്ങളിൽ ഏർപ്പെട്ടിരുന്നവരാണ്. അപകടത്തിന്റെ കാരണം വ്യക്തമല്ലെങ്കിലും, വെള്ളിയാഴ്ച വരെ തിരച്ചിൽ പ്രവർത്തനങ്ങൾ തുടർന്നു. മരിച്ചവരുടെ ഔദ്യോഗിക വിവരങ്ങൾ സൈന്യം ഇതുവരെ പുറത്തുവിട്ടിട്ടില്ല. അപകടത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായും, കൂടുതൽ വിശദാംശങ്ങൾ ഉടൻ ലഭ്യമാകുമെന്നും സൈന്യം അറിയിച്ചു.

യുഎസ് ആർമി സ്പെഷ്യൽ ഓപ്പറേഷൻസ് കമാൻഡിന്റെ കമാൻഡിങ് ജനറൽ ലെഫ്റ്റനന്റ് ജനറൽ ജോനാഥൻ ബ്രാഗ അപകടത്തിൽ ദുഃഖം രേഖപ്പെടുത്തി. “നമ്മുടെ സൈനികരുടെ നഷ്ടം ഏറെ വേദനാജനകമാണ്. അവരുടെ കുടുംബങ്ങൾക്കും സഹപ്രവർത്തകർക്കും ഈ ദുഃഖവേളയിൽ പിന്തുണ നൽകും,” അദ്ദേഹം പറഞ്ഞു. അപകടത്തിന്റെ സാഹചര്യങ്ങൾ വിലയിരുത്തുന്നതിനായി സൈന്യം സമഗ്രമായ അന്വേഷണം നടത്തുമെന്നും, ഇത്തരം സംഭവങ്ങൾ ഭാവിയിൽ ഒഴിവാക്കാൻ നടപടികൾ സ്വീകരിക്കുമെന്നും സൈനിക വൃത്തങ്ങൾ വ്യക്തമാക്കി.

Share Email
Top