ഫ്രഞ്ച് പ്രധാനമന്ത്രിക്ക് വിശ്വാസ വോട്ടെടുപ്പിൽ തിരിച്ചടി; ബെയ്‌റോ രാജി വെച്ചു; പ്രസിഡന്റ് മാക്രോണിന്റെ രാജിക്കായും മുറവിളി

ഫ്രഞ്ച് പ്രധാനമന്ത്രിക്ക് വിശ്വാസ വോട്ടെടുപ്പിൽ തിരിച്ചടി;  ബെയ്‌റോ രാജി വെച്ചു; പ്രസിഡന്റ് മാക്രോണിന്റെ രാജിക്കായും മുറവിളി

പാരിസ്: ഫ്രഞ്ച് പ്രധാനമന്ത്രി ഫ്രാങ്കോയിസ് ബെയ്‌റോ വിശ്വാസവോട്ടെടുപ്പിൽ പരാജയപ്പെട്ടതിനെ തുടർന്ന് രാജിവെച്ചു. 194-നെതിരെ 364 വോട്ടുകൾക്കാണ് പ്രമേയം പാസായത്. ഇതോടെ, പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന് പുതിയ പ്രധാനമന്ത്രിയെ കണ്ടെത്തേണ്ടിവരും.

കഷ്ടിച്ച് ഒമ്പത് മാസം മാത്രം അധികാരത്തിലിരുന്ന ബെയ്‌റോ, ഫ്രാൻസിന്റെ വർധിച്ചുവരുന്ന കടബാധ്യത പരിഹരിക്കാൻ പൊതുജനക്ഷേമ പദ്ധതികൾക്കുള്ള ഫണ്ട് വെട്ടിക്കുറയ്ക്കാൻ തീരുമാനിച്ചത് തിരിച്ചടിയായി. ഈ നയത്തിന് പാർലമെന്റിന്റെ പിന്തുണ തേടിയുള്ള അദ്ദേഹത്തിന്റെ നീക്കം പരാജയപ്പെടുകയായിരുന്നു.

ചുരുങ്ങിയ കാലയളവിനുള്ളിൽ ഫ്രാൻസിൽ പ്രധാനമന്ത്രി മാറുന്നത് ഇത് മൂന്നാം തവണയാണ്. 2017-ൽ മാക്രോൺ പ്രസിഡന്റായി ചുമതലയേറ്റ ശേഷം സ്ഥാനമൊഴിയുന്ന ആറാമത്തെ പ്രധാനമന്ത്രിയാണ് ബെയ്‌റോ. ഈ രാഷ്ട്രീയ പ്രതിസന്ധി ഫ്രാൻസിന്റെ സാമ്പത്തിക മേഖലയിലും ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. യൂറോപ്യൻ യൂണിയനിൽ ഏറ്റവും ഉയർന്ന ജി.ഡി.പി. കമ്മി നേരിടുന്ന രാജ്യങ്ങളിലൊന്നാണ് ഫ്രാൻസ്.

കഴിഞ്ഞ വർഷം നടന്ന യൂറോപ്യൻ പാർലമെന്റ് തിരഞ്ഞെടുപ്പിൽ തീവ്ര വലതുപക്ഷ പാർട്ടിയായ നാഷണൽ റാലി നേടിയ വിജയം മാക്രോണിനെ പൊതുതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ പ്രേരിപ്പിച്ചിരുന്നു. എന്നാൽ, ഈ തിരഞ്ഞെടുപ്പിൽ മാക്രോണിന്റെ പാർട്ടിക്ക് സീറ്റുകൾ നഷ്ടപ്പെടുകയും തീവ്ര വലതുപക്ഷത്തിനും തീവ്ര ഇടതുപക്ഷത്തിനും കൂടുതൽ മുന്നേറ്റമുണ്ടാക്കാനും സാധിച്ചത് രാഷ്ട്രീയ അസ്ഥിരതയ്ക്ക് വഴിയൊരുക്കി.

വിശ്വാസവോട്ടെടുപ്പിന് മുമ്പ് രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് ബെയ്‌റോ നൽകിയ മുന്നറിയിപ്പ് പാർലമെന്റ് തള്ളിയിരുന്നു. “നിങ്ങൾക്ക് സർക്കാരിനെ താഴെയിറക്കാൻ കഴിഞ്ഞേക്കാം, പക്ഷേ യാഥാർത്ഥ്യത്തെ മായ്ക്കാൻ കഴിയില്ല. ചെലവുകൾ വർദ്ധിച്ചുകൊണ്ടിരിക്കും, താങ്ങാനാവാത്ത കടത്തിന്റെ ഭാരം കൂടുതൽ ഭാരമേറിയതും ചെലവേറിയതുമായി മാറും,” എന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. അദ്ദേഹത്തിന്റെ രാജിക്ക് പിന്നാലെ, തീവ്ര ഇടതുപക്ഷം പ്രസിഡന്റ് മാക്രോണിന്റെ രാജിയും ആവശ്യപ്പെട്ടിട്ടുണ്ട്.

French Prime Minister suffers setback in confidence vote; Bayrou resigns; calls for President Macron’s resignation

Share Email
Top