തിരുവനന്തപുരം: ജര്‍മ്മന്‍ പാര്‍ലമെന്‍റ് പ്രവര്‍ത്തനത്തെക്കുറിച്ച് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കുന്നതിനായിജര്‍മ്മന്‍ സാംസ്കാരിക കേന്ദ്രമായ ഗൊയ്ഥെ സെന്‍ട്രമാണ് ‘മോഡല്‍ ജര്‍മ്മന്‍ പാര്‍ലമെന്‍റ്’ സംഘടിപ്പിച്ചത്. സoസ്ഥാ നത്തെ തിരഞ്ഞെടുക്കപ്പെട്ട സ്കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ പരിപാടിയില്‍ പങ്കെടുത്തു.
ലെകോള്‍ ചെമ്പക ഇന്‍റര്‍നാഷണല്‍ സ്കൂളിലെ സുല്‍ത്താന്‍ നെഹാന്‍ മൗലാന മികച്ച ഡെലിഗേറ്റ് ആയും സെന്‍റ് തോമസ് സെന്‍ട്രല്‍ സ്കൂളിലെ ആലാപ് പാര്‍ത്തേ മികച്ച ലീഡറായും തെരഞ്ഞെടുക്കപ്പെട്ടു. വിശ്വജ്യോതി പബ്ലിക് സ്കൂളിലെ മെഹ്റിന്‍ ഖുല്‍സും ഹൈ കമന്‍ഡേഷന്‍ നേടി. സര്‍വോദയ വിദ്യാലയത്തിലെ ബി അനന്തപത്മനാഭനാണ് ഏറ്റവും സ്വാധീനമുള്ള പ്രഭാഷകന്‍. മികച്ച ഫോട്ടോ ജേര്‍ണലിസ്റ്റ് ആയി ലയോളയിലെ അക്ഷയ് ജോര്‍ജ് സാമിനെയും മികച്ച പത്രപ്രവര്‍ത്തകയായി ഗുഡ് ഷെപ്പേര്‍ഡിലെ വാണി ബൈജുവിനെയും തെരഞ്ഞെടുക്കപ്പെട്ടു. ഈ വിദ്യാര്‍ഥികള്‍ക്ക് ജര്‍മ്മന്‍ പാര്‍ലമെന്‍റ് സന്ദര്‍ശിക്കാന്‍ അവസരം ലഭിക്കും.
ക്രൈസ്റ്റ് നഗര്‍ ഇന്‍റര്‍നാഷണലിലെ സമൃദ്ധി സമ്പത്ത്, സര്‍വോദയ വിദ്യാലയയിലെ സാകാശ് നായര്‍, ക്രൈസ്റ്റ് നഗറിലെ അപൂര്‍വ ഡി പ്രവീണ്‍ എന്നിവര്‍ ഓണററി പരാമര്‍ശം നേടി. സെന്‍റ് തോമസ് സെന്‍ട്രല്‍ സ്കൂളിലെ ദിയ ശ്രീകുമാര്‍, ക്രൈസ്റ്റ് നഗര്‍ ഐ.സി.എസ്.ഇയിലെ അദ്വൈത് നായര്‍ എന്നിവര്‍ പ്രത്യേക പരാമര്‍ശവും ഭവന്‍സ് വിദ്യാ മന്ദിറിലെ ഹരിണി ആര്‍ ഗിരീഷ്, ഭാരതീയ വിദ്യാഭവനിലെ ഇന്ദുലേഖ മേനാച്ചേരില്‍ എന്നിവര്‍ പരാമര്‍ശവും നേടി.
മോഡല്‍ ജര്‍മ്മന്‍ പാര്‍ലമെന്‍റിലൂടെ ജര്‍മ്മനിയിലെ ഇരട്ട ബാലറ്റ് സംവിധാനം, ബഹുകക്ഷിപാര്‍ട്ടി ജനാധിപത്യം തുടങ്ങിയവയെക്കുറിച്ച് മനസ്സിലാക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്കായി. ജര്‍മ്മന്‍ പാര്‍ലമെന്‍റായ ബുണ്ടെസ്റ്റാഗിന്‍റെ മാതൃക സ്കൂളില്‍ സൃഷ്ടിച്ചു. പരിപാടിയില്‍ പാര്‍ലമെന്‍റ് അംഗങ്ങളുടേയും പാര്‍ട്ടി നേതാക്കളുടെയും നയരൂപകര്‍ത്താക്കളുടെയും ചുമതലകള്‍ വിദ്യാര്‍ത്ഥികള്‍ ഏറ്റെടുത്തു. ചാന്‍സലറെ തിരഞ്ഞെടുക്കുന്നതുള്‍പ്പെടെയുള്ള ജര്‍മ്മന്‍ പാര്‍ലമെന്‍റ് നടപടിക്രമങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ ഭാഗമായി. ‘ജര്‍മ്മനിയുടെ മുന്നോട്ടുള്ള പാത: അഭയാര്‍ത്ഥി സംരക്ഷണവും കുടിയേറ്റ സംയോജനവും സന്തുലിതമാക്കല്‍’ എന്നതായിരുന്നു മോഡല്‍ പാര്‍ലമെന്‍റിന്‍റെ അജണ്ട.
ഓരോ സ്കൂളില്‍ നിന്നും നാല് പ്രതിനിധികള്‍ക്ക് പുറമെ റിപ്പോര്‍ട്ടര്‍, ഫോട്ടോ ജേണലിസ്റ്റ് എന്നിവരുള്‍പ്പെടെ ആറ് വിദ്യാര്‍ത്ഥികളാണ് പരിപാടിയില്‍ പങ്കെടുത്തത്. മാധ്യമപ്രവര്‍ത്തകരായി പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ പാര്‍ലമെന്‍റ് റിപ്പോര്‍ട്ടിംഗ്, സംക്ഷിപ്ത വിവരണം, അഭിമുഖങ്ങള്‍ എന്നിവ നടത്തി.
ക്രൈസ്റ്റ് നഗര്‍ ഇന്‍റര്‍നാഷണല്‍, ഗുഡ് ഷെപ്പേര്‍ഡ്, സര്‍വോദയ ഐഎസിഎസ്ഇ, ഭാരതീയ വിദ്യാഭവന്‍, ലയോള, ക്രൈസ്റ്റ് നഗര്‍ ഇഎച്ച്എസ്എസ്, ഓക്സ്ഫോര്‍ഡ് സ്കൂള്‍, ട്രിവാന്‍ഡ്രം ഇന്‍റര്‍നാഷണല്‍, ലെകോള്‍ ചെമ്പക ഐസിഎസ്ഇ, ലെകോള്‍ ചെമ്പക ഇന്‍റര്‍നാഷണല്‍, വിമല ഹൃദയ ഐഎസ് സി, ക്രൈസ്റ്റ് നഗര്‍ മാറനല്ലൂര്‍, പട്ടം ഗവ. മോഡല്‍ ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍, സെന്‍റ് തോമസ് സെന്‍ട്രല്‍ സ്കൂള്‍ എല്‍എംഎസ്, ക്രൈസ്റ്റ് നഗര്‍ ഐസിഎസ്ഇ ഗേള്‍സ് ഹയര്‍സെക്കന്‍ഡറി, ഭവന്‍സ് എളമക്കര, വിശ്വജ്യോതി എന്നീ സ്കൂളുകളാണ് പരിപാടിയില്‍ പങ്കെടുത്തത്.
പേയാട് ഗ്രീന്‍ വാലി ഇന്‍റര്‍നാഷണല്‍ സ്കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിയും ഗൊയ്ഥെ-സെന്‍ട്രത്തിലെ ബി1 വിദ്യാര്‍ത്ഥിയുമായ ആദിത്യ സുന്ദരേശനാണ് ഈ ആശയത്തിനു പിന്നില്‍. അക്കാദമിക് സംരംഭങ്ങള്‍ സംഘടിപ്പിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തിലുള്ള സംരംഭമായ ടീം ഇഗ്നൈറ്റും പരിപാടിയില്‍ പങ്കാളിയായി.
Goethe Zentrum organizes ‘Model German Parliament’ for students













