തിരുവനന്തപുരം: സ്വര്‍ണ്ണപീഠം എങ്ങനെ ശബരിമലയില്‍ നിന്ന് കാണാതായിയെന്ന് വ്യക്തമാക്കേണ്ടത് സര്‍ക്കാരും ദേവസ്വം ബോര്‍ഡുമാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം രമേശ് ചെന്നിത്തല. ഒരു ഭക്തന്‍ സമര്‍പ്പിക്കുന്ന സ്വര്‍ണ്ണപീഠമാണെങ്കിലും ഏതെങ്കിലും വസ്തുക്കളാണെങ്കിലും അത് സൂക്ഷിക്കേണ്ട ഉത്തരവാദിത്വം ദേവസ്വം ബോര്‍ഡിനാണ്. ശബരിമലയില്‍ സമര്‍പ്പിച്ച സ്വര്‍ണ്ണപീഠം അവിടെനിന്ന് ആര് കൊണ്ടുപോയിയെന്നതാണ് പ്രധാനപ്പെട്ട കാര്യം. സമര്‍പ്പിച്ച ആള് കൊണ്ടുപോയോ മറ്റേ ആരെങ്കിലും കൊണ്ടുപോയോ എന്നുള്ള അത് അതിന്റെ ഉത്തരവാദിത്വം ആര്‍ക്കാണ്? ദേവസ്വം ബോര്‍ഡിനു തന്നെയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
സ്വര്‍ണ്ണപീഠം ദേവസ്വം ബോര്‍ഡ് വിജിലന്‍സ് കണ്ടെത്തിയത് കൊണ്ടായില്ല. ഇത് ആര് കൊണ്ടുപോയി? അത് അവിടുന്ന് പോകാനുണ്ടായ സാഹചര്യം എങ്ങനെ? അതിന് ദേവസ്വം ബോര്‍ഡിന് ഉത്തരം പറയേണ്ടിവരും. അയ്യപ്പസംഗമം നടക്കുന്നതിന് അഞ്ചുദിവസം മുന്നെയാണ് ഇത്തരം ഒരു ആരോപണം വരുന്നതെന്നാണ് ദേവസ്വം ബോര്‍ഡും മന്ത്രിയും പറയുന്നത്. സ്വര്‍ണ്ണപീഠം കാണുന്നില്ലെന്ന് പറഞ്ഞ സ്‌പോണ്‍സറുടെ അയാളുടെ ബന്ധുവിന്റെ വീട്ടില്‍ നിന്നാണ് ഇത് കണ്ടുകിട്ടുന്നത്. അതില്‍ പ്രതിപക്ഷത്തിന് എന്ത് ഗൂഢാലോചനയാണുള്ളതെന്ന് മന്ത്രിയും ദേവസ്വം ബോര്‍ഡും മറുപടി പറയണം. ദേവസ്വം ബോര്‍ഡിന്റെ നിരുത്തരാവദിത്തവും സൂക്ഷമതക്കുറവുമാണ് സ്വര്‍ണ്ണപീഠം നഷ്ടപ്പെടാന്‍ കാരണം.
ഇതിനകത്തെ കള്ളക്കളി വലിയ താമസമില്ലാതെ പുറത്തുവരുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.