സാധാരണക്കാരന് ആശ്വാസം, ജിഎസ്ടി സ്ലാബ് രണ്ടായി കുറയുമ്പോൾ വില കുറയുന്ന സാധനങ്ങൾ അറിയാം

സാധാരണക്കാരന് ആശ്വാസം, ജിഎസ്ടി സ്ലാബ് രണ്ടായി കുറയുമ്പോൾ വില കുറയുന്ന സാധനങ്ങൾ അറിയാം

ഡൽഹി: ജിഎസ്ടി നിരക്കുകൾ രണ്ട് സ്ലാബുകളായി ചുരുക്കാൻ ജിഎസ്ടി കൗൺസിൽ തീരുമാനം ആയിരിക്കുകയാണ്. 5%, 18% എന്നീ രണ്ട് പ്രധാന നികുതി നിരക്കുകളാണ് ഇനിമുതൽ നിലവിലുണ്ടാവുക. നിലവിലെ 12%, 28% സ്ലാബുകൾ ഒഴിവാക്കും. പകരം, മിക്ക ഉത്പന്നങ്ങളും സേവനങ്ങളും 5% അല്ലെങ്കിൽ 18% നികുതി സ്ലാബുകളിലേക്ക് മാറ്റും. സാധാരണക്കാരായ ജനങ്ങളെ മുൻനിർത്തിയുള്ളതാണ് ഈ മാറ്റങ്ങളെന്നാണ് ധനമന്ത്രി നിർമ്മല സീതാരാമൻ പ്രഖ്യാപിച്ചത്. സെപ്റ്റംബർ 22 മുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വരും.

സാധനങ്ങൾക്ക് വില കുറയും: സാധാരണക്കാരുടെ നിത്യോപയോഗ സാധനങ്ങളായ ടൂത്ത്പേസ്റ്റ്, സോപ്പ്, ടൂത്ത് ബ്രഷ്, ഹെയർ ഓയിൽ തുടങ്ങിയവ ഇനി 5% ജിഎസ്ടി സ്ലാബിൽ ഉൾപ്പെടും. 2500 രൂപ വരെ വിലയുള്ള വസ്ത്രങ്ങൾക്കും ചെരുപ്പുകൾക്കും നികുതി 5 ശതമാനമായി കുറയും. കൂടാതെ, പനീർ, വെണ്ണ, ചപ്പാത്തി, ജീവൻരക്ഷാ മരുന്നുകൾ എന്നിവയെ ജിഎസ്ടിയിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കി.

അഞ്ച് ശതമാനം നികുതി: നിത്യോപയോഗ സാധനങ്ങൾ, 2500 രൂപ വരെ വിലയുള്ള വസ്ത്രങ്ങൾ, ഗ്ലൂക്കോ മീറ്റർ, കണ്ണാടി, സോളാർ പാനലുകൾ എന്നിവ ഈ സ്ലാബിൽ വരും.

പതിനെട്ട് ശതമാനം നികുതി: ടി.വി., സിമന്റ്, മാർബിൾ, ഗ്രാനൈറ്റ്, ഓട്ടോ പാർട്സ്, മൂന്ന് ചക്ര വാഹനങ്ങൾ, രാസവളം, കീടനാശിനികൾ എന്നിവയ്ക്ക് 18% നികുതിയായിരിക്കും. 350 സി.സി.യിൽ താഴെയുള്ള ചെറിയ കാറുകൾക്കും മോട്ടോർ സൈക്കിളുകൾക്കും നികുതി 28-ൽ നിന്ന് 18 ശതമാനമായി കുറയും.

വ്യക്തിഗത ലൈഫ് ഇൻഷുറൻസ്, ആരോഗ്യ ഇൻഷുറൻസ് എന്നിവയെ ജിഎസ്ടിയിൽ നിന്ന് ഒഴിവാക്കി. പാൻ മസാല, സിഗരറ്റ് എന്നിവയുടെ വില കൂടും. ഇവയ്ക്കുള്ള നഷ്ടപരിഹാര സെസ്സ് തത്കാലം തുടരും. ആഡംബര വസ്തുക്കൾ, പുകയില, സോഡ, 50 ലക്ഷത്തിന് മുകളിൽ വിലയുള്ള ആഡംബര കാറുകൾ തുടങ്ങിയവയ്ക്ക് 40% എന്ന പ്രത്യേക നികുതി നിരക്ക് ഏർപ്പെടുത്തും.

Share Email
LATEST
More Articles
Top