ഡൽഹി: ജിഎസ്ടി പരിഷ്കരണത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജിഎസ്ടി ഇളവുകൾ ജനങ്ങൾക്ക് നേട്ടമാകുമെന്നും പുതിയ പരിഷ്കാരം സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഒരുവശത്ത് സാധാരണക്കാർക്ക് നേട്ടമാകുമ്പോൾ മറുവശത്ത് സമ്പദ് വ്യവസ്ഥ ശക്തിപ്പെടും. സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും വലിയ സാമ്പത്തിക പരിഷ്കാരങ്ങളിലൊന്നാണ് ജിഎസ്ടിയെന്നും മോദി പറഞ്ഞു.
ജിഎസ്‌ടി പരിഷ്കരണത്തെ ആവോളം അഭിനന്ദിച്ച് കോൺഗ്രസിനെ കടന്നാക്രമിച്ചുകൊണ്ടായിരുന്നു മോദിയുടെ പ്രസ്താവന. കോൺഗ്രസ് നിത്യോപയോഗ സാധനങ്ങൾക്കും, ഭക്ഷണം, മരുന്ന് എന്നിവയ്ക്ക് പോലും നികുതി ചുമത്തിയിട്ടുണ്ടെന്നായിരുന്നു മോദിയുടെ പക്ഷം. മധ്യവർഗത്തെ ദ്രോഹിക്കുന്ന സമീപനമായിരുന്നു യുപിഎ സർക്കാർ സ്വീകരിച്ചത്. കുട്ടികളുടെ മിഠായിക്ക് പോലും കോൺഗ്രസ് നികുതി ഏർപ്പെടുത്തിയിരുന്നുവെന്നും പ്രധാനമന്ത്രി വിമർശിച്ചു.
“അടുക്കള പാത്രങ്ങളോ കാർഷിക വസ്തുക്കളോ മരുന്നുകളോ ലൈഫ് ഇൻഷുറൻസോ ആകട്ടെ,2014-ൽ ഞാൻ വരുന്നതിന് മുമ്പ് കോൺഗ്രസ് സർക്കാർ ഇവയ്ക്കെല്ലാം വ്യത്യസ്ത നികുതികൾ ഈടാക്കിയിരുന്നു. ടൂത്ത് പേസ്റ്റ്, സോപ്പ്, ഹെയർ ഓയിൽ – ഇവയ്ക്ക് 27% നികുതി. ഭക്ഷണ പ്ലേറ്റുകൾ, കപ്പ് പ്ലേറ്റുകൾ, സ്പൂണുകൾ എന്നിവയ്ക്ക് 18 മുതൽ 28 ശതമാനം വരെ നികുതി. കുട്ടികളുടെ മിഠായിക്ക് വരെ 21% നികുതി ഈടാക്കുന്ന വ്യവസ്ഥയായിരുന്നു കോൺഗ്രസ്സുകാർക്ക്,” മോദി വിമർശിച്ചു.
ബിഹാർ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് കേന്ദ്രത്തിൻ്റെ പെട്ടെന്നുള്ള നീക്കമെന്ന് കോൺഗ്രസ് വിമർശിച്ചിരുന്നു. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഏർപ്പെടുത്തിയ 50 ശതമാനം താരിഫ് ഉൾപ്പെടെ നിരവധി വിഷയങ്ങളാണ് പെട്ടെന്നുള്ള നികുതി ഇളവിന് പിന്നിലെന്നും പ്രതിപക്ഷം ആരോപണം ഉന്നയിച്ചിരുന്നു.