തിരുവനന്തപുരം: ഇന്നു നടപ്പില്‍ വരുന്ന പുതിയ ജിഎസ് ടി ഇളവിന്റെ ഗുണം നേരിട്ട് ഉപഭോക്താക്കളിലേക്ക് എത്തിച്ച് മില്‍മ. മില്‍മയുടെ ജനകീയമായ പാലുത്പന്നങ്ങളുടെ വില കുറച്ചാണ് ജനങ്ങളിലേക്ക് ഈ ആനുകൂല്യം എത്തിക്കുന്നത്. ഇതോടെ നെയ്യ്, വെണ്ണ, പനീര്‍, ഐസ്‌ക്രീം തുടങ്ങി നൂറിലധികം ഉത്പന്നങ്ങളുടെ വില കുറയും.
മില്‍മയുടെ നെയ്യ് ഒരു ലിറ്ററിന് 45 രൂപ കുറയും. നിലവിലെ 720 രൂപയില്‍ നിന്ന് 675 രൂപയായാണ് കുറയുന്നത്. 370 രൂപയുണ്ടായിരുന്ന അര ലിറ്റര്‍ നെയ്യ് 25 രൂപ കുറവില്‍ 345 രൂപയ്ക്ക് ലഭിക്കും. നെയ്യുടെ ജിഎസ് ടി 12 ശതമാനത്തില്‍ നിന്ന് അഞ്ചു ശതമാനമായി കുറഞ്ഞതിന്റെ ഗുണമാണ് മില്‍മ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്.
240 രൂപയുണ്ടായിരുന്ന 400 ഗ്രാം വെണ്ണ 15 രൂപ കുറഞ്ഞ് ഇനിമുതല്‍ 225 രൂപയ്ക്ക് ലഭിക്കും. 500 ഗ്രാം പനീറിന്റെ വില 245 രൂപയില്‍ നിന്ന് 234 രൂപയായി കുറയും 11 രൂപയുടെ കുറവ് ഉപഭോക്താക്കള്‍ക്ക് ലഭിക്കും.
വാനില ഐസ്‌ക്രീമിന്റെ വില220 രൂപയില്‍ നിന്നും 196 രൂപയായി കുറച്ചിട്ടുണ്ട്. വിലക്കുറവ് പ്രാബല്യത്തില്‍ വരുന്നതോടെ നെയ്യ്, വെണ്ണ, പനീര്‍ എന്നിവയുടെ വിലയില്‍ ഏഴ് ശതമാനത്തോളം കുറവ് വരും. ഐസ്‌ക്രീമിന് 12 മുതല്‍ 13 ശതമാനം വരെ വിലക്കുറവ് ഉണ്ടാകും.
ഫ്‌ളേവേര്‍ഡ് പാലിന്റെ നികുതിയും 12 ശതമാനത്തില്‍ നിന്ന് അഞ്ച് ശതമാനമായി കുറഞ്ഞിട്ടുണ്ട് . അഞ്ച് ശതമാനം ഉണ്ടായിരുന്ന യുച്ച്ടി പാലിന്റെ ജിഎസ് ടിയും ഒഴിവാക്കിയിട്ടുണ്ട്.. മില്‍മയുടെ പായസം മിക്‌സിന്റെ ജിഎസ് ടി 18 ശതമാനത്തില്‍ നിന്ന് അഞ്ചാക്കി കുറച്ചിട്ടുണ്ട്. പായ്ക്ക് ചെയ്ത ജ്യൂസുള്‍ക്കും ഈ ഇളവ് ലഭ്യമാണന്നു മില്‍മ അധികൃതര്‍ അറിയിച്ചു.
GST relief: Milma reduces prices of ghee, paneer and ice cream; prices of over 100 Milma products to be reduced












