കൊച്ചി: പെട്രോൾ പമ്പുകളിലെ ശൗചാലയ ഉപയോഗവുമായി ബന്ധപ്പെട്ട് പെട്രോൾ പമ്പ് ഉടമകൾക്ക് ഹൈക്കോടതിയിൽ നിന്ന് വീണ്ടും തിരിച്ചടി. ദേശീയപാതയിലെ ദീർഘദൂര യാത്രക്കാർക്കും ഉപഭോക്താക്കൾക്കും 24 മണിക്കൂറും ടോയ്‌ലറ്റ് സൗകര്യം ഉറപ്പാക്കണമെന്ന് ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് വിധിച്ചു. പെട്രോൾ പമ്പ് ഉടമകൾ നൽകിയ അപ്പീലിന്മേലാണ് ഈ വിധി പുറപ്പെടുവിച്ചത്.
ദേശീയപാതാ അതോറിറ്റിയെയും (എൻഎച്ച്എഐ) ഹൈക്കോടതി വിമർശിച്ചു. ദേശീയപാതയോരത്ത് യാത്രികർക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കേണ്ട ഉത്തരവാദിത്തം എൻഎച്ച്എഐയ്ക്കാണെന്നും, ഈ ബാധ്യത പെട്രോൾ പമ്പ് ഉടമകൾക്ക് മാത്രമായി ചുമത്താനാവില്ലെന്നും കോടതി നിരീക്ഷിച്ചു. നിശ്ചിത ദൂരപരിധിയിൽ എൻഎച്ച്എഐ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണമെന്നും കോടതി വ്യക്തമാക്കി













