ജോംസ് മാത്യു കിഴക്കേക്കാട്ടിൽ
ഹ്യൂസ്റ്റൺ: ഹ്യൂസ്റ്റൺ ക്നാനായ കാത്തലിക് സൊസൈറ്റി (KCS) സെപ്റ്റംബർ 20-ന് ശനിയാഴ്ച വിപുലമായ ഓണാഘോഷം സംഘടിപ്പിച്ചു. 600-ൽപരം കുടുംബങ്ങളും 1500-ൽപരം അംഗങ്ങളും പങ്കെടുത്ത ഈ പരിപാടി ഐക്യത്തിന്റെയും പാരമ്പര്യത്തിന്റെയും ഉത്തമ ഉദാഹരണമായി.


രാവിലെ 9 മണി മുതൽ വിവിധ ഫൊറോനകൾ തമ്മിലുള്ള വർണ്ണാഭമായ അത്തപ്പൂക്കള മത്സരം നടന്നു. ജിപ്സൺ ഇടയഞ്ചേരിൽ, എബിൻ നരയമ്പലം, അഖില കണ്ടോത്ത്, മറിയ വെട്ടികാനാൽ എന്നിവർ ഫൊറോന ടീമുകൾക്ക് നേതൃത്വം നൽകി. നീമ വാഴപ്പള്ളിൽ (ഉഴവൂർ), ജോസഫ് കണ്ണശ്ശേരി (ചുമ്കോം-കൈപ്പുഴ), അരുൺ കണിയാലിൽ (കിടങ്ങൂർ-കടുത്തുരുത്തി), ജിം കണ്ടാരപ്പള്ളിൽ (കോട്ടയം-മലബാർ) എന്നിവരുടെ നേതൃത്വത്തിൽ നടന്ന സാംസ്കാരിക മത്സരങ്ങളിൽ കോട്ടയം-മലബാർ ഫൊറോന ഒന്നാം സമ്മാനം കരസ്ഥമാക്കി. 100-ൽപരം കലാകാരന്മാരാണ് മത്സരങ്ങളിൽ പങ്കെടുത്തത്.


കേരളത്തനിമ വിളിച്ചോതുന്ന വിവിധ കലാരൂപങ്ങളും, താലപ്പൊലിയും ചെണ്ടമേളത്തോടുകൂടിയുള്ള വർണ്ണാഭമായ ഘോഷയാത്രയും ഓണാഘോഷങ്ങൾക്ക് മാറ്റുകൂട്ടി.



തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ സെക്രട്ടറി ജോംസ് മാത്യു കിഴക്കേക്കാട്ടിൽ സ്വാഗതം പറഞ്ഞു. സിന്ധു മേനോൻ (സി.ഐ.ഒ., ഹാരിസ് കൗണ്ടി), മനോജ് പൂപ്പാറയിൽ (ക്യാപ്റ്റൻ, ഫോർട്ട് ബെൻഡ് കൗണ്ടി), റോബിൻ എലക്കാട്ട് (മിസ്സോറി സിറ്റി മേയർ) എന്നിവർ ഓണസന്ദേശം നൽകി. പുതുപ്പള്ളി എം.എൽ.എ.യായ ചാണ്ടി ഉമ്മന്റെ സാന്നിധ്യം പരിപാടിക്ക് കൂടുതൽ പകിട്ടേകി. ക്നാനായക്കാരുടെ ഒത്തൊരുമ ലോകത്തിന് മാതൃകയാണെന്ന് അദ്ദേഹം തന്റെ ഓണസന്ദേശത്തിൽ എടുത്തുപറഞ്ഞു.


150-ൽപരം വളണ്ടിയർമാരും യുവജനങ്ങളും ചേർന്ന് 1500-ൽപരം അംഗങ്ങൾക്കും അതിഥികൾക്കും 23 വിഭവങ്ങളടങ്ങിയ ഓണസദ്യ വിളമ്പി. അജു കളപുരക്കൽ, ജോബി കാവുതറ, ബിൻസൺ കിഴക്കേപുരം, വിജയൻ നെടുംചേരിൽ, ജിമ്മി ചക്കരിയംതടത്തിൽ, വുമൺസ് ഫോറം എന്നിവരുടെ നേതൃത്വത്തിൽ ഭക്ഷണവിതരണം മികച്ച രീതിയിൽ നടന്നു. ഹ്യൂസ്റ്റൺ കെ.സി.എസ് അംഗം സുനിൽ പടിഞ്ഞാറേവാരിക്കാട്ടിന്റെ ഉടമസ്ഥതയിലുള്ള മസാല ഹട്ട് ഇന്ത്യൻ റെസ്റ്റോറന്റാണ് രുചികരമായ ഓണസദ്യ ഒരുക്കിയത്.


പ്രസിഡന്റ് തോമസ് വിക്ടർ, വൈസ് പ്രസിഡന്റ് നീതു വാലിമറ്റത്തിൽ, സെക്രട്ടറി ജോംസ് കിഴക്കേക്കാട്ടിൽ, ട്രഷറർ ഫിലിപ് കരിശ്ശേരിയിൽ, ജോയിന്റ് സെക്രട്ടറി സ്മിതോഷ് അറ്റിക്കുന്നേൽ, പ്രോഗ്രാം എക്സിക്യൂട്ടീവ് ജെനി തുണ്ടിയിൽ, സോഷ്യൽ മീഡിയ കോർഡിനേറ്റർ അമൃത പാലക്കാപ്പറമ്പിൽ എന്നിവരടങ്ങുന്ന എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് പരിപാടി വിജയകരമാക്കാൻ നേതൃത്വം നൽകിയത്. റോബർട്ട് പരതാരത്ത് (ലയസൺ ബോർഡ് ചെയർമാൻ) രജിസ്ട്രേഷൻ കമ്മിറ്റിയെ നയിച്ചു. ജൂബി പതിയിൽ (ബിൽഡിംഗ് ബോഡി സെക്രട്ടറി), ജോസ്മോൻ ഇഞ്ചനാട്ടിൽ (ബിൽഡിംഗ് ബോഡി ട്രഷറർ) എന്നിവരും പ്രധാന പങ്കുവഹിച്ചു.

അടുത്ത തലമുറയെ നേതൃത്വത്തിലേക്ക് കൊണ്ടുവരേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പ്രസിഡന്റ് തോമസ് വിക്ടർ തന്റെ ഓണസന്ദേശത്തിൽ സംസാരിച്ചു. എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ മികച്ച പ്രവർത്തനം ഈ ആഘോഷത്തെ അവിസ്മരണീയമാക്കി.
Houston KCS Onam celebrations were spectacular











