തിരുവനന്തപുരം: കേരളാ ക്രിക്കറ്റ് ലീഗില്‍ ട്രിവാന്‍ഡ്രം റോയല്‍സ് 17 റണ്‍സിന് തൃശൂര്‍ ടൈറ്റന്‍സിനെ പരാജയപ്പെടുത്തി.ആദ്യം ബാറ്റ് ചെയ്ത റോയല്‍സ് 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ തൃശൂരിന് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സ് മാത്രമാണ് നേടാനായത്. റോയല്‍സിനായി മിന്നും സെഞ്ച്വറി നേടിയ ക്യാപ്റ്റന്‍ കൃഷ്ണപ്രസാദാണ് പ്ലെയര്‍ ഓഫ് ദി മാച്ച്.
ടോസ് നേടിയ ടൈറ്റന്‍സ്, റോയല്‍സിനെ ബാറ്റ് ചെയ്യാനയക്കുകയായിരുന്നു. സെമി സാധ്യതകള്‍ അവസാനിച്ചതിനാല്‍ ഒന്നും നഷ്ടപ്പടാനില്ലാത്ത ആത്മവിശ്വാസത്തോടെ റോയല്‍സിന്റെ താരങ്ങള്‍ ബാറ്റ് വീശി. വിഷ്ണുരാജും അനന്തകൃഷ്ണനും തുടക്കത്തില്‍ തന്നെ മടങ്ങിയെങ്കിലും റിയ ബഷീറിനും നിഖിലിനുമൊപ്പം കൃഷ്ണപ്രസാദ് ഉയര്‍ത്തിയ കൂട്ടുകെട്ടുകളാണ് റോയല്‍സിന്റെ കൂറ്റന്‍ സ്‌കോറിന് അടിത്തറയിട്ടത്. രണ്ട് കൂട്ടുകെട്ടുകളിലുമായി പിറന്ന 109 റണ്‍സിന്റെ മുക്കാല്‍ പങ്കും പിറന്നത് കൃഷ്ണപ്രസാദിന്റെ ബാറ്റില്‍ നിന്നായിരുന്നു. നിര്‍ഭയം ബാറ്റ് വീശിയ കൃഷ്ണപ്രസാദ് 54 പന്തുകളില്‍ നിന്ന് സെഞ്ച്വറി പൂര്‍ത്തിയാക്കി. റിയ ബഷീര്‍ 17ഉം നിഖില്‍ 12ഉം റണ്‍സ് നേടി മടങ്ങി.
സെഞ്ച്വറി പൂര്‍ത്തിയാക്കിയ ശേഷവും കൂറ്റന്‍ ഷോട്ടുകളിലൂടെ ബാറ്റിങ് തുടര്‍ന്ന കൃഷ്ണപ്രസാദ് 119 റണ്‍സുമായി പുറത്താകാതെ നിന്നു. 62 പന്തുകളില്‍ ആറ് ഫോറും പത്ത് സിക്‌സും അടങ്ങുന്നതായിരുന്നു കൃഷ്ണപ്രസാദിന്റെ ഇന്നിങ്‌സ്. അബ്ദുള്‍ ബാസിദ് 13 പന്തുകളില്‍ 28 റണ്‍സെടുത്തു. ഇരുവരും ചേര്‍ന്ന് അഞ്ചാം വിക്കറ്റില്‍ 57 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. തൃശൂരിന് വേണ്ടി ആദിത്യ വിനോദ് രണ്ടും ആനന്ദ് ജോസഫ്, സിബിന്‍ ഗിരീഷ്, അജിനാസ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ തൃശൂരിന് സ്‌കോര്‍ ബോര്‍ഡ് തുറക്കും മുന്‍പെ കെ ആര്‍ രോഹിതിന്റെ വിക്കറ്റ് നഷ്ടമായി. ഫോമിലുള്ള അഹ്മദ് ഇമ്രാന്‍ തകര്‍ത്തടിച്ച് തുടങ്ങിയെങ്കിലും വലിയൊരു ഇന്നിങ്‌സ് കാഴ്ച വയ്ക്കാനായില്ല. 18 പന്തുകളില്‍ നിന്ന് 38 റണ്‍സെടുത്ത അഹ്മദ് ഇമ്രാനെ അബ്ദുള്‍ ബാസിദാണ് പുറത്താക്കിയത്. മികച്ച ഷോട്ടുകളുമായി ക്യാപ്റ്റന്‍ ഷോണ്‍ റോജറും അക്ഷയ് മനോഹറും പ്രതീക്ഷ നിലനിര്‍ത്തി. എന്നാല്‍ ഷോണ്‍ റോജര്‍ 37ഉം അക്ഷയ് മനോഹര്‍ 27ഉം റണ്‍സെടുത്ത് പുറത്തായത് തൃശൂരിന് തിരിച്ചടിയായി.
കളി കൈവിട്ടെന്ന് തോന്നിച്ച ഘട്ടത്തില്‍ ഉജ്ജ്വല ഷോട്ടുകളുമായി പോരാട്ടം തുടര്‍ന്ന വിനോദ് കുമാറിന്റെ പ്രകടനവും ശ്രദ്ധേയമായി. 19 പന്തുകളില്‍ രണ്ട് ഫോറും അഞ്ച് സിക്‌സുമടക്കം 41 റണ്‍സുമായി വിനോദ് കുമാര്‍ പുറത്താകാതെ നിന്നെങ്കിലും ടീമിന് വിജയമൊരുക്കാനായില്ല. തൃശൂരിന്റെ മറുപടി 184ല്‍ അവസാനിച്ചു. മൂന്ന് വിക്കറ്റ് വീഴ്ത്തിയ ആസിഫ് സലാമാണ് റോയല്‍സ് ബൌളിങ് നിരയില്‍ തിളങ്ങിയത്. അഭിജിത് പ്രവീണ്‍ രണ്ട് വിക്കറ്റും നേടി. തോല്‍വിയോടെ തൃശൂരിന് ഇനിയും സെമിയുറപ്പിക്കാനായില്ല. പത്ത് പോയിന്റുമായി ടീം ഇപ്പോള്‍ മൂന്നാം സ്ഥാനത്താണ്. എങ്കിലും വരും മല്‌സരങ്ങളിലെ ഫലം അനുസരിച്ചാകും ടീമിന്റെ സെമി പ്രവേശനം.
Trivandrum Royals beat Thrissur Titans by 17 runs