ന്യൂയോർക്ക് സിറ്റി: ന്യൂയോർക്ക് സിറ്റിയിലെ ഇമിഗ്രേഷൻ കോടതിയിൽ ഒരു സ്ത്രീയെ തള്ളിയിട്ട് നിലത്തേക്ക് വീഴ്ത്തിയ ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെൻ്റ് (ICE) ഉദ്യോഗസ്ഥനെതിരെ നടപടി. ഉദ്യോഗസ്ഥനെ നിലവിലെ ചുമതലകളിൽ നിന്ന് നീക്കം ചെയ്തതായി അധികൃതർ അറിയിച്ചു. വ്യാഴാഴ്ച ഇമിഗ്രേഷൻ കോടതിയിൽ നടന്ന ഈ സംഭവം ക്യാമറയിൽ പതിഞ്ഞിരുന്നു.
കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്യുന്നതിലെ ഐസിഇയുടെ ആക്രമണോത്സുകമായ പെരുമാറ്റത്തെക്കുറിച്ചുള്ള ആശങ്കകൾ രാജ്യത്തുടനീളം വർധിക്കുന്നതിനിടെയാണ് ഈ വീഡിയോ പുറത്തുവന്നതും വലിയ പ്രതിഷേധത്തിന് കാരണമായതും.
ഈ വീഡിയോയിലെ ഉദ്യോഗസ്ഥൻ്റെ പെരുമാറ്റം അംഗീകരിക്കാൻ കഴിയാത്തതും ഐസിഇ ഉദ്യോഗസ്ഥർക്ക് ചേർന്നതല്ലാത്തതുമാണെന്ന് അസിസ്റ്റൻ്റ് സെക്രട്ടറി ട്രീസിയ മക്ലോഗ്ലിൻ വെള്ളിയാഴ്ച പറഞ്ഞു. “ഞങ്ങളുടെ ഐസിഇ നിയമപാലകർ ഏറ്റവും ഉയർന്ന പ്രൊഫഷണൽ നിലവാരം പുലർത്തുന്നവരാണ്. ഈ ഉദ്യോഗസ്ഥനെതിരെ പൂർണ്ണമായ അന്വേഷണം നടത്തുന്നതിനായി നിലവിലെ ചുമതലകളിൽ നിന്ന് നീക്കം ചെയ്തിട്ടുണ്ട്,” ട്രീസിയ മക്ലോഗ്ലിൻ കൂട്ടിച്ചേർത്തു.