ഷിക്കാഗോ: സമൂഹത്തിന്റെ ആരോഗ്യവും ക്ഷേമവും ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ഇല്ലിനോയിയിലെ ഇന്ത്യൻ നഴ്‌സസ് അസോസിയേഷൻ (INAI), യുവതലമുറയിലെ മാനസികാരോഗ്യ പ്രശ്‌നങ്ങൾ പരിഹരിക്കാൻ മുന്നിട്ടിറങ്ങുന്നു. ഇതിന്റെ ഭാഗമായി, കെനത്ത് യങ് സെന്ററുമായി സഹകരിച്ച് 12-ാം ക്ലാസ് വിദ്യാർഥികൾക്കും മുതിർന്നവർക്കുമായി ഒരു സൗജന്യ ‘യൂത്ത് മെന്റൽ ഹെൽത്ത് ഫസ്റ്റ് എയ്ഡർ ട്രെയിനിംഗ്’ സംഘടിപ്പിക്കുന്നു.
ഇന്നും ഒരു സാമൂഹിക വിലക്കായി കണക്കാക്കപ്പെടുന്ന മാനസികാരോഗ്യ വിഷയങ്ങളെക്കുറിച്ചുള്ള തുറന്ന സംഭാഷണങ്ങൾ പ്രോത്സാഹിപ്പിക്കാനും, ആവശ്യമായ ഘട്ടങ്ങളിൽ സഹായം തേടാൻ യുവജനങ്ങളെ പ്രാപ്തരാക്കാനും ഈ പരിശീലനം ലക്ഷ്യമിടുന്നു. തങ്ങളുടെ സുഹൃത്തുക്കളെയും സഹപാടികളെയും പിന്തുണയ്ക്കാൻ ഈ പരിശീലനം അവരെ സജ്ജമാക്കും.
പരിശീലന പരിപാടി ഒക്ടോബർ 11, ശനിയാഴ്ച രാവിലെ 9:00 മുതൽ വൈകുന്നേരം 3:00 വരെ ബെൽവുഡിലെ സെന്റ് തോമസ് സീറോ മലബാർ ചർച്ചിൽ വെച്ച് നടക്കും. 30 പേർക്കാണ് ഈ പരിശീലനത്തിൽ പങ്കെടുക്കാൻ അവസരം. പരിശീലനം പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റ് ലഭിക്കും. ഉന്നത പഠനത്തിനും സ്വതന്ത്രമായ ജീവിതത്തിനും തയ്യാറെടുക്കുന്ന യുവജനങ്ങൾക്ക് വെല്ലുവിളികളെ നേരിടാൻ ആവശ്യമായ ധൈര്യവും, അതിജീവനശേഷിയും ഈ പരിശീലനം നൽകും.
പരിശീലനത്തിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ളവർക്ക് താഴെ പറയുന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്: രജിസ്റ്റർ ചെയ്യാനുള്ള വെബ്സൈറ്റ്: https://inaiusa.org/mentalhealthfirstaidertraining/
Illinois Indian Nurses Association (INAI) organizes free training on mental health care for youth