ഏഷ്യാ കപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ഇന്ത്യ ഒമാനെ 21 റണ്‍സിന് പരാജയപ്പെടുത്തി. ഷെയ്ഖ് സയ്യിദ് സ്റ്റേഡിയത്തിൽ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ 188/8 എന്ന സ്കോർ ഉയർത്തി. സഞ്ജു സാംസൺ (45 പന്തിൽ 56), അഭിഷേക് ശർമ (15 പന്തിൽ 38), തിലക് വർമ (18 പന്തിൽ 29) എന്നിവരുടെ ഇന്നിംഗ്‌സുകൾ ഇന്ത്യൻ സ്കോറിന് കരുത്തേകി. ഒമാന്റെ ഷാ ഫൈസൽ, ആമിർ കലീം, ജിതേൻ രാമാനന്ദി എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. 189 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഒമാൻ 167/4 എന്ന സ്കോറിൽ എത്തിയെങ്കിലും വിജയം കൈവരിക്കാനായില്ല. ആമിർ കലീം (45 പന്തിൽ 64), ഹമ്മാദ് മിർസ (33 പന്തിൽ 51) എന്നിവർ ഒമാനായി ശക്തമായ പ്രകടനം നടത്തിയെങ്കിലും ലക്ഷ്യത്തിലെത്തിക്കാൻ കഴിഞ്ഞില്ല.
ഒമാന്റെ മറുപടി ബാറ്റിംഗ് ശക്തമായ തുടക്കത്തോടെ ആരംഭിച്ചു. ജതിന്ദർ സിംഗ് (33 പന്തിൽ 32) – ആമിർ കലീം സഖ്യം ആദ്യ വിക്കറ്റിൽ 56 റൺസ് കൂട്ടിച്ചേർത്തു. എന്നാൽ, കുൽദീപ് യാദവ് ജതിന്ദറെ പുറത്താക്കി ഇന്ത്യക്ക് ബ്രേക്ക് ത്രൂ നൽകി. തുടർന്ന് കലീം – മിർസ സഖ്യം 93 റൺസ് ചേർത്ത് ഒമാനെ മത്സരത്തിൽ മുന്നോട്ട് നയിച്ചു. ഹർഷിദ് റാണയുടെ പന്തിൽ കലീം (2 സിക്സ്, 7 ഫോർ) പുറത്തായതോടെ ഇന്ത്യ മത്സരത്തിലേക്ക് തിരിച്ചുവന്നു. 19-ാം ഓവറിൽ ഹാർദിക് പാണ്ഡ്യ മിർസയെ (2 സിക്സ്, 5 ഫോർ) മടക്കി. വിനായക് ശുക്ല (1), സിക്രിയ ഇസ്ലാം (0), ജിതേൻ രാമാനന്ദി (5 പന്തിൽ 12*) എന്നിവർ ഒമാന്റെ ശേഷിക്കുന്ന ബാറ്റ്സ്മാൻമാരായിരുന്നു.
ഇന്ത്യയുടെ ബാറ്റിംഗ് തുടക്കം ദുർബലമായിരുന്നു. രണ്ടാം ഓവറിൽ ഷാ ഫൈസലിന്റെ പന്തിൽ ശുഭ്മാൻ ഗിൽ ബൗൾഡായി മടങ്ങി. എന്നാൽ, പവർ പ്ലേയിൽ സഞ്ജു – അഭിഷേക് സഖ്യം 60 റൺസ് നേടി. എട്ടാം ഓവറിൽ അഭിഷേക് (2 സിക്സ്, 5 ഫോർ) പുറത്തായെങ്കിലും, സഞ്ജുവിനൊപ്പം 66 റൺസ് ചേർത്തിരുന്നു. അതേ ഓവറിൽ ഹാർദിക് പാണ്ഡ്യ (1) റൺഔട്ടായി. ജിതേൻ രാമാനന്ദിയുടെ പന്തിൽ സഞ്ജു നേരെ കളിച്ചെങ്കിലും, ബൗളർ ക്യാച്ച് നഷ്ടമാക്കി. എന്നാൽ, പന്ത് നോൺ-സ്ട്രൈക്ക് സ്റ്റമ്പിൽ പതിച്ചതോടെ ഹാർദിക്കിന് മടങ്ങേണ്ടി വന്നു.













