സൂപ്പർ ഫോറിലും പാകിസ്താനെ തകർത്ത് ഇന്ത്യ; തകർപ്പൻ പ്രകടനത്തിനൊടുവിൽ ആറു വിക്കറ്റ് ജയം

സൂപ്പർ ഫോറിലും പാകിസ്താനെ തകർത്ത് ഇന്ത്യ; തകർപ്പൻ പ്രകടനത്തിനൊടുവിൽ ആറു വിക്കറ്റ് ജയം

ദുബായ്: ഏഷ്യാ കപ്പ് സൂപ്പർ ഫോറിൽ പാകിസ്താനെതിരെ ഇന്ത്യക്ക് ആറു വിക്കറ്റിന്റെ തകർപ്പൻ ജയം. ഏഷ്യാ കപ്പ് സൂപ്പർ ഫോറിലും ഇന്ത്യയ്ക്കു ഭീഷണി ഉയർത്താൻ സാധിക്കാതെ പകച്ച് പാക്കിസ്ഥാൻ. ഗ്രൂപ്പ് ഘട്ടത്തിലെ തോൽവിക്കും ഹസ്തദാന വിവാദത്തിനും വിജയത്തിലൂടെ മറുപടി നല്‍കാൻ ഇറങ്ങിയ പാക്കിസ്ഥാനെ ഒരിക്കൽ കൂടി ടീം ഇന്ത്യ തകർത്തുവിട്ടു.

പാകിസ്താൻ ഉയർത്തിയ 172 റൺസ് വിജയലക്ഷ്യം നാല് വിക്കറ്റ് മാത്രം നഷ്ടത്തിൽ ഇന്ത്യ മറികടന്നു. ഓപ്പണർമാരായ അഭിഷേക് ശർമയുടെയും ശുഭ്മാൻ ഗില്ലിന്റെയും തകർപ്പൻ പ്രകടനമാണ് ഇന്ത്യക്ക് വിജയം സമ്മാനിച്ചത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് സ്വപ്നതുല്യമായ തുടക്കമാണ് ലഭിച്ചത്. ആദ്യ പന്തിൽ തന്നെ ഷഹീൻ അഫ്രീദിയെ സിക്സറടിച്ച് അഭിഷേക് ശർമ ഇന്ത്യൻ ആക്രമണത്തിന് തുടക്കമിട്ടു. പിന്നീട് സ്റ്റേഡിയം കണ്ടത് ഇന്ത്യൻ ഓപ്പണർമാരുടെ വെടിക്കെട്ടാണ്. ആറോവറിൽ 69 റൺസാണ് ഇരുവരും ചേർന്ന് അടിച്ചെടുത്തത്. എട്ടാം ഓവറിൽ അഭിഷേക് അർധസെഞ്ചുറി തികച്ചു. അഭിഷേകിനൊപ്പം ഗില്ലും തകർത്തടിച്ചതോടെ ഇന്ത്യ ഒമ്പതാം ഓവറിൽ തന്നെ നൂറ് കടന്നു.

എന്നാൽ പത്താം ഓവറിൽ ഫഹീം അഷറഫ് ഗില്ലിനെ ബൗൾഡാക്കി പാകിസ്താന് ബ്രേക്ക് ത്രൂ നൽകി. 28 പന്തിൽ നിന്ന് 47 റൺസെടുത്താണ് ഗിൽ പുറത്തായത്. തൊട്ടുപിന്നാലെ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് ഡക്കായി മടങ്ങി. ടീം സ്കോർ 123-ൽ നിൽക്കേ, 39 പന്തിൽ നിന്ന് 74 റൺസെടുത്ത അഭിഷേക് ശർമ പുറത്തായത് ഇന്ത്യയെ അൽപ്പം പ്രതിരോധത്തിലാക്കി. നാലാം വിക്കറ്റിൽ സഞ്ജു സാംസണും തിലക് വർമയും ചേർന്ന് ടീമിനെ മുന്നോട്ട് നയിച്ചു. എന്നാൽ സഞ്ജുവിനെ (13) ഹാരിസ് റൗഫ് ബൗൾഡാക്കി. തുടർന്ന് തിലക് വർമയും ഹാർദിക് പാണ്ഡ്യയും ചേർന്ന് ഇന്ത്യയെ വിജയത്തിലെത്തിച്ചു.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പാകിസ്താൻ നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 171 റൺസെടുത്തു. മൂന്ന് ഗ്രൂപ്പ് മത്സരങ്ങളിലും ഡക്കായ സയിം അയ്യൂബിന് പകരം ഫഖർ സമാനാണ് ഇന്നിങ്‌സ് ഓപ്പൺ ചെയ്തത്. ഒമ്പത് പന്തിൽ നിന്ന് 15 റൺസെടുത്ത ഫഖർ സമാൻ ഹാർദിക് പാണ്ഡ്യയുടെ പന്തിൽ സഞ്ജു സാംസണിന്റെ കൈകളിൽ ഒതുങ്ങി.

രണ്ടാം വിക്കറ്റിൽ ഒന്നിച്ച സാഹിബ്സാദ ഫർഹാനും സയിം അയ്യൂബും ചേർന്ന് പാകിസ്താനെ കരകയറ്റി. ആറോവറിൽ 51 റൺസെന്ന നിലയിലായിരുന്ന പാകിസ്താൻ സ്കോർ പിന്നീട് അതിവേഗം ഉയർന്നു. ഇന്ത്യൻ ബൗളർമാർക്കെതിരെ ഫർഹാൻ കൂടുതൽ അപകടകാരിയായി. 34 പന്തിൽ ഫർഹാൻ അർധസെഞ്ചുറി തികച്ചു. പത്തോവർ അവസാനിക്കുമ്പോൾ 91/1 എന്ന നിലയിലായിരുന്നു പാകിസ്താൻ.

തുടർന്ന് 21 റൺസെടുത്ത സയിം അയ്യൂബിനെ ശിവം ദുബെ പുറത്താക്കി. പിന്നാലെ ഹുസ്സൈൻ തലാത്തും (10) ഫർഹാനും കൂടാരം കയറിയതോടെ പാകിസ്താൻ പ്രതിരോധത്തിലായി. 45 പന്തിൽ നിന്ന് 58 റൺസെടുത്താണ് ഫർഹാൻ പുറത്തായത്. അഞ്ചാം വിക്കറ്റിൽ ക്യാപ്റ്റൻ സൽമാൻ ആഗയും മുഹമ്മദ് നവാസും ചേർന്ന് സ്കോർ ഉയർത്തി. അവസാന ഓവറുകളിൽ ഇരുവരും റൺസ് കണ്ടെത്തി. 21 റൺസെടുത്ത നവാസിനെ സൂര്യ റൺഔട്ടാക്കി. ഇന്ത്യക്ക് വേണ്ടി ശിവം ദുബെ രണ്ട് വിക്കറ്റ് വീഴ്ത്തി.

India defeats Pakistan in Super Four; wins by six wickets after brilliant performance

Share Email
LATEST
Top