ഇന്ത്യ-ലങ്ക സൂപ്പർ ഫോർ ത്രില്ലർ: ശ്രീലങ്കയെ സൂപ്പർ ഓവറിൽ മറികടന്ന് ഇന്ത്യക്ക് ജയം, ഞായറാഴ്ച ഇന്ത്യ-പാക് ഫൈനൽ

ഇന്ത്യ-ലങ്ക സൂപ്പർ ഫോർ ത്രില്ലർ:  ശ്രീലങ്കയെ സൂപ്പർ ഓവറിൽ മറികടന്ന് ഇന്ത്യക്ക് ജയം, ഞായറാഴ്ച ഇന്ത്യ-പാക് ഫൈനൽ

ദുബായ്: ഏഷ്യാകപ്പിലെ അവസാന സൂപ്പർ ഫോർ മത്സരത്തിൽ ശ്രീലങ്കയെ സൂപ്പർ ഓവറിൽ മറികടന്ന് ഇന്ത്യ വിജയിച്ചു. ഇന്ത്യ ഉയർത്തിയ 203 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ലങ്ക നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 202 റൺസെടുത്തതോടെ മത്സരം സൂപ്പർ ഓവറിലേക്ക് നീങ്ങുകയായിരുന്നു. സൂപ്പർ ഓവറിൽ ലങ്ക ഉയർത്തിയ മൂന്ന് റൺസ് വിജയലക്ഷ്യം ഇന്ത്യ അനായാസം മറികടന്നു. ലങ്കയ്ക്കായി പതും നിസങ്ക സെഞ്ചുറിയോടെ തിളങ്ങിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാൻ സാധിച്ചില്ല. ഞായറാഴ്ചയാണ് ഇന്ത്യ-പാകിസ്താൻ ഫൈനൽ.

ഇന്ത്യൻ ഇന്നിങ്സ്

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 202 റൺസാണ് നേടിയത്. നാല് റൺസെടുത്ത ശുഭ്മാൻ ഗില്ലിനെ നഷ്ടമായെങ്കിലും അഭിഷേക് ശർമയുടെ വെടിക്കെട്ട് ബാറ്റിങ് ഇന്ത്യക്ക് മികച്ച തുടക്കം നൽകി. സൂര്യകുമാർ യാദവിനെ ഒരു വശത്ത് നിർത്തി അഭിഷേക് ഒറ്റയ്ക്കാണ് ഇന്നിങ്‌സ് മുന്നോട്ട് നയിച്ചത്. ലങ്കൻ ബൗളർമാരെ മാറിമാറി പ്രഹരിച്ച താരം 22 പന്തിൽ അതിവേഗം അർധസെഞ്ചുറി തികച്ചു. ആറോവർ അവസാനിക്കുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 71 റൺസായിരുന്നു ഇന്ത്യൻ സ്‌കോർ.

പിന്നാലെ നായകൻ സൂര്യകുമാർ യാദവ് (13 പന്തിൽ 12 റൺസ്) പുറത്തായി. അഭിഷേക് വെടിക്കെട്ട് തുടർന്നുവെങ്കിലും ഒമ്പതാം ഓവറിൽ കൂടാരം കയറി. 31 പന്തിൽ എട്ട് ഫോറുകളും രണ്ട് സിക്സും അടക്കം 61 റൺസാണ് അഭിഷേക് നേടിയത്.

നാലാം വിക്കറ്റിൽ ഒന്നിച്ച തിലക് വർമയും സഞ്ജു സാംസണുമാണ് ഇന്ത്യൻ ഇന്നിങ്‌സിന് കരുത്തായത്. പതിയെ തുടങ്ങിയ ഇരുവരും പിന്നീട് സ്‌കോറിങ്ങിന് വേഗം കൂട്ടി. 23 പന്തിൽ ഒരു ഫോറിന്റെയും മൂന്ന് സിക്‌സിന്റെയും അകമ്പടിയോടെ സഞ്ജു 39 റൺസെടുത്തു. ഹാർദിക് പാണ്ഡ്യ രണ്ട് റൺസെടുത്ത് പുറത്തായി. തിലക് വർമ 49 റൺസെടുത്തും അക്ഷർ പട്ടേൽ 21 റൺസെടുത്തും പുറത്താവാതെ നിന്നു.

ലങ്കൻ പോരാട്ടം, നിസങ്കയുടെ സെഞ്ചുറി

മറുപടി ബാറ്റിങ്ങിനിറങ്ങിയ ലങ്കയ്ക്ക് ആദ്യ ഓവറിൽ തന്നെ കുശാൽ മെൻഡിസിന്റെ വിക്കറ്റ് നഷ്ടമായി (ഡക്കായിരുന്നു). എന്നാൽ രണ്ടാം വിക്കറ്റിൽ ഒന്നിച്ച പതും നിസങ്കയും കുശാൽ പെരേരയും തകർത്തടിച്ചു. പവർപ്ലേയിൽ വെടിക്കെട്ട് പ്രകടനമാണ് ഇരുവരും കാഴ്ചവെച്ചത്. ആറോവറിൽ 72 റൺസാണ് ലങ്കൻ ടീം അടിച്ചെടുത്തത്. നിസങ്കയായിരുന്നു കൂടുതൽ അപകടകാരി.

ഇരുവരും അടിച്ചുകളിച്ചതോടെ ഇന്ത്യൻ ബൗളർമാർ പരുങ്ങലിലായി. നിസങ്ക 25 പന്തിൽ അർധസെഞ്ചുറി തികച്ചു. വൈകാതെ കുശാൽ പെരേരയും അർധസെഞ്ചുറി നേടി. ഒമ്പതാം ഓവറിൽ തന്നെ ലങ്ക നൂറുകടന്നു. പത്തോവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 114 റൺസെന്ന നിലയിലായിരുന്നു ശ്രീലങ്ക.

32 പന്തിൽ നിന്ന് 58 റൺസെടുത്ത കുശാൽ പെരേരയെ വരുൺ ചക്രവർത്തി പുറത്താക്കിയത് ഇന്ത്യക്ക് നേരിയ പ്രതീക്ഷ നൽകി. എന്നാൽ ചരിത് അസലങ്കയെ ഒരുവശത്തുനിർത്തി നിസങ്ക പടനയിച്ചു. അഞ്ച് റൺസെടുത്ത അസലങ്കയെ കുൽദീപ് യാദവും മൂന്ന് റൺസെടുത്ത കാമിന്ദു മെൻഡിസിനെ അർഷ്ദീപ് സിങ്ങും പുറത്താക്കിയതോടെ ഇന്ത്യക്ക് ജയപ്രതീക്ഷ കൈവന്നു.

ഇതിനിടെ ക്രീസിൽ നിലയുറപ്പിച്ച നിസങ്ക സെഞ്ചുറി തികച്ച് തിരിച്ചടിച്ചു. 52 പന്തിലാണ് താരം മൂന്നക്കം തൊട്ടത്. അവസാന രണ്ടോവറിൽ 23 റൺസാണ് ലങ്കയ്ക്ക് ജയിക്കാൻ വേണ്ടിയിരുന്നത്. 19-ാം ഓവറിൽ 11 റൺസ് അടിച്ചെടുത്തതോടെ അവസാന ഓവറിലെ ലക്ഷ്യം 12 റൺസായി. ഓവറിലെ ആദ്യ പന്തിൽ നിസങ്ക പുറത്തായത് ലങ്കയ്ക്ക് തിരിച്ചടിയായി (58 പന്തിൽ 107 റൺസ്). എന്നാൽ ഷാനക സ്‌കോർ കണ്ടെത്തിയതോടെ അവസാന പന്തിൽ മൂന്ന് റൺസായിരുന്നു വിജയലക്ഷ്യം. അവസാന പന്തിൽ ഡബിളോടിയതോടെ മത്സരം സൂപ്പർ ഓവറിലേക്ക് നീണ്ടു.

സൂപ്പർ ഓവറിൽ ഇന്ത്യക്ക് ജയം

സൂപ്പർ ഓവറിൽ ആദ്യം ബാറ്റ് ചെയ്ത ലങ്കയ്ക്ക് രണ്ട് റൺസിനിടെ രണ്ട് വിക്കറ്റുകളും നഷ്ടമായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ആദ്യ പന്തിൽ തന്നെ ലക്ഷ്യത്തിലെത്തി വിജയം സ്വന്തമാക്കി.

India-Lanka Super Four thriller: India beats Sri Lanka in Super Over, India-Pak final on Sunday

Share Email
LATEST
Top