വാഷിങ്ടൺ: റഷ്യയുമായുള്ള ഇന്ത്യയുടെ വ്യാപാരബന്ധത്തെയും, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിലപാടിനെയും രൂക്ഷമായി വിമർശിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വ്യാപാര ഉപദേഷ്ടാവ് പീറ്റർ നവാരോ. ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷൻ (SCO) ഉച്ചകോടിയിൽ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ കൂടിക്കാഴ്ച “ലജ്ജാകരം” ആണെന്ന് അദ്ദേഹം തുറന്നടിച്ചു.
“പുടിന്റെയും ഷി ജിൻപിങ്ങിന്റെയും കൂടെ നിൽക്കുന്ന മോദി എന്താണ് ചിന്തിക്കുന്നതെന്ന് എനിക്ക് മനസ്സിലാകുന്നില്ല. ഇന്ത്യ റഷ്യയോടൊപ്പമല്ല, അമേരിക്കയോടൊപ്പമാണ് നിൽക്കേണ്ടതെന്ന് അദ്ദേഹം തിരിച്ചറിയുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു,” നവാരോ പറഞ്ഞു.
റഷ്യൻ എണ്ണ ഇറക്കുമതിയും താരിഫുകളും
റഷ്യയിൽ നിന്ന് ഇന്ത്യ കുറഞ്ഞ വിലയ്ക്ക് എണ്ണ വാങ്ങുന്നതിനെതിരെയും നവാരോ ആഞ്ഞടിച്ചു. ഈ നീക്കം റഷ്യയുടെ യുദ്ധങ്ങൾക്കുള്ള ധനസഹായമാണെന്നും, ഇത് യുക്രെയ്നിലെ സാധാരണക്കാരുടെ മരണത്തിന് കാരണമാകുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യ ജനാധിപത്യ രാജ്യങ്ങൾക്കൊപ്പം നിൽക്കണം. ഇന്ത്യയുടെ ഈ എണ്ണ ഇറക്കുമതിയാണ് യുക്രെയ്നിന് കൂടുതൽ സാമ്പത്തിക സഹായം നൽകാൻ അമേരിക്കയെ നിർബന്ധിതരാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യൻ കയറ്റുമതിക്ക് മേൽ അമേരിക്ക ഏർപ്പെടുത്തിയ അധിക താരിഫുകളെ നവാരോ ന്യായീകരിക്കുകയും ചെയ്തു. അമേരിക്കയുടെ വ്യാപാര നയങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയുടെ താരിഫ് നിരക്കുകൾ വളരെ ഉയർന്നതാണെന്ന് അദ്ദേഹം ആരോപിച്ചു.