വാഷിങ്ടണ്‍: ഇന്ത്യ-പാക് സംഘര്‍ഷം അവസാനിപ്പിച്ചതിന്‍റെ ക്രെഡിറ്റ് ലഭിക്കാത്തതിൽ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് കടുത്ത ഇച്ഛാഭംഗമുണ്ടെന്ന് അമേരിക്കൻ സ്ട്രാറ്റജിക് അഫയേഴ്‌സ് വിദഗ്ധന്‍ ആഷ്‌ലി ജെ. ടെല്ലിസ്. ഈ വിഷയത്തിൽ താന വഞ്ചിക്കപ്പെട്ടെന്ന തോന്നൽ ട്രംപിനുണ്ടെന്ന് എന്‍ഡിടിവിക്ക് അനുവദിച്ച അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
അമേരിക്കയുടെ താക്കീത് പരിഗണിക്കാതെ റഷ്യയില്‍നിന്ന് ഇന്ത്യ എണ്ണവാങ്ങുന്നതും, ഇന്ത്യ-പാക് സംഘര്‍ഷം അവസാനിപ്പിച്ചതിനുള്ള ക്രെഡിറ്റ് ലഭിക്കാത്തതും ട്രംപിന് താൻ വഞ്ചിക്കപ്പെട്ടെന്ന തോന്നലുണ്ടാക്കാൻ ഇടയാക്കിയതായി ആഷ്‌ലി പറയുന്നു. ‘2025 മെയ് മാസത്തിലുണ്ടായ ഇന്ത്യ-പാകിസ്താന്‍ സംഘർഷം താൻ പരിഹരിച്ചെന്നും അതിനുള്ള അംഗീകാരം തനിക്ക് ലഭിക്കാത്തതിൽ താൻ വഞ്ചിക്കപ്പെട്ടെന്ന് ട്രംപ് കരുതുന്നുണ്ടെന്നുമാണ് ഞാൻ കരുതുന്നത്. സംഭവത്തില്‍ അമേരിക്കയ്ക്ക് ക്രെഡിറ്റ് നല്‍കാതെയുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതികരണം സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കിയതായും ഞാന്‍ സംശയിക്കുന്നു’, അഭിമുഖത്തിനിടെ ആഷ്‌ലി പറഞ്ഞു.
റഷ്യയില്‍നിന്ന് എണ്ണവാങ്ങുന്ന പശ്ചാത്തലത്തില്‍ ഇന്ത്യയ്ക്കുമേല്‍ അമേരിക്ക തീരുവ ഏര്‍പ്പെടുത്തിയ സംഭവത്തെ തുടര്‍ന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം സമീപകാലത്ത് വഷളായിരുന്നു. ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതിക്ക് 50 ശതമാനമാണ് യുഎസ് തീരുവ ചുമത്തിയിരിക്കുന്നത്. ട്രംപിന്റെ തീരുവ പട്ടികയില്‍ ഏറ്റവുമധികം തീരുവ ചുമത്തപ്പെട്ട രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഇന്ത്യയെക്കൂടാതെ ബ്രസീലിനും അമേരിക്ക ഉയര്‍ന്ന തീരുവ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ട്രംപിന്റെ അടിസ്ഥാനപരമായ അതൃപ്തിയായിരിക്കാം ഇന്ത്യയ്ക്കുമേലുള്ള കടുത്ത തീരുമാനങ്ങള്‍ക്ക് പിന്നിലെന്നും ആഷ്‌ലി വ്യക്തമാക്കി.
റഷ്യയില്‍നിന്ന് ഏറ്റവുമധികം എണ്ണ വാങ്ങുന്ന രാജ്യം ചൈനയാണ്. എന്നാല്‍, ചൈനയെ പിന്തുടരാതെ ഇന്ത്യയെ പിന്തുടരുന്ന നടപടിയാണ് ട്രംപ് സ്വീകരിച്ചിരിക്കുന്നത്. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം തകരാറിലാകുന്നതില്‍ ട്രംപിന്റെ വ്യാപാര ഉപദേഷ്ടാവ് പീറ്റര്‍ നവാരോയും പ്രധാന പങ്ക് വഹിച്ചതായി ആഷ്‌ലി അഭിപ്രായപ്പെട്ടു. മറ്റ് വഴികളില്ലാത്തതില്‍ അമേരിക്കയുടെ ശത്രുരാജ്യങ്ങളുമായി അടുക്കുന്ന അവസ്ഥയിലേക്ക് ഇന്ത്യയെ പീറ്റര്‍ നവാരോ കൊണ്ടെത്തിച്ചെന്നും ആഷ്‌ലി ചൂണ്ടിക്കാട്ടി. അതേസമയം, ഇന്ത്യയെ തീരുവകളുടെ മഹാരാജാവ് എന്ന് വിശേഷിപ്പിച്ച നവാരോ, റഷ്യയില്‍നിന്ന് ഇന്ത്യ എണ്ണ ഇറക്കുമതി ചെയ്ത് വന്‍തോതില്‍ ലാഭം കൊയ്യുകയാണെന്നും കുറ്റപ്പെടുത്തി.
India-Pakistan conflict: Trump is deeply disappointed and feels betrayed by not getting credit, says Ashley J. Tellis