ദുബൈ : ഏഷ്യാ കപ്പ് ക്രിക്കറ്റിൽ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്താൻ മത്സരം ഇന്ന് നടക്കും. രാത്രി 8 മണിക്ക് ആണ് മത്സരം. ഇരു ടീമുകളും ആത്മവിശ്വാസത്തോടെയാണ് കളത്തിലിറങ്ങുന്നത്.
ഇന്ത്യൻ ടീമിൽ മുതിർന്ന കളിക്കാരായ വിരാട് കോഹ്‌ലി, രോഹിത് ശർമ എന്നിവരില്ല. അതേസമയം, പാകിസ്താൻ ടീമിൽ ബാബർ അസം, മുഹമ്മദ് റിസ്വാൻ എന്നിവരും ഇല്ല. അതിനാൽ, ഇരുടീമുകളിലെയും യുവനിരകൾ തമ്മിലുള്ള പോരാട്ടമാണ് ഇന്ന് നടക്കുക. അടുത്തിടെ യുഎഇക്കെതിരെ മികച്ച പ്രകടനം കാഴ്ചവെച്ച ഇന്ത്യൻ ടീമിനാണ് കൂടുതൽ മുൻഗണന.
ദുബായിൽ നടക്കുന്ന മത്സരം ക്രിക്കറ്റ് ലോകത്ത് വലിയ ആവേശം സൃഷ്ടിച്ചിട്ടുണ്ട്. ഇരു രാജ്യങ്ങൾക്കും ഈ മത്സരം അഭിമാന പോരാട്ടം കൂടിയാണ്.
പഹൽഗാം ഭീകരാക്രമണത്തോടെ ഇനി ഒരു വേദിയിലും പാകിസ്താനെതിരെ കളിക്കരുതെന്ന അഭിപ്രായം പ്രമുഖരായ പല മുൻ താരങ്ങളും ഉയർത്തിയിരുന്നു. എങ്കിലും കേന്ദ്ര സർക്കാറിന്റെ പ്രത്യേക അനുമതിയോടെ ഇന്ത്യ ഒരിക്കൽക്കൂടി പാക് സംഘവുമായി കൊമ്പുകോർക്കുകയാണ്. ദുബൈ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം. പഹൽഗാം ആക്രമണത്തിനും ഓപറേഷൻ സിന്ധൂറിനും ശേഷം നടക്കുന്ന ആദ്യ കളിയിൽ ജയം ഇരു ടീമിനും മുമ്പത്തേക്കാളധികം അഭിമാനപ്രശ്നമായിട്ടുണ്ട്. വിജയികൾക്ക് സൂപ്പർ ഫോറിലും ഇടമുറപ്പിക്കാം.
ടീം ഇവരിൽനിന്ന്ഇന്ത്യ: സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), ശുഭ്മൻ ഗിൽ, അഭിഷേക് ശർമ, തിലക് വർമ, സഞ്ജു സാംസൺ, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, അക്ഷർ പട്ടേൽ, ജസ്പ്രീത് ബുംറ, വരുൺ ചക്രവർത്തി, കുൽദീപ് യാദവ്, ഹർഷിത് റാണ, അർഷ്ദീപ് സിങ്, റിങ്കു സിങ്, ജിതേഷ് ശർമ.പാകിസ്താൻ: സൽമാൻ ആഗ (ക്യാപ്റ്റൻ), സാഇം അയ്യൂബ്, സാഹിബ്‌സാദ ഫർഹാൻ, മുഹമ്മദ് ഹാരിസ്, ഫഖർ സമാൻ, ഹസൻ നവാസ്, മുഹമ്മദ് നവാസ്, ഫഹീം അഷ്‌റഫ്, ഷഹീൻ ഷാ അഫ്രീദി, സൂഫിയാൻ മുഖീം, അബ്രാർ അഹ്മദ്.