പാക് പ്രധാനമന്ത്രിയുടെ യുഎൻ പ്രസംഗത്തിന് ഇന്ത്യയുടെ ശക്തമായ മറുപടി,’നാടകങ്ങൾകൊണ്ട് വസ്തുതകൾ മറയ്ക്കാനാകില്ല’; തീവ്രവാദത്തെ മഹത്വവത്കരിക്കുന്നുവെന്ന് വിമർശനം

പാക് പ്രധാനമന്ത്രിയുടെ യുഎൻ പ്രസംഗത്തിന് ഇന്ത്യയുടെ ശക്തമായ മറുപടി,’നാടകങ്ങൾകൊണ്ട് വസ്തുതകൾ മറയ്ക്കാനാകില്ല’; തീവ്രവാദത്തെ മഹത്വവത്കരിക്കുന്നുവെന്ന് വിമർശനം


ന്യൂഡൽഹി: യുഎൻ പൊതുസഭയിൽ പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് നടത്തിയ പ്രസംഗത്തിന് ഇന്ത്യയുടെ ശക്തമായ മറുപടി. ഷെരീഫിന്റെ പരാമർശങ്ങളെ അസംബന്ധങ്ങളുടെ നാടകം എന്ന് വിശേഷിപ്പിച്ച ഇന്ത്യ, ഒരു നാടകങ്ങൾക്കൊണ്ടും വസ്തുതകൾ മറച്ചുവെക്കാൻ സാധിക്കുകയില്ലെന്ന് തുറന്നടിച്ചു.

മറുപടി പ്രസംഗത്തിൽ സംസാരിച്ച ഇന്ത്യൻ നയതന്ത്രജ്ഞ പെറ്റൽ ഗഹ്ലോട്ട്, പാകിസ്ഥാൻ്റെ വിദേശനയത്തിൻ്റെ കേന്ദ്രബിന്ദുവായ തീവ്രവാദത്തെ ഷെരീഫ് വീണ്ടും മഹത്വവത്കരിക്കുകയാണെന്ന് കുറ്റപ്പെടുത്തി. പഹൽഗാം ആക്രമണം നടത്തിയ, പാക് പിന്തുണയുള്ള ഭീകരസംഘടനയായ ‘ദി റെസിസ്റ്റൻസ് ഫ്രണ്ടിനെ’ (The Resistance Front) സംരക്ഷിക്കാൻ പാകിസ്ഥാൻ ശ്രമിച്ചതായി പെറ്റൽ ഗഹ്ലോട്ട് ചൂണ്ടിക്കാട്ടി. പതിറ്റാണ്ടുകളായി തീവ്രവാദം പ്രോത്സാഹിപ്പിക്കുകയും കയറ്റുമതി ചെയ്യുകയും ചെയ്യുന്ന ഒരു രാജ്യത്തിന്, തീർത്തും വിചിത്രമായ വാദങ്ങൾ മുന്നോട്ട് വെക്കുന്നതിൽ ലജ്ജയില്ല. ഒസാമ ബിൻ ലാദനെ ഒരു പതിറ്റാണ്ടോളം സംരക്ഷിക്കുകയും, ഭീകരവാദത്തിനെതിരായ യുദ്ധത്തിൽ പങ്കാളിയാണെന്ന് നടിക്കുകയും ചെയ്ത രാജ്യമാണിത്,” അവർ പറഞ്ഞു. പതിറ്റാണ്ടുകളായി തീവ്രവാദ ക്യാമ്പുകൾ പ്രവർത്തിപ്പിക്കുന്നുണ്ടെന്ന് പാകിസ്ഥാൻ മന്ത്രിമാർ അടുത്തിടെ സമ്മതിച്ച കാര്യവും ഗഹ്ലോട്ട് ഓർമ്മിപ്പിച്ചു.

യുഎൻ പൊതുസഭയിൽ പാകിസ്ഥാൻ

നേരത്തെ യുഎൻ പൊതുസഭയിൽ പാകിസ്ഥാൻ ഇന്ത്യക്കെതിരെ നിരവധി ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ഇന്ത്യ പ്രകോപനമില്ലാതെ ആക്രമണം നടത്തിയെന്നും സാധാരണക്കാരെ ലക്ഷ്യമിട്ടെന്നും ഷെരീഫ് ആരോപിച്ചു.പഹൽഗാം സംഭവത്തിൽ സ്വതന്ത്ര അന്വേഷണം നടത്താനുള്ള തൻ്റെ നിർദ്ദേശം ഇന്ത്യ തള്ളിക്കളഞ്ഞെന്നും അദ്ദേഹം പറഞ്ഞു.

പാകിസ്ഥാൻ സേന പ്രത്യാക്രമണം നടത്തി ഏഴ് ഇന്ത്യൻ യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ടെന്ന പഴയ തെറ്റായ അവകാശവാദം അദ്ദേഹം ആവർത്തിച്ചു.

ഇന്ത്യ സിന്ധു നദീജല കരാറിലെ വ്യവസ്ഥകൾ ലംഘിക്കുന്നതായും ഷെരീഫ് ആരോപിച്ചു.

മെയ് മാസത്തിലെ സൈനിക നടപടിക്ക് ശേഷം ഇന്ത്യയും പാകിസ്ഥാനും തമ്മിൽ വെടിനിർത്തൽ കരാർ ഉണ്ടാക്കുന്നതിൽ യു.എസ്. പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് ‘സജീവ പങ്ക്’ വഹിച്ചു എന്ന വാദവും ഷെരീഫ് ആവർത്തിച്ചു.

Share Email
LATEST
Top