ഉപഗ്രഹങ്ങളെ സംരക്ഷിക്കാൻ ‘ബോഡിഗാർഡ് സാറ്റലൈറ്റുകൾ’ വിന്യസിക്കാൻ ഇന്ത്യ

ഉപഗ്രഹങ്ങളെ സംരക്ഷിക്കാൻ ‘ബോഡിഗാർഡ് സാറ്റലൈറ്റുകൾ’ വിന്യസിക്കാൻ ഇന്ത്യ

ന്യൂഡൽഹി: ഭ്രമണപഥത്തിലെ ഉപഗ്രഹങ്ങളെ ശത്രുക്കളുടെ ആക്രമണങ്ങളിൽനിന്ന് സംരക്ഷിക്കുന്നതിനായി ‘ബോഡിഗാർഡ് സാറ്റലൈറ്റുകൾ’ (അംഗരക്ഷക ഉപഗ്രഹങ്ങൾ) വിന്യസിക്കാൻ ഇന്ത്യ പദ്ധതിയിടുന്നു. ഇന്ത്യ-പാകിസ്താൻ സംഘർഷസമയത്ത് നിർണായക വിവരങ്ങൾ നൽകി രാജ്യത്തെ സഹായിച്ചത് ഉപഗ്രഹങ്ങളായിരുന്നു. ഈ പശ്ചാത്തലത്തിൽ, ബഹിരാകാശ മേഖലയിലെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം.

ഭ്രമണപഥത്തിലുള്ള ഉപഗ്രഹത്തിന് നേരെ ഏതെങ്കിലും തരത്തിലുള്ള ആക്രമണമുണ്ടായാൽ അത് തിരിച്ചറിയാനും പ്രതിരോധിക്കാനും ഈ അംഗരക്ഷക ഉപഗ്രഹങ്ങൾക്കാകും. 2024-ന്റെ മധ്യത്തിൽ ഒരു ഇന്ത്യൻ ഉപഗ്രഹത്തിന് സമീപത്തേക്ക് അയൽരാജ്യങ്ങളിലൊന്നിന്റെ ബഹിരാകാശ പേടകം അപകടകരമായ രീതിയിൽ അടുത്തെത്തിയ സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. അത്തരത്തിലുള്ള സംഭവങ്ങൾ ഭാവിയിൽ ആവർത്തിക്കാതിരിക്കാനും നിലവിലെ ഉപഗ്രഹങ്ങളെ സംരക്ഷിക്കാനും വേണ്ടിയാണ് സർക്കാർ ഈ പദ്ധതിക്ക് രൂപം നൽകുന്നത്.

ഭൂമിയിൽനിന്ന് 500-600 കിലോമീറ്റർ ഉയരത്തിൽ ഭ്രമണം ചെയ്യുന്ന, ഐഎസ്ആർഒയുടെ സൈനിക ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന നിരീക്ഷണ ഉപഗ്രഹത്തിന് ഒരു കിലോമീറ്റർ പരിധിക്കുള്ളിലാണ് അജ്ഞാത ബഹിരാകാശ പേടകം എത്തിയത്. ഉപഗ്രഹങ്ങൾ തമ്മിൽ കൂട്ടിമുട്ടിയില്ലെങ്കിലും ഇത് മറ്റ് രാജ്യങ്ങളുടെ ശക്തിപ്രകടനമായി കണക്കാക്കപ്പെടുന്ന സാഹചര്യത്തിലാണ് അംഗരക്ഷക ഉപഗ്രഹങ്ങളെ സജ്ജമാക്കാൻ സർക്കാർ തീരുമാനിച്ചത്. എന്നാൽ, ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രതികരണത്തിന് ഐഎസ്ആർഒയോ ബഹിരാകാശ വകുപ്പോ ഇതുവരെ തയ്യാറായിട്ടില്ല.

India to deploy ‘bodyguard satellites’ to protect satellites

Share Email
LATEST
Top