മുംബൈ: ഇന്ത്യ-അമേരിക്ക വ്യാപാര ചർച്ചകൾ ഡൽഹിയിൽ ആരംഭിച്ചതിനു പിന്നാലെ ഇന്ത്യൻ ഓഹരി വിപണിയിൽ വൻ കുതിപ്പ്. യു.എസ്. പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഏർപ്പെടുത്തിയ 50 ശതമാനം താരിഫിനു ശേഷം തുടങ്ങിയ ചർച്ചകൾ വിപണിക്ക് ഗുണകരമായി. സെൻസെക്സ് 590 പോയിന്റും നിഫ്റ്റി 160 പോയിന്റും നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു. കഴിഞ്ഞ കുറേ ദിവസങ്ങളായി തുടർന്ന മാന്ദ്യത്തിനു ശേഷം വിപണി ഉണർന്നത് നിക്ഷേപകർക്ക് ആശ്വാസമായി. റിയാലിറ്റി, ഓട്ടോ, മീഡിയ സൂചികകൾ മികച്ച പ്രകടനം കാഴ്ചവച്ചു.
വ്യാപാര ചർച്ചകളോടൊപ്പം യു.എസ്. ഫെഡറൽ റിസർവ് പലിശനിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷയും വിപണിയെ സ്വാധീനിച്ചു. രൂപയുടെ മൂല്യത്തിലും വർധന രേഖപ്പെടുത്തി; 17 പൈസയുടെ നേട്ടത്തോടെ ഒരു ഡോളർ 88.05 രൂപയായി. രാവിലെ തുടങ്ങിയ മുന്നേറ്റം ദിവസം മുഴുവൻ നീണ്ടുനിന്നു, വിപണിയിൽ ആത്മവിശ്വാസം വർധിപ്പിച്ചു.