ലണ്ടൻ: ഇംഗ്ലീഷ് ചാനൽ വഴി അനധികൃതമായി ബ്രിട്ടണിലേക്ക് കുടിയേറാൻ ശ്രമിച്ച ആളെ ഫ്രാൻസിലേക്ക് നാടുകടത്തി. യു കെയും ഫ്രാൻസും തമ്മിൽ ഒപ്പുവെച്ച ഉടമ്പടി പ്രകാരമാണ് ഈ നാടുകടത്തൽ. ഇന്ത്യൻ പൗരനെയാണ് നാടുകടത്തിയത്.
ഇംഗ്ലീഷ് ചാനൽ കടന്ന് അനധികൃതമായി പ്രവേശിക്കുന്ന കുടിയേറ്റക്കാരെ തടയുന്നതിനായി ഇരുരാജ്യങ്ങളും ഏർപ്പെട്ട കരാർ പ്രകാരമാണ് ഇന്ത്യൻ പൗരനെ നാടുകടത്തിയത്. അനധികൃത കുടിയേറ്റം തടയുന്നതിനുള്ള സുപ്രധാന ഘട്ടമാണിതെന്ന് ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി ഷബാന മഹ്മൂദ് പറഞ്ഞു.
‘വൺ ഇൻ, വൺ ഔട്ട്’ പദ്ധതി പ്രകാരമാണ് ഇപ്പോത്തെ നാടുകടത്തൽ നടപടി. പ്രധാനമന്ത്രി കെയർ സ്റ്റാർമറും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും ഒപ്പുവെച്ച ഉടമ്പടി പ്രകാരം, ഫ്രാൻസിൽനിന്ന് ചെറു ബോട്ടുകളിൽ ഇംഗ്ലീഷ് ചാനൽ കടന്ന് യുകെയിൽ പ്രവേശിക്കുന്ന കുടിയേറ്റക്കാരെ തടങ്കലിൽ വെക്കാനും ഫ്രാൻസിൽനിന്ന് സുരക്ഷിത മാർഗങ്ങളിലൂടെ എത്തുന്ന അഭയാർഥികളെ സ്വീകരിക്കാനും കഴിയും. തുടർന്ന് അനധികൃത കുടിയേറ്റക്കാരനെ ഫ്രാൻസിലേക്ക് തന്നെ മടക്കി അയയ്ക്കും.
കഴിഞ്ഞ ഓഗസ്റ്റിലാണ് ഇന്ത്യക്കാരൻ യുകെയിൽ അനധികൃതമായി പ്രവേശിച്ചത്. ഇയാളെ യുകെയിലെ ഹീത്രൂ വിമാനത്താവളത്തിൽനിന്ന് പാരീസിലേക്ക് കൊണ്ടുപോയി ഫ്രാൻസിൽ എത്തിയ ശേഷം ഇന്ത്യയിലേക്ക് സ്വമേധയാ മടങ്ങാൻ അവസരം നൽകും. തയ്യാറായില്ലെങ്കിൽ നിർബന്ധമായി നീക്കം ചെയ്യും.
Indian man deported to France for trying to illegally immigrate to Britain via English Channel













