ടെൽ അവീവ്: യുഎസിനോടും പാകിസ്താനോടും ഇന്ത്യ സ്വീകരിച്ച നിലപാടുകളിൽ നിന്ന് ഇസ്രയേലിന് ഏറെ പഠിക്കാനുണ്ടെന്ന് ഇസ്രയേൽ പ്രതിരോധ നയ വിദഗ്ധൻ സാക്കി ശാലോം. മിസ്ഗാവ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ നാഷണൽ സെക്യൂരിറ്റി ആൻഡ് സയണിസ്റ്റ് സ്ട്രാറ്റജിയിലെ സീനിയർ ഫെലോ ആയ ശാലോം, ദ ജറുസലേം പോസ്റ്റിൽ എഴുതിയ ലേഖനത്തിലാണ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയിൽ നിന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് ധാരാളം പഠിക്കേണ്ടതുണ്ടെന്ന പരാമർശമുള്ളത്.
തീരുവ നയത്തിൽ അമേരിക്കയ്‌ക്കെതിരെ മോദിയുടെ കർശനമായ നിലപാടും പാകിസ്താനുമായുള്ള ഇന്ത്യയുടെ അതിർത്തി സംഘർഷങ്ങളോടുള്ള അദ്ദേഹത്തിന്റെ സമീപനവും, രാജ്യത്തിന്റെ അന്തസ്സ് ഒരു ആഡംബരമല്ല, മറിച്ച് തന്ത്രപ്രധാനമായ സ്വത്താണെന്നാണ് വ്യക്തമാക്കുന്നതെന്ന് ശാലോം ലേഖനത്തിൽ ചൂണ്ടിക്കാണിക്കുന്നു.
റഷ്യയിൽ നിന്നും എണ്ണവാങ്ങുന്നതിന്റെ പേരിൽ ഇന്ത്യയ്ക്കുമേൽ യുഎസ് കനത്ത തീരുവ ചുമത്തിയതിനെ തുടർന്ന് ഇരുരാജ്യങ്ങൾക്കിടയിലെ ബന്ധം വഷളായിരുന്നു. ഇന്ത്യ-പാകിസ്താൻ സംഘർഷം അവസാനിപ്പിക്കുന്നതിന് മധ്യസ്ഥത വഹിച്ചുവെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദത്തെയും നരേന്ദ്ര മോദി സർക്കാർ എതിർത്തു. സാമ്പത്തികവും സൈനികവുമായ സംഘർഷങ്ങളിൽ നിന്ന് മാത്രമല്ല, മറിച്ച് വ്യക്തിപരവും രാജ്യത്തിന്റെ ആത്മാഭിമാനത്തെ തന്നെ അവഹേളിച്ചു എന്ന തോന്നലിൽ നിന്നുമാണ് മോദിയുടെ ഈ കടുത്ത പ്രതികരണം. ട്രംപിന്റെ നാല് ഫോൺ കോളുകൾ മോദി നിരസിച്ചു. ഇതിൽ നിന്നും ഇസ്രയേലിന് പ്രധാനപ്പെട്ട ചിലത് പഠിക്കാനുണ്ട്, ശാലോം പറഞ്ഞു.
ട്രംപിൽ നിന്ന് ആക്രമണങ്ങൾ നേരിട്ടപ്പോൾ പ്രധാനമന്ത്രി മോദി ക്ഷമാപണം നടത്താൻ തിടുക്കം കാട്ടിയില്ല. പകരം, രാജ്യത്തിന്റ ആത്മാഭിമാനം ഉയർത്തിപ്പിടിച്ചുകൊണ്ട് ശക്തമായി പ്രതികരിക്കാനാണ് തീരുമാനിച്ചത്. ഒരുപക്ഷേ അദ്ദേഹത്തിന്റെ സമീപനം പരുഷമായി തോന്നിയേക്കാം, എന്നാൽ ഇത് ഇന്ത്യയെ ഒരു ആജ്ഞാനുവർത്തിയായോ തരംതാണ ഒരു രാജ്യമായോ പരിഗണിക്കുന്നത് അംഗീകരിക്കില്ലെന്ന വ്യക്തമായ ഒരു സന്ദേശം നൽകി.
അതേസമയം, ഇസ്രയേൽ ഇതിനു വിപരീതമായി, ഖാൻ യൂനിസ് സംഭവസമയത്ത് അമിതമായ ഉത്കണ്ഠ പ്രകടിപ്പിക്കാനാണ് ശ്രമിച്ചത്. ഈ സമീപനം ഹ്രസ്വകാല നാശനഷ്ടങ്ങൾ ലഘൂകരിക്കാൻ ലക്ഷ്യമിട്ടുള്ളതായിരിക്കാം. പക്ഷേ ദീർഘകാല തന്ത്രപരമായ താൽപ്പര്യങ്ങൾക്ക് ഇത് ദോഷം ചെയ്യും. ബുദ്ധിമുട്ടുള്ളതും സങ്കീർണ്ണവുമായ സാഹചര്യങ്ങൾ നേരിടുമ്പോൾ പോലും ഒരു രാജ്യം അതിന്റെ ആത്മാഭിമാനം സംരക്ഷിക്കണം. ഇസ്രയേൽ, രാജ്യത്തിന്റെ നിലയും സുരക്ഷയും ഉറപ്പാക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ ലോകത്തിന് മുന്നിൽ ഉറച്ച പ്രതിരോധശേഷി പ്രകടിപ്പിക്കണം, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
India’s stances towards the US and Pakistan: Israel has a lot to learn, says Israeli defense policy expert