സെക്കന്‍ഡില്‍ 100 ഗിഗാബിറ്റ്‌സിൽ കൂടുതല്‍ ഇന്റര്‍നെറ്റ് വേഗത: പ്രോട്ടോടൈപ്പ് 6G ചിപ്പ് അവതരിപ്പിച്ച് ഗവേഷകര്‍

സെക്കന്‍ഡില്‍ 100 ഗിഗാബിറ്റ്‌സിൽ കൂടുതല്‍ ഇന്റര്‍നെറ്റ് വേഗത: പ്രോട്ടോടൈപ്പ് 6G ചിപ്പ് അവതരിപ്പിച്ച് ഗവേഷകര്‍

സെക്കന്‍ഡില്‍ 100 ഗിഗാബിറ്റ്‌സില്‍ (Gbps) കൂടുതല്‍ ഇന്റര്‍നെറ്റ് വേഗത കൈവരിക്കാന്‍ ശേഷിയുള്ള പ്രോട്ടോടൈപ്പ് 6G ചിപ്പ് അവതരിപ്പിച്ച് ഗവേഷകര്‍. ചൈനീസ് – അമേരിക്കന്‍ എഞ്ചിനീയര്‍മാരാണ് നിര്‍ണായക മുന്നേറ്റത്തിന് പിന്നില്‍. 5G-യുടെ പരമാവധി വേഗത്തേക്കാള്‍ ഏകദേശം 10 മടങ്ങും മിക്ക ഉപയോക്താക്കള്‍ക്കും ലഭിക്കുന്ന ശരാശരി വേഗത്തേക്കാള്‍ 500 മടങ്ങും കൂടുതലാണിതെന്ന് നേച്ചര്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പ്രബന്ധത്തില്‍ പറയുന്നു.

മില്ലിമീറ്ററുകള്‍ മാത്രം വലിപ്പമുള്ള ഈ ചിപ്പിന്റെ രൂപകല്‍പ്പനയാണ് മുന്നേറ്റത്തെ കൂടുതല്‍ ശ്രദ്ധേയമാക്കുന്നത്. ഈ ചെറിയ പാക്കേജിനുള്ളില്‍, 0.5 GHz മുതല്‍ 115 GHz വരെയുള്ള അതിവിശാലമായ ഫ്രീക്വന്‍സി ബാന്‍ഡില്‍ പ്രവര്‍ത്തിക്കാന്‍ ഈ ഉപകരണത്തിന് കഴിയും. പെക്കിംഗ് യൂണിവേഴ്‌സിറ്റി, സിറ്റി യൂണിവേഴ്‌സിറ്റി ഓഫ് ഹോങ്കോംഗ്, യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയ, സാന്താ ബാര്‍ബറ എന്നിവിടങ്ങളിലെ ഗവേഷകരാണ് നൂതന ചിപ്പ് സംയുക്തമായി വികസിപ്പിച്ചെടുത്തത്. 6G കണക്റ്റിവിറ്റിയില്‍ പുതിയ ചിപ്പ് ഒരു വിപ്ലവം സൃഷ്ടിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇത് അള്‍ട്രാ-ഹൈ-ഡെഫനിഷന്‍ സ്ട്രീമിംഗ്, മുതല്‍ വലിയ അളവില്‍ ഡാറ്റാ ത്രൂപുട്ട് ആവശ്യമുള്ള നിര്‍മിതബുദ്ധി (AI) സേവനങ്ങള്‍ വരെ സാധ്യമാക്കും.

6G വികസനത്തിലെ വെല്ലുവിളികളെ നേരിടേണ്ടത് ഒരു അടിയന്തര ആവശ്യമാണെന്ന് പെക്കിംഗ് യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസര്‍ വാങ് സിന്‍ജുന്‍ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ഇന്റര്‍നെറ്റ് അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങളുടെ ആവശ്യം അതിവേഗം വര്‍ധിക്കുന്നതിനാല്‍ അടുത്ത തലമുറ നെറ്റ്​വർക്കുകള്‍ക്ക് വിവിധ ഫ്രീക്വന്‍സി ബാന്‍ഡുകളുടെ കഴിവുകള്‍ പ്രയോജനപ്പെടുത്തേണ്ടതുണ്ട്. വെര്‍ച്വല്‍ റിയാലിറ്റി, ശസ്ത്രക്രിയകള്‍ തുടങ്ങിയ ആവശ്യങ്ങള്‍ക്ക് ഇത് മുതല്‍ക്കൂട്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2030-കളോടെ മാത്രമേ 6G നെറ്റ്വര്‍ക്കുകള്‍ നിലവില്‍ വരാന്‍ സാധ്യതയുള്ളൂ എന്നാണ് വിദഗ്ധര്‍ പറയുന്നത്. എങ്കിലും ഇത്തരം പ്രോട്ടോടൈപ്പുകള്‍ നിര്‍ണായകമായ പുരോഗതി ഉണ്ടാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ആഗോളതലത്തില്‍ ഡാറ്റയുടെ ആവശ്യം കുതിച്ചുയരുന്ന സാഹചര്യത്തില്‍ ഇത്തരം കണ്ടെത്തലുകള്‍ വയര്‍ലെസ് വിപ്ലവത്തിനുതന്നെ വഴിയൊരുക്കിയേക്കാം.

Internet speeds of more than 100 gbps: Researchers unveil prototype 6G chip

Share Email
LATEST
Top