ഗാസ: ഗാസ നഗരം പിടിച്ചെടുക്കാനായി ഇസ്രയേൽ സൈന്യം ശക്തമായ കരയാക്രമണം ആരംഭിച്ചു. നഗരം പിടിച്ചെടുക്കാനുള്ള നീക്കത്തിന്റെ ഭാഗമായി കരസേന ബോംബാക്രമണം ഊർജിതമാക്കിയതായി ഇസ്രയേൽ സൈന്യം എക്സിൽ പങ്കുവെച്ച മാപ്പിലൂടെ അറിയിച്ചു. ഇന്ന് മാത്രം നടന്ന ആക്രമണങ്ങളിൽ 60-ലേറെ പേർ കൊല്ലപ്പെട്ടതായി അൽ ജസീറ റിപ്പോർട്ട് ചെയ്തു.
ആക്രമണം ശക്തമായതോടെ ഗാസയിൽ നിന്ന് പലസ്തീനികൾ കൂട്ടപ്പലായനം തുടരുകയാണ്. ജീവൻ രക്ഷിക്കാൻ ജനങ്ങൾ പലായനം ചെയ്യുന്നതായി ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്തു. ഗാസമുനമ്പിനെ വിവിധ ഭാഗങ്ങളാക്കി തിരിച്ച് സമ്പൂർണ സൈനിക നടപടികൾ നടത്താനുള്ള ഇസ്രയേലിന്റെ തന്ത്രം വ്യക്തമാക്കുന്ന മാപ്പും സൈന്യം എക്സിൽ പങ്കുവെച്ചു. ഈ സാഹചര്യത്തിൽ, ഗാസയിലെ സ്ഥിതിഗതികൾ കൂടുതൽ വഷളാകുമെന്ന് ആശങ്ക ഉയരുകയാണ്. അതിനിടെ ഐക്യരാഷ്ട്രസഭയുടെ അന്വേഷണക്കമ്മിഷൻ റിപ്പോർട്ട് പ്രകാരം, ഇസ്രയേൽ പലസ്തീനികൾക്കെതിരെ വംശഹത്യ നടത്തുന്നുവെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.