തെരഞ്ഞെടുപ്പ് സായാഹ്നത്തില്‍ കപടഭക്തിയുമായി സര്‍ക്കാര്‍ വരുമ്പോള്‍ തുറന്നു കാട്ടേണ്ടത് പ്രതിപക്ഷത്തിന്റെ ഉത്തരവാദിത്വം: വി.ഡി സതീശന്‍

തെരഞ്ഞെടുപ്പ് സായാഹ്നത്തില്‍ കപടഭക്തിയുമായി സര്‍ക്കാര്‍ വരുമ്പോള്‍ തുറന്നു കാട്ടേണ്ടത് പ്രതിപക്ഷത്തിന്റെ ഉത്തരവാദിത്വം: വി.ഡി സതീശന്‍

കൊച്ചി: തെരഞ്ഞെടുപ്പ് അടുത്തുവരുമ്പോള്‍ കപടഭക്തിയുമായി സര്‍ക്കാര്‍ രംഗത്തുവരുമ്പോള്‍ അത് തുറന്നു കാട്ടേണ്ടത് പ്രതിപക്ഷത്തിന്റെ ഉത്തരവാദിത്വമാണെന്നു പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍. അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് രാഷ്ട്രീയമായ തീരുമാനമാണ് യു.ഡി.എഫും കോണ്‍ഗ്രസും സ്വീകരിച്ചത്.മൂന്ന് ചോദ്യങ്ങളാണ് പ്രതിപക്ഷം സര്‍ക്കാരിനോട് ചോദിച്ചത്. ഇപ്പോള്‍ അയ്യപ്പ ഭക്തി കാട്ടുന്ന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നല്‍കിയിരിക്കുന്ന സത്യവാങ്മൂലം പിന്‍വലിക്കുമോ? എന്‍.എസ്.എസ് പ്രവര്‍ത്തകരും സ്ത്രീകളും ഉള്‍പ്പെടെ ആയിരക്കണക്കിന് പേര്‍ക്കെതിരെ എടുത്ത കേസുകള്‍ പിന്‍വലിക്കുമോ? പത്ത് വര്‍ഷക്കാലം ശബരിമലയുടെ വികസനത്തിന് ചെറുവിരല്‍ അനക്കാത്ത സര്‍ക്കാര്‍ ഇപ്പോള്‍ മാസ്റ്റര്‍ പ്ലാനുമായി വന്നത് ആരെ കബളിപ്പിക്കാനാണ്? ഈ ചോദ്യങ്ങള്‍ക്ക് ഇതുവരെ മുഖ്യമന്ത്രിയും സര്‍ക്കാരും മറുപടി പറഞ്ഞിട്ടില്ല.

എല്ലാ സമുദായങ്ങളോടും യു.ഡി.എഫിന് ഒരേ നിലപാടാണ്. പ്രത്യേക പരിഗണന ആരോടുമില്ല. ശുദ്ധവും സത്യസന്ധവുമായ മതേതര നിലപാടാണ് യു.ഡി.എഫ് സ്വീകരിക്കുന്നത്. ഓരോ വിഷയങ്ങള്‍ വരുമ്പോഴും നിലപാടുകളില്‍ വെള്ളം ചേര്‍ക്കാറില്ല. ഏത് മത വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് പ്രശ്നങ്ങളുണ്ടായാലും ഞങ്ങള്‍ സഹായിക്കാറുണ്ട്. വിശ്വാസികള്‍ക്കൊപ്പം നില്‍ക്കാറുണ്ട്. ഞങ്ങള്‍ക്ക് കൃത്യമായ നിലപാടുണ്ട്. അതേസമയം ഭൂരിപക്ഷ വര്‍ഗീയതയെയും ന്യൂനപക്ഷ വര്‍ഗീയതയെയും ഒരു പോലെ എതിര്‍ക്കും.

എന്നാല്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് വരെ പിണറായി വിജയന്‍ ന്യൂനപക്ഷ വര്‍ഗീയതയെ പ്രീണിപ്പിക്കുകയായിരുന്നു. ഇപ്പോള്‍ ഭൂരിപക്ഷ വര്‍ഗീയതയെ പ്രീണിപ്പിക്കുകയാണ്. 2026-ലെ കനത്ത തോല്‍വി മുന്നില്‍ക്കണ്ടുള്ള വിഭ്രാന്തിയാണ് സര്‍ക്കാരിന്. അതിന്റെ ഭാഗമായാണ് അയ്യപ്പ സംഗമം സംഘടിപ്പിച്ചത്. അയ്യപ്പ സംഗമത്തിന്റെ പേരില്‍ കേരളം മുഴുവന്‍ വച്ച ബോര്‍ഡുകളില്‍ ഒരിടത്തു പോലും അയ്യപ്പന്റെ ഒരു ചിത്രം പോലുമില്ല. പേര് അയ്യപ്പ സംഗമാണ് എന്നാണെങ്കിലും പിണറായി വിജയന്റെയും വി.എന്‍ വാസവന്റെയും ചിത്രങ്ങളാണ്. രാഷ്ട്രീയമായി ശബരിമലയെ ദുരുപയോഗം ചെയ്താല്‍ പ്രതിപക്ഷം അത് തുറുന്നു കാട്ടും. അത് പ്രതിപക്ഷ ധര്‍മ്മമാണ്. അത് തുറന്നു കാട്ടുമെന്നതില്‍ ഒരു സംശയവും വേണ്ട.

സമദൂര സിദ്ധാന്തത്തില്‍ ഒരു മാറ്റവുമില്ലെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി വ്യക്തമാക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പുമായി ഇപ്പോഴത്തെ നിലപാടിന് ബന്ധമില്ല. ഇതൊക്കെ ഓരോ വിഷയങ്ങള്‍ വരുമ്പോഴുള്ള നിലപാടുകളാണ്. വിശദമായി ചര്‍ച്ച ചെയ്ത ശേഷമാണ് അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് യു.ഡി.എഫ് നിലപാടെടുത്തത്. ആ നിലപാട് ശരിയാണെന്ന് അയ്യപ്പ സംഗമം ഏഴു നിലയില്‍ പൊട്ടിയപ്പോള്‍ എല്ലാവര്‍ക്കും മനസിലായി. ഞങ്ങള്‍ അതിന്റെ ഭാഗമായില്ല എന്ന സന്തോഷമാണ് ഇപ്പോഴുമുള്ളത്. ഞങ്ങളുടെ തീരുമാനം നൂറു ശതമാനം ശരിയായിരുന്നെന്ന് ഞങ്ങള്‍ക്ക് ബോധ്യമുണ്ട്. അവിടെ എന്ത് കാപട്യമാണ് നടന്നത്. മുഖ്യമന്ത്രി കപട ഭക്തനായി അഭിനയിച്ച് വിശ്വാസികളെ കബളിപ്പിക്കുകയായിരുന്നു.

ആരുമായും ഞങ്ങള്‍ക്ക് ഒരു വിരോധവുമില്ല. എന്‍.എസ്.എസും എസ്.എന്‍.ഡി.പിയും ഉള്‍പ്പെടെ ഒരു സമുദായസംഘടനകളുമായും കോണ്‍ഗ്രസിനോ യു.ഡി.എഫ് നേതൃത്വത്തിനോ ഒരു തര്‍ക്കവുമില്ല. അവര്‍ നിലപാടുകള്‍ എടുക്കുന്നതിലും ഞങ്ങള്‍ക്ക് പരാതിയില്ല. പക്ഷെ ഞങ്ങള്‍ക്കൊരു നിലപാടുണ്ട്. ആ നിലപാട് ആലോചിച്ച് ചര്‍ച്ച ചെയ്ത് എടുത്തതാണ്. ശബരിമലയില്‍ ആചാരലംഘനം നടക്കുന്ന സമയത്ത് ആചാരങ്ങളെ സംരക്ഷിക്കാന്‍ നിലപാടെടുത്ത് കൂടെ നിന്നത് ഞങ്ങളല്ലേ? സര്‍ക്കാര്‍ എന്ത് വൃത്തികേടാണ് കാട്ടിയത്. ആചരലംഘനം നടത്തുന്നതിന് പൊലീസിന്റെ പിന്‍ബലത്തോടെ രണ്ട് സ്ത്രീകളെ കൊണ്ടു വന്ന് ഇരുട്ടിന്റെ മറവില്‍ ദര്‍ശനം നടത്തി.

ലോകം കീഴ്മേല്‍ മറിഞ്ഞാലും ഒരു മാറ്റവും ഉണ്ടാകില്ലെന്ന് പിണറായി വിജയന്‍ പറഞ്ഞു. പിന്നീട് നവോത്ഥാന സംരക്ഷണ സമിതിയുണ്ടാക്കി. ആചാരലംഘനം നടത്തുന്നത് നവോത്ഥാനമാണെന്നു പറഞ്ഞു. ഇതൊക്കെ കേരളം കണ്ടതാണ്. അന്നത്തെ ആ നിലപാടില്‍ നിന്നും എന്ത് മാറ്റമാണ് പിണറായി സര്‍ക്കാരിനുണ്ടായത്. മാറ്റമുണ്ടായെങ്കില്‍ അന്ന് സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലം പിന്‍വലിക്കണം. മാറ്റമുണ്ടായെങ്കില്‍ വിശ്വാസികള്‍ക്കെതിരായ കേസ് പിന്‍വലിക്കാനും കഴിഞ്ഞ 9 വര്‍ഷം ശബരിമലയുടെ വികസനത്തിന് ഒന്നും ചെയ്യാന്‍ പറ്റിയില്ലെന്നും പറയണം. പത്താമത്തെ വര്‍ഷം മാസ്റ്റര്‍ പ്ലാനുണ്ടാക്കി ശബരിമലയെ ഞെട്ടിച്ചു കളയും എന്നു പറഞ്ഞാല്‍ ഞങ്ങള്‍ ഞെട്ടില്ല. വിശ്വാസികളും ഞെട്ടില്ലെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.

It is the responsibility of the opposition to expose the government’s hypocrisy on election night: V.D. Satheesan

Share Email
Top