ഇറ്റാലിയൻ ഫാഷൻ ഡിസൈനർ ജോർജിയോ അർമാനി അന്തരിച്ചു. അർമാനി ഗ്രൂപ്പ് വ്യാഴാഴ്ച പുറത്തുവിട്ട പ്രസ്താവനയിലാണ് മരണവാർത്ത അറിയിച്ചത്. 92 വയസ് ആയിരുന്നു. പതിറ്റാണ്ടുകളായി ഇറ്റാലിയൻ സൗന്ദര്യവും ആകർഷകത്വവും തന്റെ വസ്ത്രങ്ങളിലൂടെ ലോകത്തിന് മുന്നിൽ അവതരിപ്പിച്ച പ്രതിഭയാണ് അർമാനി. ഹോളിവുഡ് റെഡ് കാർപെറ്റുകൾക്ക് പുതിയ ഭാവം നൽകിയതിലും അദ്ദേഹത്തിന് വലിയ പങ്കുണ്ട്.
എല്ലാ ജീവനക്കാരുടെയും സഹപ്രവർത്തകരുടെയും ബഹുമാനവും ആദരവും ഏറ്റുവാങ്ങിയ അർമാനി തന്റെ പ്രിയപ്പെട്ടവരോടൊപ്പം സമാധാനമായി നമ്മെ വിട്ടുപിരിഞ്ഞുവെന്ന് അർമാനി ഗ്രൂപ്പ് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. ഒരു സ്ഥാപകൻ എന്ന നിലയിൽ, അദ്ദേഹം ഒരു അക്ഷീണമായ പ്രേരകശക്തിയായിരുന്നു. “ഞങ്ങൾ ഈ സ്ഥാപനത്തിൽ എന്നും ഒരു കുടുംബത്തെപ്പോലെയാണ് പ്രവർത്തിച്ചത്ഇന്ന്, വലിയ കാഴ്ചപ്പാടോടും അഭിനിവേശത്തോടും അർപ്പണബോധത്തോടും കൂടി ഈ കുടുംബത്തെ സ്ഥാപിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്ത വ്യക്തിയുടെ അഭാവം ഞങ്ങൾ അനുഭവിക്കുന്നു. എന്നാൽ അദ്ദേഹത്തിന്റെ ഓർമ്മകളെ ബഹുമാനിച്ചും ഉത്തരവാദിത്വത്തോടെയും സ്നേഹത്തോടെയും അദ്ദേഹത്തിന്റെ കമ്പനിയെ മുന്നോട്ട് കൊണ്ടുപോകാൻ അദ്ദേഹത്തോടൊപ്പം എപ്പോഴും പ്രവർത്തിച്ചിരുന്ന ജീവനക്കാരും കുടുംബാംഗങ്ങളും പ്രതിജ്ഞാബദ്ധരാണ് . അർമാനി ഗ്രൂപ്പ് കൂട്ടിച്ചേർത്തു
2025 ജൂണിൽ മിലാൻ മെൻസ് ഫാഷൻ വീക്കിൽ തന്റെ ബ്രാൻഡിന്റെ ഷോയിൽ അർമാനി പങ്കെടുത്തിരുന്നില്ല. തന്റെ കരിയറിൽ ആദ്യമായിട്ടായിരുന്നു അദ്ദേഹം സ്വന്തം ഫാഷൻ റൺവേ ഇവന്റിൽ നിന്ന് വിട്ടുനിന്നത്. അന്ന്, അദ്ദേഹം വീട്ടിൽ വിശ്രമിക്കുകയാണെന്ന് കമ്പനി പ്രസ്താവനയിറക്കിയിരുന്നു, എന്നാൽ ആരോഗ്യപരമായ കാരണങ്ങൾ വ്യക്തമാക്കിയിരുന്നില്ല.













