നിർഭാഗ്യകരവും, നിരുത്തരവാദിത്തപരം, അഹമ്മദാബാദ് വിമാനപകടത്തിൽ പൈലറ്റുമാരെ പഴിക്കുന്ന ഭാഗം മാത്രം പുറത്ത് വിട്ടതിനെതിരെ സുപ്രീംകോടതി

നിർഭാഗ്യകരവും, നിരുത്തരവാദിത്തപരം, അഹമ്മദാബാദ് വിമാനപകടത്തിൽ പൈലറ്റുമാരെ പഴിക്കുന്ന ഭാഗം മാത്രം പുറത്ത് വിട്ടതിനെതിരെ സുപ്രീംകോടതി

ഡൽഹി: അഹമ്മദാബാദ് വിമാനപകടവുമായി ബന്ധപ്പെട്ട റിപ്പോർട്ടിന്റെ ഒരു ഭാഗം മാത്രം പുറത്ത് വിട്ടതിനെതിരെ
സുപ്രീം കോടതി. അപകടത്തിന്റെ കാരണം പൈലറ്റുമാരുടെ പിഴവാകാമെന്ന് ആരോപിക്കുന്ന റിപ്പോർട്ടിന്റെ ഭാഗം മാത്രം പുറത്തുവിട്ടതിനെ നിർഭാഗ്യകരവും, നിരുത്തരവാദിത്തപരവുമെന്ന് സുപ്രീം കോടതി വിശേഷിപ്പിച്ചു. അപകടത്തെക്കുറിച്ച് സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം.

കഴിഞ്ഞ ജൂൺ 12-ന് അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്ക് പറന്ന എയർ ഇന്ത്യ വിമാനം ടേക്ക്-ഓഫിന് തൊട്ടുപിന്നാലെയാണ് തകർന്നു വീണത്. അപകടത്തിൽ 260-ലധികം ആളുകളാണ് മരിച്ചത്. പൈലറ്റുമാർ ഇന്ധനം വിച്ഛേദിച്ചതാണ് അപകട കാരണം എന്ന തരത്തിലുള്ള റിപ്പോർട്ട് നേരത്തെ പുറത്തുവന്നിരുന്നു. അന്വേഷണം പൂർത്തിയാകുന്നതുവരെ രഹസ്യാത്മകത പാലിക്കേണ്ടത് പ്രധാനമാണെന്ന് കോടതി ഊന്നിപ്പറഞ്ഞു. ചില മാധ്യമ റിപ്പോർട്ടുകൾ പൈലറ്റുമാരെ അനാവശ്യമായി കുറ്റപ്പെടുത്തിയെന്നും കോടതി നിരീക്ഷിച്ചു. അപകടത്തിൽ മരിച്ച പൈലറ്റ് സുമീത് സബർവാളിന്റെ പിതാവ്, മകന്റെ സൽപ്പേരിനെ ബാധിക്കുന്ന തരത്തിലുള്ള റിപ്പോർട്ടുകൾക്കെതിരെ സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന് കത്തെഴുതിയതായും വാർത്തകളുണ്ട്. സംഭവം സംബന്ധിച്ച് സ്വതന്ത്രവും നീതിയുക്തവുമായ അന്വേഷണം ആവശ്യപ്പെട്ട് സേഫ്റ്റി മാറ്റേഴ്സ് ഫൗണ്ടേഷൻ എന്ന എൻജിഒ സമർപ്പിച്ച ഹർജിയിൽ കേന്ദ്ര സർക്കാരിനും ഡിജിസിഎക്കും കോടതി നോട്ടീസ് അയച്ചു.

Share Email
Top