തിരുവനന്തപുരം: മുൻ ഡിജിപി ജേക്കബ് തോമസ് രാഷ്ട്രീയ സ്വയംസേവക സംഘത്തിൽ (ആർ.എസ്.എസ്.) സജീവമാകുന്നു. മുഴുവൻ സമയ പ്രചാരകനായി പ്രവർത്തിക്കാനാണ് അദ്ദേഹം തീരുമാനിച്ചിരിക്കുന്നത്. ഒക്ടോബർ ഒന്നിന് കൊച്ചിയിൽ നടക്കുന്ന ആർ.എസ്.എസ്. പദസഞ്ചലനത്തിൽ പങ്കെടുത്തുകൊണ്ട് അദ്ദേഹം ഔദ്യോഗികമായി സജീവ പ്രവർത്തനങ്ങൾക്ക് തുടക്കമിടും.
പോലീസ് സേവനത്തിൽ നിന്ന് വിരമിച്ച ശേഷം 2021-ലാണ് ജേക്കബ് തോമസ് ബി.ജെ.പിയിൽ ചേർന്നത്. നേരത്തെ അദ്ദേഹം നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചിരുന്നു. എന്നാൽ, രാഷ്ട്രീയപാർട്ടി പ്രവർത്തനങ്ങളിൽ നിന്ന് മാറി സാമൂഹിക സേവനത്തിന് കൂടുതൽ നല്ലത് ആർ.എസ്.എസ്. ആണെന്നാണ് അദ്ദേഹം പ്രതികരിച്ചത്.
പോലീസ് യൂണിഫോമായ ‘കാക്കി’ അണിഞ്ഞ് ഡിജിപി സ്ഥാനത്തിരുന്ന അദ്ദേഹം, ഇപ്പോൾ ആർ.എസ്.എസിൻ്റെ ‘കാക്കി’ ഗണവേഷം അണിഞ്ഞ് സാമൂഹിക സേവന രംഗത്ത് സജീവമാകുന്നതിനെ കൗതുകത്തോടെയാണ് രാഷ്ട്രീയ നിരീക്ഷകർ നോക്കിക്കാണുന്നത്. പൊതുരംഗത്ത് ശ്രദ്ധേയമായ പല നിലപാടുകളിലൂടെയും പ്രശസ്തനാണ് ജേക്കബ് തോമസ്.