ജമ്മുകശ്മീരിലെ കുൽഗാം ഏറ്റുമുട്ടൽ: രണ്ട് ഭീകരരെ വധിച്ച് സൈന്യം, രണ്ട് സൈനികർക്ക് വീരമൃത്യു

ജമ്മുകശ്മീരിലെ കുൽഗാം ഏറ്റുമുട്ടൽ: രണ്ട് ഭീകരരെ വധിച്ച് സൈന്യം, രണ്ട് സൈനികർക്ക് വീരമൃത്യു

ശ്രീനഗർ: ജമ്മുകശ്മീരിലെ കുൽഗാം ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ സുരക്ഷാ സേന രണ്ട് ഭീകരവാദികളെ വധിച്ചു. ഏറ്റുമുട്ടലിൽ രണ്ട് സൈനികർക്ക് വീരമൃത്യു സംഭവിച്ചു. കുൽഗാമിലെ ഗുദ്ദർ വനമേഖലയിലാണ് സംഭവം.

പ്രദേശത്ത് ഭീകരവാദികൾ ഒളിവിൽ കഴിയുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് സൈന്യം, സി.ആർ.പി.എഫ്., ജമ്മുകശ്മീർ പോലീസ് എന്നിവരടങ്ങുന്ന സംയുക്ത സേന തിരച്ചിൽ ആരംഭിച്ചു. സൈനിക സംഘത്തിനു നേരെ ഭീകരവാദികൾ വെടിയുതിർത്തതോടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്.

ആദ്യം നടന്ന ഏറ്റുമുട്ടലിൽ ഒരു ഭീകരവാദിയെ വധിച്ചു. ഈ ആക്രമണത്തിൽ ഒരു ജൂനിയർ കമ്മീഷൻഡ് ഓഫീസർക്ക് ഗുരുതരമായി പരിക്കേറ്റു. ഇദ്ദേഹത്തെ ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏറ്റുമുട്ടൽ തുടർന്നുകൊണ്ടിരിക്കെ, മറ്റൊരു ഭീകരവാദിയെക്കൂടി സൈന്യം വധിച്ചു. ഈ നീക്കത്തിനിടെ രണ്ട് സൈനികർക്ക് വെടിയേറ്റു. ഇവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെയാണ് രണ്ട് സൈനികർ മരണത്തിന് കീഴടങ്ങിയത്.

കൊല്ലപ്പെട്ട ഭീകരവാദികളിൽ ഒരാൾ പാകിസ്താൻ പൗരനാണെന്നും മറ്റൊരാൾ കശ്മീർ സ്വദേശിയാണെന്നുമാണ് പ്രാഥമിക വിവരം. പാക് സ്വദേശി റഹ്മാൻ ഭായ് എന്നറിയപ്പെടുന്നയാളാണെന്ന് സൈന്യം സൂചിപ്പിച്ചു. കൊല്ലപ്പെട്ടവരെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ തുടരുകയാണ്. കൂടുതൽ ഭീകരവാദികൾക്കായി പ്രദേശത്ത് തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. കൊല്ലപ്പെട്ട ഭീകരർ ലഷ്കർ ഇ-ത്വയ്ബ സംഘടനയിൽപ്പെട്ടവരാണെന്നാണ് സൈന്യത്തിന്റെ അനുമാനം.

Jammu and Kashmir’s Kulgam encounter: Army kills two terrorists, two soldiers martyred

Share Email
Top