ചരിത്രപരമായ തോൽവിക്ക് പിന്നാലെ പാർട്ടിക്കുള്ളിൽ അവിശ്വാസ പ്രമേയ നീക്കം ശക്തമായി, സമ്മർദ്ദത്തിനൊടുവിൽ ജപ്പാൻ പ്രധാനമന്ത്രി രാജിവച്ചു

ചരിത്രപരമായ തോൽവിക്ക് പിന്നാലെ പാർട്ടിക്കുള്ളിൽ അവിശ്വാസ പ്രമേയ നീക്കം ശക്തമായി, സമ്മർദ്ദത്തിനൊടുവിൽ ജപ്പാൻ പ്രധാനമന്ത്രി രാജിവച്ചു

ടോക്യോ: ജപ്പാൻ പ്രധാനമന്ത്രി ഷിഗേരു ഇഷിബ രാജിവെച്ചു. ജൂലായിൽ നടന്ന പാർലമെന്റിന്റെ ഉപരിസഭാ തിരഞ്ഞെടുപ്പിലെ ചരിത്രപരമായ തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് ഭരണകക്ഷിയായ ലിബറൽ ഡെമോക്രാറ്റിക് പാർട്ടിയിൽ (എൽഡിപി) നിന്ന് ശക്തമായ സമ്മർദ്ദം ഉയർന്നതിനെ തുടർന്നാണ് രാജി. പാർലമെന്റിന്റെ ഇരു സഭകളിലും ഭൂരിപക്ഷം നഷ്ടപ്പെട്ട ഇഷിബയ്ക്കെതിരെ പാർട്ടിക്കുള്ളിൽ അവിശ്വാസ പ്രമേയം കൊണ്ടുവരാനുള്ള ശ്രമങ്ങൾ നടക്കവെയാണ് അദ്ദേഹം സ്ഥാനമൊഴിഞ്ഞത്. പാർട്ടിയിലെ പിളർപ്പ് ഒഴിവാക്കാനാണ് ഈ തീരുമാനമെന്ന് ഇഷിബയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അവകാശപ്പെടുമ്പോൾ, രാജിക്ക് വേണ്ടിയുള്ള തീവ്രമായ സമ്മർദ്ദം താങ്ങാനാവാതെയാണ് ഈ നടപടിയെന്ന് ജാപ്പനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ദീർഘകാലമായി ജപ്പാനിൽ അധികാരത്തിലുള്ള എൽഡിപിയിൽ നിന്ന് ഇഷിബയോട് സ്വമേധയാ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കൃഷി മന്ത്രിയും മുൻ പ്രധാനമന്ത്രിയുമടക്കമുള്ളവർ ശനിയാഴ്ച രാത്രി അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. 84-കാരനായ മുൻ പ്രധാനമന്ത്രി ടാരോ അസോയും ഇഷിബയ്ക്കെതിരായ നീക്കത്തെ പിന്തുണച്ചിരുന്നതായി പ്രാദേശിക മാധ്യമങ്ങൾ വെളിപ്പെടുത്തി. പാർട്ടി നേതൃത്വത്തിന്റെ കാലാവധി 2027 സെപ്റ്റംബർ വരെ നീളേണ്ടിയിരുന്ന ഇഷിബയുടെ പ്രധാന എതിരാളിയായ സനായി ടക്കായിച്ചി, പുതിയ നേതൃത്വ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് സൂചന നൽകിയിട്ടുണ്ട്.

Share Email
Top