കൗണ്‍സിലര്‍ ആത്മഹത്യ ചെയ്ത സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ ആക്രമണം

കൗണ്‍സിലര്‍ ആത്മഹത്യ ചെയ്ത സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ ആക്രമണം

തിരുവനന്തപുരം: കോര്‍പ്പറേഷന്‍ ബിജെപി കൗണ്‍സിലര്‍ ആത്മഹത്യ ചെയ്ത സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ ആക്രമണം.
തിരുവനന്തപുരം കോര്‍പ്പറേഷന്‍ തിരുമല വാര്‍ഡ് കൗണ്‍സിലറും ബിജെപി നേതാവുമായ അനില്‍കുമാര്‍ ആത്മഹത്യ ചെയ്ത സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെയാണ് ഒരു വിഭാഗം ബിജെപി പ്രവര്‍ത്തകര്‍ വനിത മാധ്യമപ്രവര്‍ത്തകരെ ഉള്‍പ്പെടെ കൈയേറ്റം ചെയ്തത്.

വനിതാ മാധ്യമപ്രവര്‍ത്തകരെ ഉള്‍പ്പെടെ പടിക്കെട്ടില്‍ നിന്ന് തള്ളിയിട്ടു. ഇന്നു പുലര്‍ച്ചെയാണ് കൗണ്‍സിലറെ ഓഫീസില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ബിജെപി നേതൃത്വത്തിനെതിരെ അനില്‍കുമാര്‍ എഴുതിയ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിരുന്നു. അനില്‍കുമാര്‍ ഭാരവാഹിയായ വലിയശാല ടൂര്‍ സൊസൈറ്റിയില്‍ സാമ്പത്തിക പ്രശ്‌നമുണ്ടായപ്പോള്‍ പാര്‍ട്ടി സഹായിച്ചില്ലെന്ന് കുറിപ്പില്‍ കുറ്റപ്പെടുത്തുന്നു.

മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ ബി ജെ പി ആക്രമണം: പ്രസ് ക്ലബ് പ്രതിഷേധിച്ചു

തിരുമല വാര്‍ഡ് കൗണ്‍സിലറും ബി ജെ പി ജില്ലാ ജനറല്‍ സെക്രട്ടറിയുമായ തിരുമല അനിലിന്റെ മരണവാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകരെ ആക്രമിച്ച ബിജെപി ഗുണ്ടകളെ നിലയ്ക്കു നിറുത്തണമെന്ന് തിരുവനന്തപുരം പ്രസ് ക്ലബ് ആവശ്യപ്പെട്ടു.

മര്യാദയുടെ എല്ലാ അതിര്‍വരമ്പും ലംഘിച്ചുകൊണ്ടുള്ള കൈയേറ്റമാണ് ബി ജെ പി പ്രവര്‍ത്തകര്‍ നടത്തിയത്. ക്യാമറകള്‍ക്ക് കേട് വരുത്തുകയും ചെയ്തിട്ടുണ്ട്.
കാടത്തമാണിത്.മാധ്യമ പ്രവര്‍ത്തകരെ ആക്രമിച്ച പ്രതികളെ അറസ്റ്റ് ചെയ്ത് കര്‍ശന നിയമ നടപടി സ്വീകരിക്കണമെന്നും പ്രസ് ക്ലബ് പ്രസിഡന്റ് പി.ആര്‍.പ്രവീണും സെക്രട്ടറി എം.രാധാകൃഷ്ണനും ആവശ്യപ്പെട്ടു.

Journalists attacked while reporting on councilor’s suicide

Share Email
Top