കൊച്ചി: ഏറെ പ്രതീക്ഷയോടെ സിനിമാ പ്രേമികൾ കാത്തിരിക്കുന്ന ‘കാന്താരാ 2’ കേരളത്തിൽ പ്രദർശിപ്പിക്കില്ലെന്ന് തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്ക് (FEUOK)അറിയിച്ചു. സിനിമയുടെ വരുമാന വിഹിതത്തെച്ചൊല്ലിയുള്ള തർക്കമാണ് വിലക്കിന് കാരണം. തിയേറ്റർ വരുമാനത്തിന്റെ 55% ആവശ്യപ്പെട്ടുകൊണ്ടുള്ള വിതരണക്കാരുടെ നിലപാടാണ് പ്രതിഷേധത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോർട്ടുകൾ.
റിലീസിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് ഫിയോക്കിന്റെ ഈ അപ്രതീക്ഷിത തീരുമാനം. ഒക്ടോബർ 2-ന് കന്നഡ, ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം, ഇംഗ്ലീഷ്, ബംഗാളി തുടങ്ങിയ വിവിധ ഭാഷകളിൽ ചിത്രം ലോകമെമ്പാടും റിലീസ് ചെയ്യാനിരിക്കുകയായിരുന്നു. ‘കാന്താരാ 2’-വിന്റെ കേരളത്തിലെ വിതരണാവകാശം നടൻ പൃഥ്വിരാജിന്റെ ഉടമസ്ഥതയിലുള്ള പൃഥ്വിരാജ് പ്രൊഡക്ഷൻസിനാണ്.
‘കാന്താരാ’യുടെ ആദ്യഭാഗം മികച്ച വിജയം നേടിയിരുന്നു. അന്നും കേരളത്തിലെ വിതരണം ഏറ്റെടുത്തത് പൃഥ്വിരാജ് പ്രൊഡക്ഷൻസ് ആയിരുന്നു. ചെറിയ ബജറ്റിൽ പുറത്തിറങ്ങിയ ചിത്രം പിന്നീട് ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം പതിപ്പുകളിലും പുറത്തിറങ്ങി ബോക്സ്ഓഫീസിൽ വലിയ കളക്ഷൻ നേടി. ഈ കാരണങ്ങളാൽ ‘കാന്താരാ 2’-വിനായി പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുമ്പോഴാണ് റിലീസിന് മുമ്പേ ചിത്രം പ്രതിസന്ധിയിലായിരിക്കുന്നത്.