തിരുവനന്തപുരം : സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പിന് മുൻപുള്ള നിർണായക നിയമസഭാ സമ്മേളനം നാളെ ആരംഭിക്കും. എം.എൽ.എ. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉയർന്ന ആരോപണങ്ങളും പോലീസ് അതിക്രമങ്ങളും ഉൾപ്പെടെയുള്ള വിഷയങ്ങൾ ഭരണ-പ്രതിപക്ഷങ്ങൾ ചർച്ച ചെയ്യും.
വന്യജീവി നിയമ ഭേദഗതി, കിടപ്പാട സംരക്ഷണ നിയമം തുടങ്ങിയ പ്രധാനപ്പെട്ട നിയമനിർമ്മാണങ്ങളും ഈ സമ്മേളനത്തിൽ പരിഗണിക്കും. രാഷ്ട്രീയ പോർവിളികൾക്ക് നിയമസഭ വേദിയാകുമെന്ന് പ്രതീക്ഷിക്കുന്ന ഈ സമ്മേളനത്തിൽ, ഭരണ-പ്രതിപക്ഷ എം.എൽ.എമാർക്കും മന്ത്രിമാർക്കുമെതിരെ ഉയർന്ന പരാതികളും വിഷയമാകും.
ഈ സമ്മേളനത്തിനു ശേഷം, 15-ാം കേരള നിയമസഭക്ക് ജനുവരിയിൽ ചേരുന്ന ബജറ്റ് സമ്മേളനം മാത്രമാണ് ബാക്കിയുള്ളത്. അതിനുശേഷം സംസ്ഥാനം നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് നീങ്ങും.
ലൈംഗികാരോപണ വിവാദങ്ങളിൽ ഉൾപ്പെട്ട പ്രതിപക്ഷ യുവ എം.എൽ.എ. രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കുമോ എന്ന ആകാംഷയിലാണ് എല്ലാവരും. രാഹുൽ സഭയിലെത്തിയാൽ പി.വി. അൻവർ ഇരുന്ന പ്രത്യേക ബ്ലോക്കിലായിരിക്കും അദ്ദേഹത്തിന് ഇരിപ്പിടം.
രാഹുലിൻ്റെ വിവാദം കാരണം പ്രതിപക്ഷം പ്രതിരോധത്തിലായിട്ടുണ്ടെങ്കിലും, പോലീസ് അതിക്രമങ്ങളും മുഖ്യമന്ത്രിയുടെ മൗനവും സഭയിൽ ചർച്ചയാക്കാൻ അവർ തീരുമാനിച്ചിട്ടുണ്ട്. രാഹുലിനെ പാർലമെൻ്ററി പാർട്ടിയിൽ നിന്ന് ഒഴിവാക്കി പ്രതിപക്ഷ നേതാവ് സ്പീക്കർക്ക് കത്ത് നൽകിയിരുന്നു. എന്നാൽ, അദ്ദേഹത്തോട് സഭയിൽ വരേണ്ടെന്ന് പറയാൻ പാർട്ടിക്ക് കഴിയില്ല.
കൂടാതെ, രാഹുലിനെതിരെ നടപടിയെടുത്തതിൽ കോൺഗ്രസിൽ തന്നെ വലിയ പ്രതിസന്ധിയുണ്ടായിട്ടുണ്ട്. ചില നേതാക്കൾ അദ്ദേഹത്തെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെടുന്നു.