പത്തനംതിട്ട: ദേശീയ അധ്യാപക ദിനത്തോടനുബന്ധിച്ച് കേരള കോൺഗ്രസ് (എം) സംസ്കാരവേദി പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രൊഫ. ഡോ. ജോസ് പാറക്കടവിലിനെ ആദരിച്ചു. ഗാന്ധിയൻ, സാഹിത്യകാരൻ, സാമൂഹിക പ്രവർത്തകൻ എന്നീ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രഗത്ഭ അധ്യാപകനാണ് തുരുത്തിക്കാട് ബി.എ.എം. കോളേജ് മുൻ പ്രിൻസിപ്പലായ പ്രൊഫ. ഡോ. ജോസ് പാറക്കടവിൽ.
സംസ്കാരവേദി പത്തനംതിട്ട ജില്ലാ പ്രസിഡന്റ് ഡോ. അലക്സ് മാത്യുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ, കേരള കോൺഗ്രസ് (എം) പത്തനംതിട്ട ജില്ലാ പ്രസിഡന്റ് സജി അലക്സ് ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയും പ്രൊഫ. ഡോ. ജോസ് പാറക്കടവിലിനെ പൊന്നാട അണിയിച്ച് ആദരിക്കുകയും ചെയ്തു.
സജി അലക്സ് തന്റെ പ്രസംഗത്തിൽ, ജോസ് പാറക്കടവിലിന്റെ സാമൂഹിക സേവനങ്ങൾ താൻ വിദ്യാർത്ഥിയായിരിക്കുമ്പോൾത്തന്നെ ശ്രദ്ധയിൽപ്പെട്ടിരുന്നുവെന്നും, അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളാണ് തന്നെ പൊതുപ്രവർത്തന രംഗത്തേക്ക് ആകർഷിച്ചതെന്നും പറഞ്ഞു. ആളുകൾ സ്വയം പ്രൊമോട്ട് ചെയ്യുന്ന ഈ ലോകത്ത്, അത്തരത്തിൽ സെൽഫ് പ്രമോഷൻ നടത്താത്തതുകൊണ്ടാണ് ജോസ് പാറക്കടവിലിന് അർഹമായ അംഗീകാരങ്ങൾ ലഭിക്കാതെ പോയതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സംസ്കാരവേദി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. മനോജ് മാത്യു മുഖ്യപ്രഭാഷണം നടത്തി. മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കാനും നേതൃത്വനിരയിലേക്ക് കൈപിടിച്ചുയർത്താനും ഡോ. ജോസ് പാറക്കടവിൽ എപ്പോഴും ശ്രദ്ധിച്ചിരുന്നുവെന്ന് അഡ്വ. മനോജ് മാത്യു ഓർമ്മിപ്പിച്ചു.
Kerala Congress (M) Culture Forum honored Prof. Dr. Jose Parakkadavil













