കേരളാ ക്രിക്കറ്റ് ലീഗ് കലാശപ്പോരാട്ടം ഇന്ന് : കപ്പടിക്കാന്‍ കൊച്ചിയും കൊല്ലവും നേര്‍ക്കുനേര്‍

കേരളാ ക്രിക്കറ്റ് ലീഗ് കലാശപ്പോരാട്ടം ഇന്ന് : കപ്പടിക്കാന്‍ കൊച്ചിയും കൊല്ലവും നേര്‍ക്കുനേര്‍

തിരുവനന്തപുരം: കേരളാ ക്രിക്കറ്റ് ലീഗ് കലാശപ്പോരാട്ടം ഇന്ന് നടക്കും. കൊച്ചി ബ്ലൂ ടൈഗേഴ്‌സും കൊല്ലം സെയിലേഴ്‌സുമാണ് ഫൈനലില്‍ ഏറ്റുമുട്ടുക. തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ വൈകിട്ട് 6.30നാണ് മല്‌സരം.

കളിച്ച പത്ത് മത്സരങ്ങളില്‍ എട്ടും ജയിച്ചായിരുന്നു കൊച്ചി ബ്ലൂ ടൈഗേഴ്‌സ് സെമിയിലേക്ക് മുന്നേറിയത്. സെമിയില്‍ കാലിക്കറ്റിനെതിരെ 15 റണ്‍സിന്റെ വിജയം. ഒടുവില്‍ കിരീടം ലക്ഷ്യമിട്ട് കലാശപ്പോരിന് ഇറങ്ങുകയാണ് കൊച്ചി. ദേശീയ ടീമിനൊപ്പം ചേര്‍ന്ന സഞ്ജു സാംസന്റെ അഭാവം തീര്‍ച്ചയായും കൊച്ചിയ്ക്ക് വലിയൊരു നഷ്ടം തന്നെയാണ്.

എങ്കിലും സഞ്ജുവില്ലാതെ നേടിയ സമീപ വിജയങ്ങള്‍ ടീമിന് ആത്മവിശ്വാസം പകരുന്നുമുണ്ട്. സെമിയിലൊഴികെ മറ്റ് മല്‌സരങ്ങളിലെല്ലാം വിനൂപ് മനോഹരന്‍ നല്കിയ തകര്‍പ്പന്‍ തുടക്കങ്ങളാണ് ടീമിന്റെ വിജയത്തില്‍ നിര്‍ണ്ണായകമായത്. 11 ഇന്നിങ്‌സുകളില്‍ നിന്നായി 344 റണ്‍സുമായി ബാറ്റിങ് പട്ടികയില്‍ നാലാം സ്ഥാനത്താണ് വിനൂപ് ഇപ്പോള്‍. സഞ്ജുവിന്റെ അഭാവത്തില്‍ വിനൂപിനൊപ്പം ഇന്നിങ്‌സ് തുറന്ന വിപുല്‍ ശക്തിയും ഭേദപ്പെട്ട പ്രകടനമാണ് കാഴ്ച വച്ചത്.

മൊഹമ്മദ് ഷാനുവും നിഖില്‍ തോട്ടത്തും സാലി സാംസനും അടങ്ങുന്ന മധ്യനിരയും ശക്തം. മധ്യനിരം നിറം മങ്ങിയ മല്‌സരങ്ങളില്‍ ആല്‍ഫി ഫ്രാന്‍സിസ് ജോണും ജോബിന്‍ ജോബിയും മൊഹമ്മദ് ആഷിഖും ജെറിന്‍ പി എസുമടങ്ങിയ ഓള്‍റൌണ്ടര്‍മാരായിരുന്നു ടീമിനെ കരകയറ്റിയത്. ബൌളിങ്ങില്‍ കെ എം ആസിഫ് തന്നെയാണ് ടീമിന്റെ കരുത്ത്.

വെറും ഏഴ് മല്‌സരങ്ങളില്‍ നിന്ന് 14 വിക്കറ്റുകളുമായി ബൌളര്‍മാരുടെ പട്ടികയില്‍ നാലാം സ്ഥാനത്താണ് ആസിഫ്. ആസിഫിന്റെ വേഗവും കൃത്യതയും അനുഭവസമ്പത്തും ഫൈനലിലും ടീമിന് മുതല്‍ക്കൂട്ടാവും. അവസാന മല്‌സരങ്ങളില്‍ ടീമിനായിറങ്ങിയ പി കെ മിഥുനും മികച്ച ബൌളിങ് കാഴ്ച വയ്ക്കുന്നുണ്ട്.

മറുവശത്ത് പത്ത് മല്‌സരങ്ങളില്‍ അഞ്ചെണ്ണം ജയിച്ച് മൂന്നാം സ്ഥാനക്കാരായി സെമിയിലേക്ക് മുന്നേറിയ ടീമാണ് കൊല്ലം സെയിലേഴ്‌സ്. എന്നാല്‍ സെമിയില്‍ എതിരാളികളായ തൃശൂരിനെ നിഷ്പ്രഭരാക്കി, പത്ത് വിക്കറ്റിന്റെ ആധികാരിക വിജയമായിരുന്നു അവരുടേത്.മികച്ച ഫോമിലുള്ള ബൌളര്‍മാരും, അവരെ എങ്ങനെ ഉപയോഗിക്കണമെന്ന് അറിയാവുന്ന ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയുടെ തന്ത്രങ്ങളുമാണ് കഴിഞ്ഞ മല്‌സരങ്ങളിലെ വിജയങ്ങളില്‍ നിര്‍ണ്ണായകമായത്.

അഖില്‍ സ്‌കറിയ കഴിഞ്ഞാല്‍ ടൂര്‍ണ്ണമെന്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടിയത് കൊല്ലത്തിന്റെ അമല്‍ എ ജിയാണ്.ഇത് വരെ 16 വിക്കറ്റുകള്‍ വീഴ്ത്തിയ അമല്‍ തന്നെയായിരുന്നു സെമിയില്‍ തൃശൂരിനെതിരെ പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരവും സ്വന്തമാക്കിയത്.

അമലിനൊപ്പം പവന്‍ രാജും ഷറഫുദ്ദീനും വിജയ് വിശ്വനാഥും അജയഘോഷും എം എസ് അഖിലുമടങ്ങുന്നതാണ് ബൌളിങ് നിര. ഇവരിലെല്ലാവരും തന്നെ ഓള്‍ റൌണ്ടര്‍മാരുമാണ്. ബാറ്റിങ്ങില്‍ ഒറ്റയ്ക്ക് കളി ജയിപ്പിക്കാന്‍ പോന്നവരാണ് ആദ്യ നാല് താരങ്ങളും. അഭിഷേക് ജെ നായര്‍ കഴിഞ്ഞ ഏതാനും മല്‌സരങ്ങളില്‍ സ്ഥിരമായി ഫോം നിലനിര്‍ത്തുന്നുണ്ട്. കൂറ്റനടകളിലൂടെ സ്‌കോറുയര്‍ത്താന്‍ കെല്പുള്ളവരാണ് സച്ചിന്‍ ബേബിയും വിഷ്ണു വിനോദും. അവസാന മല്‌സരങ്ങളില്‍ ഇറങ്ങി മികച്ച പ്രകടനം കാഴ്ച വച്ച ഭരത് സൂര്യയും വത്സല്‍ ഗോവിന്ദും കൂടി ചേരുമ്പോള്‍ അതിശക്തമായ ബാറ്റിങ് നിരയാണ് കൊല്ലത്തിന്റേത്.

ഒപ്പത്തിനൊപ്പം നില്കുന്ന കരുത്തുറ്റ രണ്ട് ടീമുകളാണ് ഫൈനല്‍ പോരാട്ടത്തില്‍ നേര്‍ക്കുനേരെത്തുന്നത്. ഫൈനലിന്റെ സമ്മര്‍ദ്ദം മറികടന്ന് മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ കഴിയുന്ന ടീമിനെത്തേടിയാകും വിജയമെത്തുക. ഒപ്പം ടോസിന്റെ ഭാഗ്യവും നിര്‍ണ്ണായകമാവും.

Kerala Cricket League final match today: Kochi and Kollam face off to clinch the trophy

Share Email
LATEST
Top