കേരള-യൂറോപ്യന്‍ യൂണിയന്‍ കോണ്‍ക്ലേവ്  നാളെ മുതൽ കോവളത്ത്

കേരള-യൂറോപ്യന്‍ യൂണിയന്‍ കോണ്‍ക്ലേവ്  നാളെ മുതൽ കോവളത്ത്

തിരുവനന്തപുരം: സംസ്ഥാന ഫിഷറീസ് വകുപ്പ് കേന്ദ്ര സര്‍ക്കാരിന്‍റെയും യൂറോപ്യന്‍ യൂണിയന്‍റെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന ബ്ലൂ ടൈഡ്സ്: കേരള-യൂറോപ്യന്‍ യൂണിയന്‍ ദ്വിദിന കോണ്‍ക്ലേവ് നാളെ  രാവിലെ 9.30 ന് കോവളം ദി ലീല റാവിസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

‘രണ്ട് തീരങ്ങള്‍, ഒരേ കാഴ്ചപ്പാട്’ എന്ന പ്രമേയത്തില്‍ നടക്കുന്ന സമ്മേളനം സമുദ്രാധിഷ്ഠിത സാമ്പത്തിക വളര്‍ച്ചയിലൂടെയുള്ള സുസ്ഥിര വികസനവും തീരമേഖലയുടെ സമഗ്ര സമ്പദ്‌വ്യവസ്ഥയിലെ പങ്കാളിത്തവുമാണ് ലക്ഷ്യമിടുന്നത്.

ഫിഷറീസ് സാംസ്കാരിക യുവജനകാര്യ മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടന സമ്മേളനത്തില്‍ അധ്യക്ഷത വഹിക്കും. ഇന്ത്യയിലെയും ഭൂട്ടാനിലെയും യൂറോപ്യന്‍ യൂണിയന്‍ അംബാസഡര്‍ ഹെര്‍വ് ഡെല്‍ഫിന്‍ മുഖ്യപ്രഭാഷണം നടത്തും. കേന്ദ്ര ഫിഷറീസ് മൃഗസംരക്ഷണ ക്ഷീരവികസന മന്ത്രി രാജീവ് രഞ്ജന്‍ സിംഗ്, കേന്ദ്ര ഫിഷറീസ് മൃഗസംരക്ഷണ ക്ഷീര വികസന സഹമന്ത്രി ജോര്‍ജ് കുര്യന്‍ എന്നിവര്‍ വിശിഷ്ടാതിഥികളായിരിക്കും.

യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ നിന്നുള്ള അംബാസഡര്‍മാര്‍ക്ക് പുറമേ സംസ്ഥാന മന്ത്രിമാരായ കെ.രാജന്‍, കെ.കൃഷ്ണന്‍കുട്ടി, വി.ശിവന്‍കുട്ടി, കെ.എന്‍ ബാലഗോപാല്‍, പി.രാജീവ്, വി.എന്‍ വാസവന്‍, പി.എ മുഹമ്മദ് റിയാസ്, ജി.ആര്‍ അനില്‍, എം.ബി രാജേഷ്, ഡോ.ആര്‍ ബിന്ദു, വീണ ജോര്‍ജ്, പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍, ഡോ. ശശി തരൂര്‍ എംപി, എം. വിന്‍സെന്‍റ് എംഎല്‍എ, മേയര്‍ ആര്യ രാജേന്ദ്രന്‍, കേന്ദ്ര വിദേശകാര്യ മന്ത്രാലയം സെക്രട്ടറി (പശ്ചിമ) സിബി ജോര്‍ജ്, ലുലു ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എം.എ യൂസഫലി എന്നിവരും ഉദ്ഘാടന ചടങ്ങില്‍ വിശിഷ്ടാതിഥികളായിരിക്കും.

സംസ്ഥാന ചീഫ് സെക്രട്ടറി ഡോ. എ.ജയതിലക് സ്വാഗതവും സംസ്ഥാന ഫിഷറീസ് വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി അബ്ദുള്‍ നാസര്‍ ബി നന്ദിയും രേഖപ്പെടുത്തും.

സമ്മേളനത്തില്‍ നീല സമ്പദ്‌വ്യവസ്ഥയെക്കുറിച്ച് ഇന്ത്യയിലെയും യൂറോപ്പിലെയും വിദഗ്ധര്‍ ചിന്തകള്‍ പങ്കുവെക്കുകയും പങ്കാളിത്തം സ്ഥാപിക്കുകയും ചെയ്യും. മറൈന്‍ ലോജിസ്റ്റിക്സ്, അക്വാകള്‍ച്ചര്‍, സമുദ്ര മത്സ്യബന്ധനം, തീരദേശ ടൂറിസം, പുനരുപയോഗ സമുദ്രോര്‍ജ്ജം ഹരിത സാങ്കേതികവിദ്യകള്‍ തുടങ്ങിയ മേഖലകളിലെ കേരള- യൂറോപ്യന്‍ യൂണിയന്‍ പങ്കാളിത്തവും നൈപുണ്യ വികസനം, അക്കാദമിക് സഹകരണം, തൊഴില്‍സാധ്യത, നയ നവീകരണം, സംയുക്ത ഗവേഷണ-വികസനം, സ്റ്റാര്‍ട്ടപ്പ് നവീകരണം എന്നിവയിലെ സംയുക്ത സംരംഭങ്ങളും സമ്മേളനം ചര്‍ച്ച ചെയ്യും.

തീരദേശ വികസനവും കാലാവസ്ഥാ പ്രതിരോധ അടിസ്ഥാന സൗകര്യങ്ങളും, ഹാര്‍ബര്‍ അടിസ്ഥാനസൗകര്യങ്ങളും തുറമുഖ ലോജിസ്റ്റിക്സ് ഷിപ്പിംഗ് കണക്റ്റിവിറ്റി നിക്ഷേപങ്ങളും, സുസ്ഥിര മത്സ്യബന്ധനം-അക്വാകള്‍ച്ചര്‍ മാനേജ്മെന്‍റ്-ഗവേഷണം- നിക്ഷേപങ്ങള്‍, ഗ്രീന്‍ ട്രാന്‍സിഷന്‍: സര്‍ക്കുലര്‍ ഇക്കണോമി, റിന്യൂവബിള്‍/ക്ലീന്‍ എനര്‍ജി ആന്‍ഡ് ഇന്‍വെസ്റ്റ്മെന്‍റ്സ്, എജ്യുക്കേഷന്‍-സ്കില്‍സ് ആന്‍ഡ് ടാലന്‍റ് മൊബിലിറ്റി, തീരദേശ ടൂറിസവും വെല്‍നസും (ആയുഷ്) എന്നീ വിഷയങ്ങളില്‍ പാനല്‍ സെഷനുകള്‍ നടക്കും.

Kerala-European Union Conclave to begin in Kovalam from tomorrow

Share Email
LATEST
More Articles
Top