കേരളത്തിൽ അമീബിക് മസ്തിഷ്ക ജ്വരം ബാധിക്കുന്നവരുടെ എണ്ണത്തിലുണ്ടായ വർദ്ധന ജനങ്ങൾക്കിടയിൽ ആശങ്ക സൃഷ്ടിക്കുകയാണ്. ഒരു മാസത്തിനിടെ ആറുപേരാണ് ഈ രോഗം ബാധിച്ച് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന മലപ്പുറം ചേലേമ്പ്ര സ്വദേശി ചാലിപ്പറമ്പ് മണ്ണാറക്കൽ ഷാജിയുടെ (44) മരണമാണ് അവസാനത്തേത്. ഈ വർഷം ഇതുവരെ രോഗം ബാധിച്ച് 16 പേരാണ് മരിച്ചത്. കഴിഞ്ഞ വർഷം എട്ടുപേർ മരിക്കുകയും 38 പേർക്ക് ഗുരുതരമായി രോഗം ബാധിക്കുകയും ചെയ്തിരുന്നു. വിദേശത്തുനിന്നുൾപ്പെടെ മരുന്ന് എത്തിച്ച് രോഗികൾക്ക് നൽകുന്നുണ്ടെന്നാണ് മെഡിക്കൽ കോളേജ് അധികൃതർ പറയുന്നത്. കാലാവസ്ഥാ വ്യതിയാനവും കേസുകളുടെ എണ്ണത്തിലെ വർദ്ധനവിന് ഒരു കാരണമാകുന്നുണ്ടെന്നാണ് വിലയിരുത്തൽ.
പ്രതിരോധ നടപടികൾ ശക്തമാക്കുന്നു
രോഗം ബാധിക്കുന്നവരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ, ആരോഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി. സർക്കാർ ജലം ശുദ്ധീകരിക്കുന്നതിനായി വിവിധ ആരോഗ്യ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് ക്യാമ്പയിൻ തുടങ്ങിയിട്ടുണ്ട്. ആരോഗ്യ സ്ഥാപനങ്ങൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ആശാപ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ, സന്നദ്ധപ്രവർത്തകർ എന്നിവരുടെ സഹകരണത്തോടെയാണ് പ്രവർത്തനങ്ങൾ. കെട്ടിക്കിടക്കുന്ന ജലസ്രോതസ്സുകളും കുളങ്ങളും വൃത്തിയാക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. റിസോർട്ടുകൾ, ഹോട്ടലുകൾ, വാട്ടർ തീം പാർക്കുകൾ, നീന്തൽ പരിശീലന കേന്ദ്രങ്ങൾ എന്നിവിടങ്ങളിലെ ജലം ക്ലോറിനേറ്റ് ചെയ്യണമെന്നും, കുടിവെള്ള സ്രോതസ്സുകൾ പരിശോധിക്കാൻ ആരോഗ്യ പ്രവർത്തകർക്ക് നിർദേശം നൽകിയതായും മന്ത്രി അറിയിച്ചു.
ജലാശയങ്ങളിൽ ഇറങ്ങുമ്പോൾ ശ്രദ്ധിക്കുക
കെട്ടിക്കിടക്കുന്ന വെള്ളത്തിൽ ജീവിക്കുന്ന അമീബ, മൂക്കിലെ നേർത്ത തൊലിയിലൂടെ തലച്ചോറിലേക്ക് കടന്ന് കോശങ്ങളെ നശിപ്പിക്കുന്നു. ഇത് രോഗം ഗുരുതരമാവാൻ കാരണമാകുന്നു. രോഗലക്ഷണങ്ങൾ തുടക്കത്തിൽ തിരിച്ചറിയാൻ സാധിക്കാത്തതും മരണനിരക്ക് കൂടാൻ കാരണമാകുന്നുണ്ട്. അമീബിക് മസ്തിഷ്ക ജ്വരം കൂടുതലും കുട്ടികളിലാണ് കണ്ടുവരുന്നത്. തടാകങ്ങൾ, പുഴകൾ, നീരുറവകൾ, അരുവികൾ തുടങ്ങിയ മലിനമായ ജലാശയങ്ങളിൽ കുളിക്കുന്നതിലൂടെയോ, മുഖം കഴുകുമ്പോൾ വെള്ളം മൂക്കിലൂടെ കയറിയാലോ രോഗം ബാധിക്കാം. എന്നാൽ ഈ വെള്ളം കുടിക്കുന്നതിലൂടെ അമീബ ഉള്ളിൽ കടക്കില്ല. ഒരാളിൽനിന്ന് മറ്റൊരാളിലേക്ക് രോഗം പകരുകയുമില്ല.
നിലവിൽ, കുളിമുറിയിൽ കുളിക്കുന്നവർക്കിടയിലും രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ വിശദമായ പഠനം വേണമെന്ന് ആരോഗ്യ വിദഗ്ധർ ആവശ്യപ്പെടുന്നു. രോഗത്തിന്റെ അന്താരാഷ്ട്ര മരണനിരക്ക് 97% ആയിരിക്കെ, കേരളത്തിൽ ഇത് 24% ആയി നിയന്ത്രിച്ചത് സർക്കാരിന്റെ നേട്ടമായി കാണുന്നു. എന്നിരുന്നാലും, കൂടുതൽ ഫലപ്രദമായ പ്രതിരോധ മാർഗം കണ്ടെത്തുക എന്നത് ഇപ്പോഴത്തെ പ്രധാന വെല്ലുവിളിയാണ്.
രോഗലക്ഷണങ്ങളും ചികിത്സയും
രോഗാണുബാധയുണ്ടായി ഒന്ന് മുതൽ ഒൻപത് ദിവസങ്ങൾക്കുള്ളിലാണ് രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങുന്നത്. തീവ്രമായ തലവേദന, പനി, ഓക്കാനം, ഛർദ്ദി, കഴുത്ത് തിരിക്കാനുള്ള ബുദ്ധിമുട്ട് എന്നിവയാണ് പ്രാഥമിക ലക്ഷണങ്ങൾ. പിന്നീട് അപസ്മാരം, ബോധക്ഷയം, ഓർമ്മക്കുറവ് തുടങ്ങിയവയിലേക്ക് രോഗം ഗുരുതരമാകാൻ സാധ്യതയുണ്ട്. നട്ടെല്ലിൽനിന്ന് സ്രവം കുത്തിയെടുത്ത് പരിശോധിക്കുന്നതിലൂടെ രോഗം നിർണ്ണയിക്കാം.
രോഗം ബാധിച്ചു കഴിഞ്ഞാൽ വളരെ പെട്ടെന്ന് കണ്ടെത്താൻ സാധിച്ചില്ലെങ്കിൽ ജീവിതത്തിലേക്കുള്ള തിരിച്ചുവരവ് അസാധ്യമാണ്. രോഗത്തിന് ഫലപ്രദമായ ചികിത്സ ഇതുവരെ ലഭ്യമല്ല. രോഗലക്ഷണങ്ങളെ ചികിത്സിക്കുക, രോഗിയുടെ ശ്വാസകോശത്തിന്റെയും ഹൃദയത്തിന്റെയും പ്രവർത്തനം നിലനിർത്തുക, അപസ്മാരം നിയന്ത്രിക്കുക എന്നിവയാണ് നിലവിൽ ചെയ്യുന്നത്.
1965-ൽ ഓസ്‌ട്രേലിയയിലാണ് നെഗ്ലേരിയ ഫൗലെറി എന്ന ഈ അമീബയെ ആദ്യമായി കണ്ടെത്തിയത്. പിന്നീട് ഇന്ത്യയുൾപ്പെടെ വിവിധ ലോക രാജ്യങ്ങളിൽ ഇതിന്റെ സാന്നിധ്യം സ്ഥിരീകരിച്ചു. രോഗം പടരുന്ന ഈ സാഹചര്യത്തിൽ ആരോഗ്യവകുപ്പ് കൂടുതൽ ഊർജ്ജിതമായ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കണമെന്നാണ് വിദഗ്ധർ നിർദ്ദേശിക്കുന്നത്.
Following a surge in cases and six deaths in one month, the Kerala government has launched a public health campaign to prevent amebic meningitis, urging citizens to chlorinate wells and clean water tanks