തിരുവനന്തപുരം: ജനവാസ മേഖലകളിലിറങ്ങി ആളുകളെ ഗുരുതരമായി പരിക്കേൽപ്പിക്കുന്ന ആക്രമണകാരികളായ വന്യമൃഗങ്ങളെ കൊല്ലാൻ ചീഫ് വൈൽഡ് ലൈഫ് വാർഡന് അധികാരം നൽകുന്ന കരട് ബില്ലിന് മന്ത്രിസഭ അംഗീകാരം നൽകി. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനം ഇത്തരമൊരു നിയമഭേദഗതിക്ക് ഒരുങ്ങുന്നത്. വന്യജീവി ആക്രമണങ്ങളിൽ പൊലിഞ്ഞ ജീവനുകളുടെ എണ്ണം വർധിക്കുന്നതും, വ്യാപകമായ കാർഷിക വിളനാശവും കണക്കിലെടുത്താണ് സർക്കാർ ഈ നിർണായക തീരുമാനമെടുത്തത്.
1972-ലെ കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തിൽ ഭേദഗതി വരുത്തിക്കൊണ്ടാണ് പുതിയ ബിൽ തയ്യാറാക്കിയിരിക്കുന്നത്. നിലവിലുള്ള നിയമത്തിലെയും കേന്ദ്രസർക്കാർ പുറത്തിറക്കിയ സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജ്യറിലെയും അപ്രായോഗികവും കാലതാമസം വരുത്തുന്നതുമായ നടപടിക്രമങ്ങൾ ഒഴിവാക്കി അടിയന്തര നടപടികൾക്ക് അനുമതി നൽകുന്നതാണ് ഈ ബില്ലെന്ന് വനം മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു.
ബില്ലിലെ പ്രധാന വ്യവസ്ഥകൾ:
- വന്യജീവി ആക്രമണത്തിൽ ആർക്കെങ്കിലും ഗുരുതര പരിക്കേറ്റാൽ, ബന്ധപ്പെട്ട ജില്ലാ കളക്ടറോ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററോ ഈ വിവരം ചീഫ് വൈൽഡ് ലൈഫ് വാർഡനെ അറിയിക്കണം.
- ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടാൽ മറ്റ് നടപടിക്രമങ്ങൾക്കായി കാത്തുനിൽക്കാതെ, അക്രമകാരിയായ വന്യമൃഗത്തെ കൊല്ലാനുള്ള ഉത്തരവ് പുറപ്പെടുവിക്കാൻ ചീഫ് വൈൽഡ് ലൈഫ് വാർഡന് സാധിക്കും.
- വന്യമൃഗങ്ങളെ ‘ക്ഷുദ്രജീവിയായി’ പ്രഖ്യാപിക്കാനുള്ള വ്യവസ്ഥയും ബില്ലിലുണ്ട്. ക്ഷുദ്രജീവിയായി പ്രഖ്യാപിക്കപ്പെട്ടാൽ, ആ മൃഗത്തെ ആർക്കും ഏത് രീതിയിലും കൊല്ലാനും, അതിന്റെ മാംസം ഭക്ഷിക്കാനും നിയമപരമായി തടസ്സമുണ്ടാകില്ല.
- ഇതിന് പുറമെ സ്വകാര്യഭൂമിയിലെ ചന്ദനം മുറിച്ചുമാറ്റി വിൽക്കാൻ കർഷകന് അനുമതി നൽകുന്ന ബില്ലിനും മന്ത്രിസഭ അംഗീകാരം നൽകി. ചന്ദനം മുറിച്ചുമാറ്റുന്നതും വിൽക്കുന്നതും വനംവകുപ്പ് വഴിയായിരിക്കും. ഇതിലൂടെ ലഭിക്കുന്ന തുക പൂർണമായി കർഷകന് ലഭിക്കും.
മലയോര മേഖലകളിലെ കർഷകരുടെ പ്രതിഷേധം കണക്കിലെടുത്താണ് സർക്കാരിന്റെ ഈ നീക്കം. നിയമഭേദഗതിയെ താമരശ്ശേരി രൂപത സ്വാഗതം ചെയ്തിട്ടുണ്ട്. ഈ ബിൽ നിയമസഭ പാസാക്കി ഗവർണറുടെ അംഗീകാരത്തോടെ രാഷ്ട്രപതിക്ക് അയക്കണം. രാഷ്ട്രപതിയുടെ അംഗീകാരത്തിന് ശേഷം മാത്രമേ നിയമം പ്രാബല്യത്തിൽ വരികയുള്ളൂ. ഈ സാഹചര്യത്തിൽ കേന്ദ്ര സർക്കാരിന്റെ നിലപാടും നിർണായകമാകും.
കാട്ടാനയുടെ ആക്രമണത്തിൽ മാത്രം കഴിഞ്ഞ എട്ട് വർഷത്തിനിടെ സംസ്ഥാനത്ത് 180 പേർക്ക് ജീവൻ നഷ്ടമായെന്നാണ് ഫെബ്രുവരി വരെയുള്ള കണക്കുകൾ സൂചിപ്പിക്കുന്നത്. മലയോര ജനതയുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ ഈ നിയമഭേദഗതിക്ക് മുൻകൈയെടുക്കുന്നത്. ഈ രണ്ട് ബില്ലുകളും തിങ്കളാഴ്ച ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
Kerala passes bill to allow killing of aggressive animals; first in the country