നാട്ടിന്‍പുറങ്ങളുടെ നൊസ്റ്റാള്‍ജിയ: ‘തൊമ്മന്റെ കഥകള്‍’ പ്രകാശിപ്പിച്ച് കേരള റൈറ്റേഴ്‌സ് ഫോറം, ഹൂസ്റ്റണ്‍

നാട്ടിന്‍പുറങ്ങളുടെ നൊസ്റ്റാള്‍ജിയ: ‘തൊമ്മന്റെ കഥകള്‍’ പ്രകാശിപ്പിച്ച് കേരള റൈറ്റേഴ്‌സ് ഫോറം, ഹൂസ്റ്റണ്‍

ചെറിയാന്‍ മഠത്തിലേത്ത്

ഹൂസ്റ്റണ്‍: ഓരോ ഓണം കഴിയുമ്പോഴും അതിന്റെ ഹാങ് ഓവറിലായിരിക്കും മലയാളികളെല്ലാവരും. കേരളീയരുടെ ദേശീയോല്‍സവമായ ഓണം എന്ന പുരാവത്തത്തിലെ ഹീറോ ആരാണ്..? സംശയമില്ല, മഹാബലി തമ്പുരാന്‍ തന്നെ. എന്നാല്‍ ഗൂജറാത്തികള്‍ തിരുവോണ ദിനം കൊണ്ടാടുന്നത് ‘വാമന ജയിന്തി’ ആയാണ്. ഹൈന്ദവ പുരാണമനുസരിച്ച് മഹാബലിയെ പാതാളത്തിലെ സുതലത്തിലേക്ക് അയക്കാന്‍ അവതരിച്ച ‘മഹാവിഷ്ണുവിന്റെ അവതാരമായിരുന്നല്ലോ വാമനന്‍. എന്തായാലും ഓണം മലയാളിയെ സംബന്ധിച്ചിടത്തോളം സമൃദ്ധിയുടെ വിളവെടുപ്പ് ഉല്‍സവമാണ്. മഴമാറിയ പ്രസാന്ത സുന്ദരമായ അന്തരീക്ഷം നമ്മുടെ നൊസ്റ്റാള്‍ജിയ തന്നെ.

സെപ്റ്റംബറോടെ ഓണസീസണ്‍ അവസാനിക്കാനൊരുങ്ങുമ്പോള്‍, വായനയുടെയും എഴുത്തിന്റെയും സ്വതന്ത്ര ചിന്തയുടെയും കേദാരവും മലയാള സാഹിത്യ സ്‌നേഹികളുടെ അമേരിക്കയിലെ പ്രഥമ മലയാളി കൂട്ടായ്മയുമായ, ഹൂസ്റ്റണിലെ കേരള റൈറ്റേഴ്‌സ് ഫോറം പതിവുപോലെ ചര്‍ച്ചകളും വിലയിരുത്തലുകളുമൊക്കെയായി സ്റ്റാഫോര്‍ഡിലെ കേരള റസ്റ്റോറന്റ് ആന്റ് ഇന്ത്യന്‍ ക്വസിനില്‍ ഒത്തുകൂടി. പ്രസിഡന്റ് ചെറിയാന്‍ മഠത്തിലേത്തിന്റെ അഭാവത്തില്‍ കേരള റൈറ്റേഴ്‌സ് ഫോറത്തിന്റെ മുന്‍ പ്രസിഡന്റ് സണ്ണി എഴുമറ്റൂര്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു.

സാഹിത്യ ചര്‍ച്ചയുടെ മുഖ്യ അജണ്ട, കേരള റൈറ്റേഴ്‌സ് ഫോറത്തിന്റെ സ്ഥാപകാംഗമായ ജോണ്‍ തൊമ്മന്റെ ‘തൊമ്മന്റെ കഥകള്‍’ എന്ന കഥാസമാഹാരത്തിന്റെ പ്രകാശനമായിരുന്നു. ഫോറം ട്രഷറര്‍ മാത്യു മത്തായി ഡോ. സണ്ണി എഴുമറ്റൂരിന് പുസ്തകത്തിന്റെ കോപ്പി നല്‍കിക്കൊണ്ട് പ്രകാശനം നിര്‍വഹിച്ചു. തുടര്‍ന്ന് കേരള റൈറ്റേഴ്‌സ് ഫോറത്തിന്റെ ഔദ്യോഗിക ഫലകം പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ജോണ്‍ മാത്യു കഥാകാരന് സമ്മാനിച്ചു. പബ്‌ളീഷിങ് കോ-ഓര്‍ഡിനേറ്റര്‍ മാത്യു നെല്ലിക്കുന്ന് അദ്ദേഹത്തെ പൊന്നാടയണിയിച്ചു. ജോണ്‍ തൊമ്മന്‍ എന്ന ജോണ്‍ പാമ്പക്കല്‍ തൊമ്മന്‍ നന്ദി പ്രകാശിപ്പിച്ചു.

‘തൊമ്മന്റെ കഥകള്‍’ ജോണ്‍ തൊമ്മന്റെ രണ്ടാമത്തെ കഥാസമാഹാരമാണ്. എഴുത്ത് ഒരു തപസ്യയാക്കിയ അദ്ദേഹം രചനകള്‍ പ്രസിദ്ധീകരിക്കുക എന്നതിനപ്പുറം തുടര്‍ച്ചയായി എഴുതാന്‍ ആഗ്രഹിക്കുന്ന വ്യക്തിയാണ്. ജന്‍മനാട്ടില്‍ കാലം അനുവദിച്ചിടത്തോളം ജീവിച്ച് കൊതിതീരാതെ കര്‍മഭൂമിയിലേയ്ക്ക് ജീവസന്ധാരമാര്‍ത്ഥം ചേക്കേറിയ ജോണ്‍ തൊമ്മന്‍ തന്റെ സ്പന്ദിക്കുന്ന ഓര്‍മകളാണ് ഭാവനാശില്‍പമായി തൊമ്മന്റെ കഥകളില്‍ അവതരിപ്പിക്കുന്നത്. ഈ രചന കേരളത്തിന്റെ പഴയ നാട്ടില്‍പുറങ്ങളിലൂടെയുള്ള ഒരു മടക്കയാത്രയാണ്. അവിടെ തൊമ്മന്റെ കഥാപാത്രങ്ങള്‍ യതാതഥമായി ജീവിക്കുന്നു.

ജോണ്‍ മാത്യു മോഡറേറ്ററായ സാഹിത്യ ചര്‍ച്ചയില്‍ സുഗുണന്‍ ഞെക്കാട്, മാത്യു നെല്ലിക്കുന്ന്, എ.സി ജോര്‍ജ്, റ്റി.എന്‍ സാമുവേല്‍, ജോസഫ് തച്ചാറ, ബോബി മാത്യു, റോയി തോമസ്, ഷാജു കൊല്ലന്തറ, വല്‍സമ്മ ജോണ്‍, ഡോ. ജോസഫ് പൊന്നോലി, സുരേന്ദ്രന്‍ നായര്‍, ജോസഫ് ഓലിക്കല്‍ തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍ന്ന് ഡോ. തോമസ് ഏലിയാസ് തന്റെ പുതിയ പുസ്തകം അവതരിപ്പിച്ച് സംസാരിച്ചു. റോയി തോമസും എ.സി ജോര്‍ജും ഓണ ഗാനങ്ങള്‍ ആലപിച്ചു.

റൈറ്റേഴ്‌സ് ഫോറത്തിന്റെ പുതിയ പുസ്തകത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നുവെന്ന് പബ്‌ളീഷിങ് കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു. പ്രോഗ്രം കോ-ഓര്‍ഡിനേറ്ററും ട്രഷററും റിപ്പോര്‍ട്ടുകള്‍ അവതരിപ്പിച്ചു. സെക്രട്ടറി മോട്ടി മാത്യു ഏവര്‍ക്കും നന്ദി പറഞ്ഞു.


ഫോട്ടോ: മോട്ടി മാത്യു

Kerala Writers Forum Houston September meeting and John Thomman book release

Share Email
Top