തിരുവനന്തപുരം: ലൈംഗികാതിക്രമ കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എക്കെതിരെ കോൺഗ്രസ് നടപടിയെടുത്തത് സ്പീക്കറെ അറിയിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കത്ത് നൽകി. രാഹുലിനെ കോൺഗ്രസ് പാർലമെന്ററി പാർട്ടിയിൽനിന്ന് പുറത്താക്കിയതായും, പ്രത്യേക ബ്ലോക്ക് അനുവദിക്കണമെന്നും സതീശൻ കത്തിൽ ആവശ്യപ്പെട്ടു.
ലൈംഗികാതിക്രമ കേസിലെ പ്രതിയായ രാഹുലിനെ നിയമസഭാ സമ്മേളനത്തിൽ പങ്കെടുപ്പിക്കുന്നതുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ ആശയക്കുഴപ്പം നിലനിൽക്കുന്നതിനിടെയാണ് ഈ കത്ത് കൈമാറിയത്. രാഹുൽ നിയമസഭയിൽ വരുന്നതിൽ പ്രതിപക്ഷ നേതാവിന് ശക്തമായ വിയോജിപ്പുണ്ടായിരുന്നു. രാഹുൽ സമ്മേളനത്തിൽ പങ്കെടുത്താൽ സർക്കാരിനെതിരെ ആഞ്ഞടിക്കാനുള്ള അവസരം നഷ്ടമാകുമെന്നാണ് സതീശൻ മുന്നറിയിപ്പ് നൽകിയത്.
അതേസമയം, രാഹുലിനെ സംരക്ഷിക്കണമെന്നാണ് എ ഗ്രൂപ്പിന്റെയും ഒരു വിഭാഗം നേതാക്കളുടെയും നിലപാട്. ലൈംഗിക പീഡന ആരോപണങ്ങൾ ഉയർന്നിട്ടും ഭരണകക്ഷി എം.എൽ.എമാർ സഭയിൽ എത്തുന്നുണ്ടെന്നാണ് ഇവരുടെ ന്യായീകരണം. രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കുന്നതിന് തടസ്സമില്ലെന്നാണ് കെ.പി.സി.സി. അധ്യക്ഷൻ സണ്ണി ജോസഫിന്റെ നിലപാട്.
Kerala’s Leader of the Opposition, V.D. Satheesan, has informed the Speaker that MLA Rahul Mamkootathil has been expelled from the parliamentary party