തിരുവനന്തപുരം : കിളിമാനൂരിൽ ഒരു കൂലിപ്പണിക്കാരനായ വയോധികനെ ഇടിച്ചത് പാറശ്ശാല എസ്എച്ച്ഒയുടെ ഉടമസ്ഥതയിലുള്ള വാഹനമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. കിളിമാനൂർ ചേണിക്കുഴി സ്വദേശി രാജനാണ് (59) അപകടത്തിൽ മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച പുലർച്ചെ നാല് മണിക്കും അഞ്ച് മണിക്കും ഇടയിലാണ് സംഭവം നടന്നത്. രാജനെ ഇടിച്ച ശേഷം കാർ നിർത്താതെ പോവുകയായിരുന്നു.
അപകടത്തിന് ശേഷം രാജൻ ഏറെ നേരം റോഡിൽ ചോരവാർന്ന് കിടന്നിരുന്നു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അപകടത്തിന് പിന്നിൽ പാറശ്ശാല എസ്എച്ച്ഒ അനിൽകുമാറിൻ്റെ ഉടമസ്ഥതയിലുള്ള ആൾട്ടോ 800 കാറാണെന്ന് വ്യക്തമായത്. അമിത വേഗത്തിൽ അലക്ഷ്യമായി വാഹനം ഓടിച്ചുവെന്നാണ് എഫ്ഐആറിൽ പറയുന്നത്.
വാഹനം ഓടിച്ചത് അനിൽകുമാർ തന്നെയാണോ എന്ന കാര്യം വ്യക്തമല്ല. ഇക്കാര്യം സ്പെഷ്യൽ ബ്രാഞ്ച് അന്വേഷിക്കും. അനിൽകുമാറാണ് വാഹനം ഓടിച്ചതെന്ന് തെളിഞ്ഞാൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കും. അനിൽകുമാറിൻ്റെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തിയിട്ടുണ്ട്.