ഉത്തര കൊറിയയിൽ പുതിയ മിസൈല്‍ നിര്‍മ്മാണകേന്ദ്രം: സന്ദര്‍ശിച്ച് കിം ജോങ് ഉൻ

ഉത്തര കൊറിയയിൽ പുതിയ മിസൈല്‍ നിര്‍മ്മാണകേന്ദ്രം: സന്ദര്‍ശിച്ച് കിം ജോങ് ഉൻ

പ്യോങ്യാങ്: രാജ്യത്ത് പുതുതായി ഉദ്ഘാടനം ചെയ്ത മിസൈല്‍ നിര്‍മ്മാണകേന്ദ്രം സന്ദര്‍ശിച്ച് ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍. റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുതിനൊപ്പം ബെയ്ജിങില്‍ നടക്കുന്ന കൂറ്റന്‍ സൈനിക പരേഡില്‍ പങ്കെടുക്കുന്നതിന് പുറപ്പെടുന്നതിന് മുന്നോടിയായാണ് അദ്ദേഹം പുതിയ മിസൈല്‍ നിര്‍മാണ കേന്ദ്രം സന്ദര്‍ശിച്ചത്.

രാജ്യത്തിന്റെ മിസൈല്‍ ഉത്പ്പാദന ശേഷിയെക്കുറിച്ചുള്ള മൊത്തത്തിലുള്ള അവബോധം കിമ്മിന് ലഭിച്ചതായാണ് വിവരമെന്ന് ഉത്തര കൊറിയന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ഉത്തര കൊറിയയുടെ പുതിയ മിസൈല്‍ നിര്‍മാണകേന്ദ്രം എവിടെയാണെന്നതു സംബന്ധിച്ച ഔദ്യോഗിക വിവരങ്ങളൊന്നും ഇതുവരെയും പുറത്തുവിട്ടിട്ടില്ല.

കേന്ദ്രത്തില്‍ നിര്‍മ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലുള്ള ഡസന്‍ കണക്കിന് മിസൈലുകള്‍ കിം പരിശോധിക്കുന്നതിന്റെയും യൂണിഫോം ധരിച്ച ഉദ്യോഗസ്ഥരുമായി സംസാരിക്കുന്നതിന്റെയും ചിത്രങ്ങള്‍ കെസിഎന്‍എ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഉത്തര കൊറിയ അവരുടെ ആയുധ പദ്ധതികള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്.

ഉത്തര കൊറിയ സായുധ സേനയെ അതിവേഗം നവീകരിക്കുകയും പുതിയ ആയുധങ്ങള്‍ വികസിപ്പിക്കുകയും അമേരിക്കയില്‍ എവിടെയും എത്താന്‍ ശേഷിയുള്ള ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകള്‍ പരീക്ഷിക്കുകയും ചെയ്തത് നേരത്തേ വാര്‍ത്തയായിരുന്നു. ഇത് കൂടാതെ, യുക്രൈന്‍ യുദ്ധത്തില്‍ റഷ്യയ്‌ക്കൊപ്പം പോരാടുന്നതിനായി സൈന്യത്തെ വിന്യസിക്കുകയും യുദ്ധപരിചയം നേടുകയും ചെയ്തിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്.

പുതിയ ദക്ഷിണ കൊറിയന്‍ സര്‍ക്കാരിന്റെ അനുനയ നീക്കങ്ങളെ കിം അവഗണിക്കുകയും രാജ്യത്തിന്റെ ആണവ പദ്ധതി വികസിപ്പിക്കുമെന്ന പ്രതിജ്ഞ ആവര്‍ത്തിക്കുകയും ചെയ്തു. ആക്രമിക്കപ്പെട്ടാല്‍ ദക്ഷിണ കൊറിയയെ നശിപ്പിക്കാന്‍ ആണവായുധം ഉപയോഗിക്കുമെന്ന് കിം ജോങ് ഉന്‍ അടുത്തിടെ ഭീഷണിപ്പെടുത്തിയിരുന്നു. ഇതിനിടെ, അതിര്‍ത്തിയില്‍ സംഘര്‍ഷം സൃഷ്ടിക്കുന്നുവെന്ന് ദക്ഷിണകൊറിയയെ കുറ്റപ്പെടുത്തി രണ്ട് പുതിയ വ്യോമ പ്രതിരോധ മിസൈലുകളും ഉത്തരകൊറിയ പരീക്ഷിച്ചിരുന്നു.

Kim Jong Un visits new missile manufacturing facility in North Korea

Share Email
Top