തൃശൂർ കുന്നംകുളം പൊലീസ് സ്റ്റേഷനിൽ യൂത്ത് കോൺഗ്രസ് നേതാവ് സുജിത്തിനെ മർദിച്ച നാല് പൊലീസുകാരെയും പിരിച്ചുവിടുന്നതടക്കമുള്ള കർശന നടപടിക്ക് നിയമോപദേശം ലഭിച്ചു. തൃശൂർ റേഞ്ച് ഡിഐജി ആർ ഹരിശങ്കറാണ് പിരിച്ചിടൽ ശുപാർശ നൽകിയത്. എസ്ഐ നൂഹ്മാൻ, സിപിഒമാരായ ശശീന്ദ്രൻ, സന്ദീപ്, സജീവൻ എന്നിവർക്കെതിരെ കോടതിയിൽ ക്രിമിനൽ കേസ് നിലനിൽക്കുന്നതിനാൽ, അടുത്ത ആഴ്ച ഇവർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകും. 2023ലെ ആദ്യ നടപടി പുനഃപരിശോധിക്കാനും ഉത്തരമേഖല ഐജിക്ക് നിർദേശം നൽകിയിട്ടുണ്ട്.
പൊലീസ് ക്രൂരതക്കെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടയിലാണ് ഈ പുതുക്കിയ നടപടി. മർദനത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ കർശന നടപടി ആവശ്യപ്പെട്ട് ജനരോഷം ഉയർന്നിരുന്നു. നേരത്തെ, പൊലീസുകാരുടെ ഇൻക്രിമെന്റ് തടഞ്ഞും സ്ഥലംമാറ്റം നടത്തിയുമാണ് ഡിഐജിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടി സ്വീകരിച്ചിരുന്നത്. കേസ് കോടതിയിൽ നിലനിൽക്കുന്നതിനാൽ, സസ്പെൻഷൻ ഉൾപ്പെടെയുള്ള അച്ചടക്ക നടപടികൾ പുനഃപരിശോധിക്കാൻ ഡിഐജി ശുപാർശ ചെയ്തിട്ടുണ്ട്.