ലഡാക്ക്: ജനാധിപത്യത്തിന്റെ പേരില്‍ കലാപത്തിനോ?

ലഡാക്ക്: ജനാധിപത്യത്തിന്റെ പേരില്‍ കലാപത്തിനോ?

പി ശ്രീകുമാര്‍

ലഡാക്കിന്റെ സംസ്ഥാന പദവിക്കുള്ള ചര്‍ച്ചകള്‍ മുന്നോട്ടുപോകുന്ന ഘട്ടത്തിലാണ് അവിടെ അക്രമങ്ങള്‍ പൊട്ടിപ്പുറപ്പെട്ടത്. ചര്‍ച്ചകളും ജനാധിപത്യപ്രക്രിയകളും പുരോഗമിക്കുമ്പോള്‍ നാല് നിരപരാധികളുടെ ജീവന്‍ പൊലിഞ്ഞത് ദുഃഖകരവുമാണ്, എന്നാല്‍ അതിനെ ‘ജനാധിപത്യ പ്രതിഷേധം’ എന്ന് വിശേഷിപ്പിക്കാനാവില്ല.

ലഡാക്കിനെ കേന്ദ്രഭരണ പ്രദേശമാക്കണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. 2019ല്‍ ജമ്മു കശ്മീരിലെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കി, വിഘടനവാദത്തിനും ഭീകരവാദത്തിനും വളംവച്ച പ്രത്യേക പദവി നീക്കിക്കളഞ്ഞുകൊണ്ട്, മോദി സര്‍ക്കാര്‍ ലഡാക്കിനെ പ്രത്യേക കേന്ദ്രഭരണ പ്രദേശമായി പ്രഖ്യാപിച്ചു.കോണ്‍ഗ്രസ് സര്‍ക്കാര്‍ പതിറ്റാണ്ടുകളോളം ചെവി കൊടുക്കാതെ അവഗണിച്ച ആവശ്യമാണ് ബിജെപി സര്‍ക്കാര്‍ യാഥാര്‍ത്ഥ്യമാക്കിയത്.ജനങ്ങള്‍ ഹൃദയപൂര്‍വ്വം സ്വീകരിച്ചു്. ആഘോഷപ്രകടനങ്ങളോടെയാണ് തീരുമാനം സ്വീകരിക്കപ്പെട്ടത്.ദേശീയ ധാരയില്‍ ലഡാക്ക് ഉറച്ചുപതിഞ്ഞു.

ലേ അപക്‌സ് ബോഡി, കാര്‍ഗില്‍ ഡെമോക്രാറ്റിക് അലയന്‍സ് തുടങ്ങിയ പ്രാദേശിക സംഘടനകളുമായി കേന്ദ്രസര്‍ക്കാര്‍ നടത്തിയ ചര്‍ച്ചകള്‍ ഫലപ്രദമായിരുന്നു.പട്ടികവര്‍ഗ്ഗ സംവരണം 84% ആക്കി ഉയര്‍ത്തി. കൗണ്‍സിലുകളില്‍ സ്ത്രീകള്‍ക്ക് 33% സംവരണം നല്‍കി. ഭോതി, പൂര്‍വി ഭാഷകളെ ഔദ്യോഗിക ഭാഷകളായി അംഗീകരിച്ചു.ആയിരക്കണക്കിന് സര്‍ക്കാര്‍ നിയമനങ്ങള്‍ക്ക് തുടക്കമിട്ടു.ഇത് ജനങ്ങളുടെ ആശങ്കകള്‍ മാനിച്ചുകൊണ്ടുള്ള ഭരണത്തിനുള്ള ഉറച്ച തെളിവുകളാണ്.

ഇത്തരം വിജയകരമായ ചര്‍ച്ചകള്‍ക്കിടയിലാണ് അപ്രതീക്ഷിതമായി അക്രമങ്ങള്‍ പൊട്ടിപ്പുറപ്പെട്ടത്.പോലീസുകാരെ ആക്രമിച്ചു, പാര്‍ട്ടി ഓഫീസുകള്‍ക്കും വാഹനങ്ങള്‍ക്കും തീകൊളുത്തി.സംഘര്‍ഷം സൃഷ്ടിച്ചത് മുന്‍കൂട്ടി ഒരുക്കിയ ‘കലാപകേന്ദ്രങ്ങള്‍’ വഴിയാണെന്ന് വ്യക്തമാണ്.ലെഫ്. ഗവര്‍ണര്‍ കവീന്ദര്‍ ഗുപ്ത വ്യക്തമാക്കിയതുപോലെ, ‘സംഘര്‍ഷത്തിനു പിന്നില്‍ ഗൂഢാലോചനയുണ്ട്’.

പരിസ്ഥിതി പ്രവര്‍ത്തകനെന്ന നിലയില്‍ പ്രശസ്തനായ വാങ്ചുക്ക് നിരാഹാര സമരത്തിന് നേതൃത്വം നല്‍കിയിരുന്നു. എന്നാല്‍:’ലഡാക്കില്‍ അറബ് വസന്തം, നേപ്പാള്‍ മോഡല്‍ വിപ്ലവം വേണം’ എന്ന പ്രസ്താവന സമരത്തെ രാഷ്ട്രീയ അട്ടിമറിയിലേക്ക് തിരിച്ചു.വിദേശ രാജ്യങ്ങളില്‍ നിന്നുള്ള കോടിക്കണക്കിന് രൂപ സംഭാവനകള്‍ അദ്ദേഹത്തിന്റെ എന്‍ജിഒകള്‍ക്ക് ലഭിച്ചു.കേന്ദ്രസര്‍ക്കാര്‍ നിയമവിരുദ്ധ സംഭാവനകളില്‍ അന്വേഷണം തുടങ്ങി.കലാപം ആരംഭിച്ചപ്പോള്‍ വാങ്ചുക്ക് സമരം ഉപേക്ഷിച്ച് ആംബുലന്‍സില്‍ മടങ്ങി.ഇത് അദ്ദേഹത്തിന്റെ ‘ജനാധിപത്യ സമരം’ സുതാര്യമായിരുന്നില്ലെന്ന് തെളിയിക്കുന്നു.

ലഡാക്കിലെ അക്രമത്തിന് നേതൃത്വം കൊടുത്തത് കോണ്‍ഗ്രസ് നേതാവ് ആയിരുന്നു. ഇയാളെ അറസ്റ്റ് ചെയ്തു.കേന്ദ്രസര്‍ക്കാരിനെതിരെ യുവാക്കളെ വഴിതെറ്റിക്കാന്‍ പ്രതിപക്ഷം ശ്രമിക്കുന്നു.’ജെന്‍ സി’ തലമുറ മോദി സര്‍ക്കാരിനൊപ്പം നില്‍ക്കുന്നതില്‍ പ്രതിപക്ഷത്തിന് അമര്‍ഷം.അതിനാലാണ് ‘കൃത്രിമ കലാപങ്ങള്‍’ സൃഷ്ടിച്ച് അത് സര്‍ക്കാരിനെതിരായ വികാരമായി ചിത്രീകരിക്കാന്‍ ശ്രമം.

ലഡാക്ക് ഒരു സാധാരണ പ്രദേശമല്ല, തന്ത്രപ്രധാന അതിര്‍ത്തി മേഖലയാണ്. ചൈന, പാകിസ്ഥാന്‍ എന്നീ രാജ്യങ്ങളുമായുള്ള സുരക്ഷാസംബന്ധിയായ പ്രശ്‌നങ്ങള്‍ ഇവിടെ ദിനംപ്രതി നിലനില്‍ക്കുന്നു.കലാപങ്ങളിലൂടെ ദേശീയ സുരക്ഷയെ തന്നെ ബാധിക്കാനാവും.വിദേശ ശക്തികളുടെ ഇടപെടലും സാമ്പത്തിക സഹായവും ഇതിന് പിന്നിലാണെന്ന ആശങ്ക സാധൂകരിക്കപ്പെടുന്നു.

ലഡാക്കിന് സംസ്ഥാന പദവി നല്‍കണമോ, പ്രത്യേക അധികാരങ്ങള്‍ വേണമോ എന്നത് സംവാദത്തിലൂടെയും ജനാധിപത്യ വഴികളിലൂടെയും മാത്രം പരിഹരിക്കേണ്ട വിഷയമാണ്.
കേന്ദ്രസര്‍ക്കാര്‍ ഇതിനായി തുറന്നും സത്യസന്ധവുമായ സമീപനം സ്വീകരിച്ചിട്ടുണ്ട്. എന്നാല്‍, ജനങ്ങളുടെ വിശ്വാസം ചോര്‍ത്തി വിദേശ ശക്തികളുടെയും പ്രതിപക്ഷ രാഷ്ട്രീയത്തിന്റെയും കൈപ്പാവകളായി പ്രവര്‍ത്തിക്കുന്നവരെ കര്‍ശനമായി നേരിടേണ്ടതാണ്.കോണ്‍ഗ്രസും ചില വിദേശധന സഹായിത എന്‍ജിഒകളും ചേര്‍ന്ന് ജനാധിപത്യത്തിന്റെ പേരില്‍ കലാപത്തിന് കുത്തിവെപ്പ് നല്‍കുമ്പോള്‍, രാജ്യത്തിന്റെ താല്‍പര്യത്തിനായി കേന്ദ്രം കടുത്ത നടപടികള്‍ എടുക്കേണ്ടി വരും.കോണ്‍ഗ്രസ് രാഷ്ട്രീയത്തെയും, വിദേശ പദ്ധതികളെയും തള്ളിയത് ജനങ്ങള്‍ തന്നെയാണ്. ലഡാക്കിലെ കലാപം, കോണ്‍ഗ്രസിന്റെ ജനവിരുദ്ധ മുഖം പുറത്തുകൊണ്ടുവന്ന മറ്റൊരു തെളിവ് മാത്രമാണ്.
ലഡാക്കില്‍ കലാപത്തിനും അട്ടിമറി ശ്രമങ്ങള്‍ക്കും ഇടമില്ല. ദേശീയ സുരക്ഷയും ജനങ്ങളുടെ ക്ഷേമവും ഉറപ്പുവരുത്തുന്ന കേന്ദ്രത്തിന്റെ നിലപാട് രാജ്യത്തിനാകെ പ്രചോദനമായിരിക്കണം.

Ladakh: Rebellion in the name of democracy?

Share Email
LATEST
Top