അമേരിക്ക സാമ്പത്തിക മാന്ദ്യത്തിന്റെ പടിവാതില്‍ക്കലെന്ന് മുന്നറിയിപ്പുമായി പ്രമുഖ സാമ്പത്തിക വിദഗ്ധൻ

അമേരിക്ക സാമ്പത്തിക മാന്ദ്യത്തിന്റെ പടിവാതില്‍ക്കലെന്ന് മുന്നറിയിപ്പുമായി പ്രമുഖ സാമ്പത്തിക വിദഗ്ധൻ

വാഷിങ്ടണ്‍: അമേരിക്ക സാമ്പത്തിക മാന്ദ്യത്തിന്റെ പടിവാതില്‍ക്കലെന്ന് മുന്നറിയിപ്പുമായി പ്രമുഖ സാമ്പത്തിക വിദഗ്ധനായ മാര്‍ക്ക് സാന്‍ഡി. റേറ്റിങ് ഏജന്‍സിയായ മൂഡീസിലെ ചീഫ് ഇക്കോണമിസ്റ്റാണ് സാന്‍ഡി. 2008 ലെ സാമ്പത്തിക മാന്ദ്യം മുന്‍കൂട്ടി പ്രവചിച്ച സാമ്പത്തിക വിദഗ്ധനാണ് മാര്‍ക്ക് സാന്‍ഡി. രാജ്യത്തെ ജിഡിപിയുടെ മൂന്നിലെന്ന് സംഭാവന ചെയ്യുന്ന സംസ്ഥാനങ്ങളുടെ സമ്പദ്‌വ്യവസ്ഥ താഴേക്കാണെന്നും മറ്റ് സംസ്ഥാനങ്ങളും അതേ പാതയിലേക്ക് പൊയ്‌ക്കൊണ്ടിരിക്കുകയാണെന്നുമാണ് സാന്‍ഡിയുടെ മുന്നറിയിപ്പ്.

ഈ സംസ്ഥാനങ്ങള്‍ മാന്ദ്യത്തിന്റെ പിടിയിലേക്ക് പൊയ്‌ക്കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം സാമൂഹിക മാധ്യമത്തിലെ കുറിപ്പില്‍ പറയുന്നു. ഈ പ്രതിസന്ധി എല്ലാ അമേരിക്കക്കാരെയും ബാധിക്കും. സാധനങ്ങള്‍ക്ക് വില ഉയരും. തൊഴില്‍ സ്ഥിരത നഷ്ടപ്പെടും- അദ്ദേഹം പറയുന്നു. രാജ്യത്തെ വിലക്കയറ്റം അവഗണിക്കാനാകാത്ത തരത്തിലേക്ക് ഉയര്‍ന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

നിലവില്‍ 2.7% ആയ വാര്‍ഷിക പണപ്പെരുപ്പ നിരക്ക് അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ ഏകദേശം 4% ആയി ഉയരുമെന്ന് സാന്‍ഡി പ്രവചിക്കുന്നു. ഇത് ഉപഭോക്താക്കളുടെ വാങ്ങല്‍ ശേഷി കുറയ്ക്കും. ഇതിനു പുറമെ തൊഴില്‍ മേഖലയില്‍ അവസരങ്ങള്‍ കുറയുന്നതും ആശങ്കപ്പെടുത്തുന്നുവെന്നാണ് ഇദ്ദേഹം പറയുന്നത്.

യുഎസ് ബ്യൂറോ ഓഫ് ലേബര്‍ സ്റ്റാറ്റിസ്റ്റിക്‌സ് (BLS) മെയ്, ജൂണ്‍ മാസങ്ങളിലെ തൊഴില്‍ എസ്റ്റിമേറ്റുകള്‍ 2,58,000 ആയി കുറച്ചിട്ടുണ്ട്. 2020ലെ മഹാമാരി കാരണം ഉണ്ടായ സാമ്പത്തിക മാന്ദ്യത്തിനു ശേഷം ഏറ്റവും കുറഞ്ഞ മൂന്ന് മാസത്തെ റിക്രൂട്ട്മെന്റ് നിരക്കാണ് ഇപ്പോള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. 2025ല്‍ ശരാശരി പ്രതിമാസ തൊഴില്‍ വളര്‍ച്ച 85,000 ആയി കുറഞ്ഞു, ഇത് മഹാമാരിക്ക് മുമ്പുള്ള ശരാശരിയായ 177,000-ല്‍ നിന്ന് വളരെ താഴെയാണ്.

മൊത്തത്തില്‍, ഉപഭോക്തൃ ചെലവിലെ മാന്ദ്യം, താരിഫുകള്‍, ഭവന വിപണിയിലെ പ്രശ്‌നങ്ങള്‍, വര്‍ദ്ധിച്ചുവരുന്ന പണപ്പെരുപ്പം എന്നിവയെല്ലാം സാധാരണ അമേരിക്കക്കാരെ വിലക്കയറ്റത്തിലൂടെയും തൊഴില്‍ രംഗത്തെ അസ്ഥിരതയിലൂടെയും പ്രതികൂലമായി ബാധിക്കുമെന്നാണ് പ്രവചനം.

2008-09 ലെ സാമ്പത്തിക പ്രതിസന്ധിക്ക് ശേഷം ഉപഭോക്തൃ ചെലവില്‍ ഏറ്റവും ദുര്‍ബലമായ വളര്‍ച്ചയാണ് ഇപ്പോള്‍ കാണുന്നത്. ആളുകള്‍ പണം ചെലവഴിക്കുന്നതില്‍ പിന്നോട്ട് പോകുമ്പോള്‍ കമ്പനികളുടെ വരുമാനം കുറയുകയും അത് സാമ്പത്തിക പ്രതിസന്ധിക്ക് കാരണമാവുകയും ചെയ്യും.

ഭവന വിപണിയിലെ തുടര്‍ച്ചയായ പ്രശ്‌നങ്ങളും ഒരു ആശങ്കയാണ്. ഇത് വീടുകള്‍ വാങ്ങുന്നവരെയും വില്‍ക്കുന്നവരെയും ഒരുപോലെ ബാധിക്കും. വാഷിംഗ്ടണ്‍ ഡി.സി. പോലുള്ള ചില പ്രദേശങ്ങളില്‍ സര്‍ക്കാര്‍ ജോലികള്‍ വെട്ടിക്കുറച്ചതാണ് സാമ്പത്തിക പ്രശ്‌നങ്ങള്‍ക്ക് ഒരു കാരണം. ഇത് സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്യുന്ന വ്യക്തികളെ നേരിട്ട് ബാധിക്കും.

പ്രതിസന്ധിയിലും കാലിഫോര്‍ണിയ, ന്യൂയോര്‍ക്ക് പോലുള്ള വലിയ സമ്പദ്വ്യവസ്ഥകളുള്ള സംസ്ഥാനങ്ങള്‍ ‘പിടിച്ചുനില്‍ക്കുന്നുണ്ടെങ്കിലും’ നിരവധി സംസ്ഥാനങ്ങള്‍ ദുര്‍ബലമായ അവസ്ഥയിലാണെന്നാണ് മുന്നറിയിപ്പ്. വയോമിങ്, മൊണ്ടാന, മിനസോട്ട, മിസ്സിസിപ്പി, കന്‍സാസ്, മസാച്യുസെറ്റ്‌സ് തുടങ്ങിയ സംസ്ഥാനങ്ങള്‍ മാന്ദ്യത്തിന്റെ വക്കിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

യുഎസ് സമ്പദ്വ്യവസ്ഥ ഉയര്‍ന്ന വിലക്കയറ്റം, തൊഴില്‍ രംഗത്തെ മന്ദത, ഉപഭോക്തൃ ചെലവിലെ കുറവ്, ഭവന വിപണിയിലെ പ്രശ്‌നങ്ങള്‍ എന്നിവയാല്‍ ബുദ്ധിമുട്ടുകയാണ്. ഈ ഘടകങ്ങള്‍ ഒരുമിച്ചുചേര്‍ന്ന് രാജ്യത്തെ മാന്ദ്യത്തിലേക്ക് തള്ളിവിട്ടേക്കാമെന്നാണ് പ്രവചനം.

Leading economist warns that the US is on the verge of a recession

Share Email
LATEST
More Articles
Top